Jump to content

ശീഘ്രസ്ഖലനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ, രതിമൂർച്ഛയിൽ എത്തുന്നതിനു വളരെമുമ്പ് തന്നെ നിയന്ത്രിക്കുവാനാവാതെ സ്ഖലനം സംഭവിക്കുന്ന അവസ്ഥയാണ് ശീഘ്രസ്ഖലനം ( Premature ejaculation). വളരെ ചെറിയ ലൈംഗികോദ്ദീപനം പോലും ഇതിന് വഴിതെളിച്ചേക്കാം. ഇതൊരു രോഗമാണെന്ന തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്. തുടർച്ചയായി ശീഘ്രസ്ഖലനം സംഭവിക്കുന്നവരിൽ ഇതൊരു ലൈംഗിക ശേഷിക്കുറവാണെന്ന തെറ്റിദ്ധാരണ ഉണ്ടാവുകയും, പങ്കാളിയെ തൃപ്തിപ്പെടുത്താൻ സാധിക്കാത്തതിൽ കുറ്റബോധം ഉടലെടുക്കുകയും ചെയ്യുന്ന പക്ഷം ഇത് രോഗാവസ്ഥയായി മാറിയേക്കാം.

പുരുഷനെ സംബന്ധിച്ച് രതിമൂർച്ഛയോടൊപ്പമാണ് സ്ഖലനം സംഭവിക്കുന്നു എന്നതുകൊണ്ട് ശീഘ്രസ്ഖലനം ഒരു പ്രശ്നമാകുന്നത് പലപ്പോഴും പങ്കാളിക്കാണ്. വ്യക്തികൾ തമ്മിൽ രതിമൂർച്ഛയ്ക്ക് ആവശ്യമായി വരുന്ന സമയത്തിൽ വ്യത്യാസമുണ്ടാവാം. വളരെ ചെറിയ ഉദ്ദീപനങ്ങൾകൊണ്ട് സ്ഖലനം സംഭവിക്കുന്നെങ്കിൽ മാത്രമേ രതിമൂർച്ഛ ഒരു പ്രശ്നമായി പരിഗണിക്കേണ്ടതുള്ളൂ. എല്ലാ വ്യക്തികളിലും ചില സന്ദർഭങ്ങളിൽ ശീഘ്രസ്ഖലനം സംഭവിച്ചേക്കാം. ഉദാഹരണമായി വിവാഹജീവിതത്തിലെ ആദ്യനാളുകളിൽ ശീഘ്രസ്ഖലനം ഉണ്ടാവുക തികച്ചും സ്വാഭാവികമാണ്. പലപ്പോഴും ലൈംഗികബന്ധം പെട്ടെന്ന് പൂർത്തിയാകാൻ പുരുഷൻ കാണിക്കുന്ന തിടുക്കം ഇതിന് കാരണമാകാറുണ്ട്. ചില പുരുഷന്മാരിൽ കാണുന്ന പരിചയക്കുറവ്, ഉത്കണ്ഠ (anxiety), ഭയം, മാനസിക സമ്മർദ്ദം, കുറ്റബോധം, പങ്കാളിയെ തൃപ്തിപ്പെടുത്താൻ ആകുമോയെന്ന ആശങ്ക തുടങ്ങിയ മാനസിക പ്രശ്നങ്ങൾ മൂലവും ഇത് സംഭവിക്കാം. പലപ്പോഴും ലൈംഗിക ജീവിതത്തിന്റെ തുടക്കത്തിൽ കരുത്തു കാണിക്കാൻ ശ്രമിക്കുന്നത് വിപരീത ഫലമാകും നൽകുക. ലൈംഗികതയെ പറ്റി ശാസ്ത്രീയമായ അറിവില്ലാത്തത് ഇത്തരം പ്രശ്നങ്ങളുടെ തീവ്രത കൂട്ടാറുണ്ട്.

സ്വയംഭോഗം (mastarbation) ചെയ്യാത്ത അവിവാഹിതർക്ക് ചിലപ്പോൾ ചെറിയ ഉത്തേജനം പോലും ശുക്ല വിസർജ്ജനത്തിനു കാരണമായേക്കാം. ഇതൊന്നും ശീഘ്രസ്ഖലനമായി കണക്കാക്കിക്കൂടാ. ഒരാള്ക്ക് ലൈംഗികബന്ധത്തിലേർപ്പെട്ട് ഇത്ര സമയത്തിനകം ശുക്ല വിസർജനം ഉണ്ടായാൽ അത് ശീഘ്രസ്ഖലനമാണ് എന്ന് ഒരു കണക്ക് ഉണ്ടാക്കുക വയ്യ. ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ രണ്ടു പേർക്കും ഒരേ സമയത്തോ, സ്ത്രീക്ക് ആദ്യമോ രതിമൂർച്ഛ ഉണ്ടാകുന്നതാണ് അഭികാമ്യം. പങ്കാളിക്ക് മുൻപ് രതിമൂർച്ഛ ഉണ്ടാകുന്നത് പുരുഷന് ഒരു വലിയ അളവുവരെ നിയന്ത്രിക്കാവുന്നതാണ്. സ്‌ഖലനം സംഭവിക്കും എന്ന് തോന്നിയാൽ ശ്രദ്ധ മറ്റെന്തെങ്കിലും കാര്യത്തിലേക്ക് കേന്ദ്രീകരിക്കുകയും ലിംഗത്തിന്റെ ചലനം നിർത്തുകയും ചെയ്യുന്നത് ഗുണകരമാണ്. അല്പ സമയം കഴിഞ്ഞു പതിയെ തുടരാം. ഈ രീതിയിൽ ശീക്രസ്ഖലനം നിയന്ത്രിക്കാൻ പുരുഷന് സാധിക്കും. ചിലരിൽ ഹോർമോൺ പ്രശ്നങ്ങൾ, മദ്യപാനം, പുകവലി തുടങ്ങിയ ലഹരി ഉപയോഗം, അരക്കെട്ടിലെ പേശികളുടെ ബലക്കുറവ്, നാഡീ വ്യവസ്ഥക്ക് (Nervous system) ഉണ്ടാകുന്ന തകരാറുകൾ എന്നിവയും ഈയൊരവസ്ഥയിലേക്ക് നയിച്ചേക്കാം.

പൊതുവേ സ്ത്രീകളിലെ ലൈംഗിക വികാരം പതിയെ ഉണ്ടായി പതുക്കെ ഇല്ലാതാവുന്ന ഒന്നാണ്. ആസ്വാദ്യകരമായ (ബാഹ്യകേളി) അഥവാ ഫോർപ്ലേയിലൂടെ (foreplay) പങ്കാളിയെ ഉത്തേജനത്തിൻറെ പാരമ്യതയിൽ എത്തിച്ചശേഷം മാത്രം ലൈംഗികമായി ബന്ധപ്പെടുക, പുരുഷൻ അമിതമായി ഉത്തേജിതനാകാൻ അനുവദിക്കാതിരിക്കുക, സംഭോഗ സമയത്ത് ചലനങ്ങളുടെ വേഗത കുറയ്ക്കുക, ശുക്ലസ്ഖലനത്തിന് തൊട്ടുമുന്പായി ചിന്ത മറ്റു കാര്യങ്ങളിലേക്കു മാറ്റി വിടുക, സ്ഖലനത്തിനു മുന്പായി ലിംഗത്തിന്റെ ചുവടുഭാഗത്തു അമർത്തിപ്പിടിക്കുക, അരക്കെട്ട് ഭാഗത്തുള്ള ‘പെൽവിക് ഫ്ലോർ പേശികളെ’ ബലപ്പെടുത്തുന്ന കെഗൽ വ്യായാമം (Kegel exercise), വജ്രാസനം തുടങ്ങിയവ പരിശീലിക്കുക, ലഹരി ഉപേക്ഷിക്കുക തുടങ്ങിയവ ആർക്കും ചെയ്യാവുന്ന ലളിതമായ പരിഹാരമാർഗ്ഗങ്ങളാണ്. ലൈംഗിക ജീവിതത്തിൽ ഫോർപ്ലേയുടെ പ്രാധാന്യം അറിയുന്നവർക്ക് പ്രശ്നങ്ങളും കുറവായിരിക്കും. ഗർഭനിരോധന ഉറ അഥവാ കോണ്ടം ഉപയോഗിക്കുന്നത് ശീക്രസ്ഖലനം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് അഭിപ്രായമുണ്ട്. ചിലതരം ഉറകളിൽ (Long lasting) അടങ്ങിയിട്ടുള്ള പ്രത്യേകതരം ലൂബ്രിക്കന്റ് ഇക്കാര്യത്തിൽ വളരെയധികം ഗുണകരമാണ്. തീർത്തും നിയന്ത്രിക്കാൻ സാധിക്കാത്തവർ സെക്സോളജിസ്റ്റ് അല്ലെങ്കിൽ യൂറോളജിസ്റ്റ് തുടങ്ങിയ ഒരു വിദഗ്ദ്ധ ഡോക്ടറുടെ സേവനം തേടുന്നത് അഭികാമ്യം ആയിരിക്കും.

കാരണങ്ങൾ

[തിരുത്തുക]
  • പരിചയക്കുറവ്, ഉത്കണ്ഠ
  • പുരുഷൻ കാണിക്കുന്ന തിടുക്കം
  • കിടപ്പറയിൽ കരുത്തു തെളിയിക്കാനുള്ള ശ്രമം
  • സ്ഖലനങ്ങൾ തമ്മിലുള്ള വെത്യാസം
  • ആശങ്ക, കുറ്റബോധം, ഭയം തുടങ്ങിയ മാനസികാവസ്ഥകൾ
  • മദ്യപാനം, പുകയില ഉപയോഗം
  • ഹോർമോൺ തകരാറുകൾ, അരക്കെട്ടിലെ പേശികളുടെ ബലക്കുറവ്, നാഡീഞരമ്പുകളുടെ തകരാറുകൾ
  • ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം, അറിവില്ലായ്മ