Jump to content

വാക്സിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോനാസ് സാക്ക് 1955-ൽ പോളിയോ വാക്സിൻ ഉണ്ടാക്കാൻ ഉപയോഗിച്ച കൾച്ചർ നിറഞ്ഞ രണ്ടു കുപ്പികളുമായി നിൽക്കുന്നു.

ഒരു നിശ്ചിത രോഗത്തിനെതിരേ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ജീവക്കൂട്ടിനെയാണ് വാക്സിൻ എന്നു പറയുന്നത്. രോഗാണുക്കളെ നശിപ്പിക്കാൻ രോഗാണുക്കളെ തന്നെ ഉപയോഗിക്കുക എന്നതാണ് വാക്സിനേഷന്റെ തത്ത്വം. രോഗാണുക്കൾക്കെതിരെ പ്രവർത്തിക്കാൻ ശേഷിയുള്ള ശ്വേത രക്താണുക്കളെ നേരത്തെ സജ്ജമാക്കുകയാണ് വാക്സിനേഷനിൽ ചെയ്യുന്നത്. ആന്റിജനുകളുടെ സാന്നിധ്യം മനസ്സിലാക്കി അവയ്ക്കെതിരെ ഉത്തേജിതമാകുവാൻ ലിംഫോസൈറ്റുകൾക്ക് കഴിവുണ്ട്. ജീവനുള്ളവയും ഇല്ലാത്തവയുമായ രോഗാണുക്കളെ വാക്സിനുകളായി ഉപയോഗപ്പെടുത്തുന്നുണ്ട്. പേപ്പട്ടി വിഷബാധയ്കെതിരെയുള്ള റാബിസ് വാക്സിനുകൾ, പോളിയോ രോഗത്തിനതിരെയുള്ള സാൽക്ക് വാക്സിനുകൾ എന്നിവയിൽ മൃതങ്ങളായ അണുക്കളെയാണ് ഉപയോഗിക്കുന്നത്. ക്ഷയരോഗത്തിനെതിരെയുള്ള ബി.സി.ജി കുത്തിവയ്പിന് ജീവനുള്ളതും നിർവീര്യമാക്കപ്പെട്ടതുമായ രോഗാണക്കളെ ഉപയോഗിക്കുന്നു. വസൂരി രോഗബാധയ്കെതിരെ സജീവമായ ഗോവസൂരി രോഗാണുക്കളെയാണ് ഉപയോഗിച്ചിരുന്നത്. ചില വാക്സിനുകളിൽ രോഗാണുക്കൾ ഉൽപാദിപ്പിക്കുന്ന ടോക്സിനുകൾ നിർവീര്യമാക്കിയാണ് ഉപയോഗിക്കുന്നത്.

തരങ്ങൾ

[തിരുത്തുക]

വാക്സിനുകളിൽ സാധാരണയായി രോഗകാരക ശേഷി ഇല്ലാതാക്കിയതോ നിർജ്ജീവമായതോ ആയ അണുകളൊ അവയിൽ നിന്ന് ഉരുത്തിരിഞ്ഞ ശുദ്ധീകരിച്ച ഉൽപ്പന്നങ്ങളോ അടങ്ങിയിട്ടുണ്ട്.

വ്യത്യസ്ത തന്ത്രങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന നിരവധി തരം വാക്സിനുകൾ ഉപയോഗത്തിലുണ്ട്.[1]

അറ്റെന്വേറ്റഡ് വാക്സിൻ

[തിരുത്തുക]

മാരകസ്വഭാവമുള്ള ഒരു രോഗകാരി സൂക്ഷ്മാണുവിനെ നിരുപദ്രവകരമാക്കി മാറ്റി നിർമ്മിക്കുന്ന വാക്സിനാണ് അറ്റെന്വേറ്റഡ് വാക്സിൻ അല്ലെങ്കിൽ ലൈവ് അറ്റെന്വേറ്റഡ് വാക്സിൻ എന്ന് അറിയപ്പെടുന്നത്.[2][3] ഇവയിൽ പലതും സജീവമായ വൈറസുകളാണ്, പക്ഷെ അവയുടെ രോഗമുണ്ടാക്കുന്ന വൈറസ് ഗുണങ്ങൾ ഇല്ലാതാക്കുന്ന സാഹചര്യങ്ങളിൽ വളർത്തിയെടുക്കുന്നു. ഇത്തരം മിക്ക വാക്സിനുകളും വൈറൽ ആണ്, ചിലത് ബാക്ടീരിയലും. അഞ്ചാംപനി വാക്സിൻ, മുണ്ടിവീക്കം വാക്സിൻ, റുബെല്ല വാക്സിൻ, മഞ്ഞപ്പനി പ്രതിരോധമരുന്ന്, ചില ഇൻഫ്ലുവെൻസ വാക്സിൻ എന്നിവയാണ് ലൈവ് അറ്റൻ‌വേറ്റഡ് വാക്സിനുകളുടെ സാധാരണ ഉദാഹരണങ്ങൾ. അറ്റന്വേറ്റഡ് വാക്സിനുകൾക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ദീർഘകാലം നിലനിൽക്കുന്ന ശക്തവും ഫലപ്രദവുമായ രോഗപ്രതിരോധ പ്രതികരണത്തെ ഉത്തേജിപ്പിക്കുന്നു എന്നതാണ് പ്രധാന ഗുണം.[4] അപൂർവ സന്ദർഭങ്ങളിൽ വൈറസ് അതിന്റെ വൈൽഡ് രൂപത്തിലേക്ക് തിരിയുകയോ അല്ലെങ്കിൽ ഒരു പുതിയ സ്ട്രെയിൻ ആയി പരിവർത്തനം ചെയ്യുകയോ ചെയ്യുക വഴി രോഗകാരിയായി മാറാം.[5]

നിർജ്ജീവ വാക്സിൻ

[തിരുത്തുക]

നിയന്ത്രിത സാഹചര്യങ്ങളിൽ കൾച്ചർ മീഡിയയിൽ വളർത്തി, രോഗം ഉണ്ടാക്കാനുള്ള ശേഷി ഇല്ലാതാക്കി നിർജ്ജീവമാക്കിയ വൈറസ് കണികകൾ, ബാക്ടീരിയകൾ അല്ലെങ്കിൽ മറ്റ് രോഗകാരികൾ എന്നിവ അടങ്ങിയ വാക്സിനാണ് നിർജ്ജീവ വാക്സിൻ എന്ന് അറിയപ്പെടുന്നത്.[6] ചൂട് അല്ലെങ്കിൽ ഫോർമാൽഡിഹൈഡ് പോലുള്ള രാസ, ഭൗതിക രീതികൾക്ക് പുറമേ, പോറിംഗ് എന്ന പുതിയ രീതിയും വൈറസ് നിർജ്ജീവമാക്കുന്നതിന് ഉപയോഗിക്കാം. വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവകളുടെ പുറന്തോടു പൊട്ടാത്ത വിധം അകത്തുള്ളതൊക്കെ വലിച്ചെടുത്തു വൃത്തിയാക്കുന്ന പ്രക്രിയയാണ് പോറിംഗ്.

ഐപിവി (പോളിയോ വാക്സിൻ), ഹെപ്പറ്റൈറ്റിസ് എ വാക്സിൻ, റാബിസ് വാക്സിൻ, മിക്ക ഇൻഫ്ലുവൻസ വാക്സിനുകളും എന്നിവ ഉദാഹരണങ്ങളാണ്.[7]

റിവേഴ്സ് ജനറ്റിക്സ് രീതിയിൽ ഏവിയൻ ഫ്ലൂ വാക്സിൻ ഡെവലപ്പ്മെൻ്റ്

ടോക്സോയിഡ്

[തിരുത്തുക]

സൂക്ഷ്മജീവികളേക്കാൾ രോഗത്തിന് കാരണമാകുന്ന നിഷ്ക്രിയ വിഷ സംയുക്തങ്ങളിൽ നിന്നാണ് ടോക്സോയ്ഡ് വാക്സിനുകൾ നിർമ്മിക്കുന്നത്.[8] ടോക്സോയ്ഡ് അടിസ്ഥാനമാക്കിയുള്ള വാക്സിനുകളുടെ ഉദാഹരണങ്ങളിൽ ടെറ്റനസ്, ഡിഫ്തീരിയ എന്നിവയുടെ വാക്സിനുകൾ ഉൾപ്പെടുന്നു. എല്ലാ ടോക്സോയിഡുകളും മനുഷ്യർക്കുള്ളതല്ല; ഉദാഹരണത്തിന്, റോട്ടിൽസ്നെക്ക് കടിയ്ക്കെതിരെ നായ്ക്കൾക്ക് സംരക്ഷണം നൽകാൻ ക്രോറ്റാലസ് അട്രോക്സ് ടോക്സോയ്ഡ് ഉപയോഗിക്കുന്നു.[9]

സബ്യൂണിറ്റ് വാക്സിൻ

[തിരുത്തുക]

സബ്യൂണിറ്റ് വാക്സിൻ, ഒരു രോഗപ്രതിരോധ സംവിധാനത്തിലേക്ക് സജീവമോ നിർജ്ജീവമോ ആയ സൂക്ഷ്മജീവിയെ അവതരിപ്പിക്കുന്നതിനുപകരം അതിന്റെ ഒരു ഭാഗം ഉപയോഗിച്ച് രോഗപ്രതിരോധ പ്രതികരണം സൃഷ്ടിക്കുന്നു. ഹെപ്പറ്റൈറ്റിസ് ബിക്കെതിരായ സബ്യൂണിറ്റ് വാക്സിൻ ഒരു ഉദാഹരണമാണ്, ഇതിൽ വൈറസിന്റെ ഉപരിതല പ്രോട്ടീനുകൾ മാത്രം ഉൾക്കൊള്ളുന്നു.[10]

കൺജുഗേറ്റ് വാക്സിൻ

[തിരുത്തുക]

ചില ബാക്ടീരിയകൾക്ക് രോഗപ്രതിരോധ ശേഷി കുറവുള്ള പോളിസാക്രൈഡ് പുറം കോട്ട് ഉണ്ട്. ഈ പുറം കോട്ടുകളെ പ്രോട്ടീനുകളുമായി (ഉദാ. ടോക്സിൻ) ബന്ധിപ്പിക്കുന്നതിലൂടെ, രോഗപ്രതിരോധ സംവിധാനം പോളിസാക്രറൈഡിനെ ഒരു പ്രോട്ടീൻ ആന്റിജനെപ്പോലെ തിരിച്ചറിയും. ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി വാക്സിനിലാണ് ഈ സമീപനം ഉപയോഗിക്കുന്നത്.[11]

അവലംബം

[തിരുത്തുക]
  1. "Vaccine Types". National Institute of Allergy and Infectious Diseases. 2012-04-03. Archived from the original on 2015-09-05. Retrieved 2015-01-27.
  2. Badgett, Marty R.; Auer, Alexandra; Carmichael, Leland E.; Parrish, Colin R.; Bull, James J. (October 2002). "Evolutionary Dynamics of Viral Attenuation". Journal of Virology. 76 (20): 10524–10529. doi:10.1128/JVI.76.20.10524-10529.2002. ISSN 0022-538X. PMC 136581. PMID 12239331.
  3. Pulendran, Bali; Ahmed, Rafi (June 2011). "Immunological mechanisms of vaccination". Nature Immunology. 12 (6): 509–517. doi:10.1038/ni.2039. ISSN 1529-2908. PMC 3253344. PMID 21739679.
  4. "Vaccine Types | Vaccines". www.vaccines.gov. Retrieved 2020-11-16.
  5. "Circulation of type 1 vaccine-derived poliovirus in the Philippines in 2001". J. Virol. 78 (24): 13512–21. December 2004. doi:10.1128/JVI.78.24.13512-13521.2004. PMC 533948. PMID 15564462.
  6. Petrovsky, Nikolai; Aguilar, Julio César (2004-09-28). "Vaccine adjuvants: Current state and future trends". Immunology and Cell Biology (in ഇംഗ്ലീഷ്). 82 (5): 488–496. doi:10.1111/j.0818-9641.2004.01272.x. ISSN 0818-9641. PMID 15479434.
  7. "Different Types of Vaccines | History of Vaccines". www.historyofvaccines.org. Retrieved 2019-06-14.
  8. "Different Types of Vaccines | History of Vaccines". www.historyofvaccines.org. Retrieved 2019-05-03.
  9. "Types of Vaccines". coastalcarolinaresearch.com. Archived from the original on 2019-05-03. Retrieved 2019-05-03.
  10. Philadelphia, The Children's Hospital of (2014-08-18). "A Look at Each Vaccine: Hepatitis B Vaccine". www.chop.edu. Retrieved 2019-06-14.
  11. "Polysaccharide Protein Conjugate Vaccines". www.globalhealthprimer.emory.edu. Retrieved 2019-06-14.