Jump to content

പോണോഗ്രഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

-ലൈംഗിക ആസ്വാദനത്തിന് സഹായിക്കുന്ന അല്ലെങ്കിൽ ലൈംഗിക ഉത്തേജനത്തിന് ഗുണകരമായ സാഹിത്യമാണ് പ്രായപൂർത്തി ആയവർക്ക് വേണ്ടിയുള്ള സാഹിത്യം അഥവാ പോണോഗ്രഫി (Pornography). മുതിർന്നവർക്ക് വേണ്ടിയുള്ള സാഹിത്യം എന്നും ഇവ അറിയപ്പെടുന്നു. പ്രധാനമായും ലൈംഗിക ആസ്വാദനത്തിന്റെ ഭാഗമായ ഭാവനകൾ ഉണ്ടാകുന്നതിന് ഇത്തരം സാഹിത്യങ്ങൾ ഉപയുക്തമാണെന്ന് വിദഗ്ദർ പറയുന്നു. സോഫ്റ്റ്‌ പോണോഗ്രഫി അഥവാ മൃദുവായ ലൈംഗിക സാഹിത്യം വിരക്തി, ആവർത്തനവിരസത എന്നിവ അനുഭവപ്പെടുന്ന പങ്കാളികൾക്ക് വേണ്ടി സെക്സോളജിസ്റ്റുകളും മാനസികാരോഗ്യ വിദഗ്ദരും നിർദേശിച്ചു കാണാറുണ്ട്. ലൈംഗികബന്ധം, ലൈംഗിക ആസ്വാദനം, ലൈംഗിക അവയവങ്ങൾ എന്നിവ മോശമോ, പാപമോ, വെറുക്കപെട്ടതോ ആയി കാണുന്ന ഒരു കാലഘട്ടത്തിൽ ഇവ അശ്ലീലം എന്ന വിഭാഗത്തിൽ ആണ് കണക്കാക്കിയിരുന്നത്. ഗ്രാമ്യം, അസഭ്യം, ജുഗുപ്സാവഹം എന്നീ പദങ്ങളുടെ ദുസ്സൂചനകൾ അശ്ലീലം എന്ന പദത്തിൽ അടങ്ങിയിരിക്കുന്നു. ഭാരതീയ കാവ്യസങ്കല്പപ്രകാരം വ്രീഡാദായി, ജുഗുപ്സാദായി, അമംഗളാതങ്കാദായി എന്നിങ്ങനെയുള്ള ഭേദം നിമിത്തം അശ്ലീലം മൂന്നുവിധമാണ് എന്ന് വാമനാലങ്കാരം എന്ന പുരാതന സാഹിത്യഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട്. ബലാത്സംഗം, ബാലപീഡനം, അക്രമം, വ്യക്തിഹത്യ, അന്ധവിശ്വാസം, സ്ത്രീവിരുദ്ധത എന്നിവ പ്രോത്സാഹിക്കുന്ന സാഹിത്യങ്ങൾക്ക് മിക്ക പരിഷ്കൃത രാജ്യങ്ങളിലും വിലക്കെർപ്പെടുത്തിയിട്ടുണ്ട്. അനുവാചകഹൃദയത്തെ അസാൻമാർഗിക പ്രേരണയ്ക്കു വിധേയമാക്കുന്നു എന്നതാണ് ഇത്തരം കൃതികൾക്കെതിരായി ഉന്നയിക്കപ്പെടാറുള്ള ആക്ഷേപം. എന്നാൽ പ്രായപൂർത്തി ആയ വ്യക്തികളുടെ ലൈംഗിക ആസ്വാദനത്തിന് വേണ്ടിയുള്ള ഉപാധികൾ മിക്ക പരിഷ്കൃത രാജ്യങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്.

നിയതമായ പരിധി കല്പിക്കുവാൻ കഴിയുന്ന സാഹിത്യത്തിന്റെ ഒരു ശാഖയോ വിഭാഗമോ ആയി സങ്കല്പിച്ചുകൊണ്ടാണ് പ്രായപൂർത്തി ആയവർക്ക് വേണ്ടിയുള്ള സാഹിത്യത്തിന്റെ പ്രചാരത്തെ തടയുന്നതിനുവേണ്ടിയുള്ള ആഹ്വാനങ്ങൾ സാധാരണയായി മുഴങ്ങികേൾക്കാറുള്ളത്. കപട സദാചാരം, മതം എന്നിവ ഇക്കാര്യത്തിൽ പങ്കു വഹിക്കാറുണ്ട്. പക്ഷേ, ഏതുതരം കൃതികളെയാണ് ഈ സാഹിത്യശാഖയിൽ ഉൾപ്പെടുത്തേണ്ടത് എന്നുള്ള പ്രാഥമികവും അടിസ്ഥാനപരവുമായ കാര്യത്തെക്കുറിച്ച് ആർക്കുംതന്നെ വ്യക്തമായ ധാരണകളോ, അഭിപ്രായങ്ങളോ രൂപീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ഒരു വസ്തുതയാണ്. അതിനുകാരണം, ഇത്തരം സാഹിത്യത്തെപ്പറ്റി സാർവജനീനമായ ഒരു സങ്കല്പം ഉണ്ടാക്കാൻ സാധ്യമല്ലാത്തതുതന്നെ. കാലദേശഭേദങ്ങൾക്കതീതമായ ഒരളവുകോൽ കണ്ടെത്തുവാൻ കഴിഞ്ഞെങ്കിൽ മാത്രമേ ഇതിന്റെ നിയന്ത്രണത്തിന് സാർവത്രിക സമ്മതി നേടുവാൻ കഴിവുള്ള ഒരു നിർവചനം സാധ്യമാവുകയുള്ളു. പക്ഷേ, ഇക്കാര്യത്തിൽ അപ്രകാരമുള്ള ഒരു മാനദണ്ഡം കണ്ടെത്തുക ദുഷ്കരമാണ്. ഇതുമായി ബന്ധപ്പെട്ടു ദേശകാലഭേദമനുസരിച്ച് മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന മറ്റൊരു സങ്കല്പം ഉണ്ടെങ്കിൽ അതൊരുപക്ഷേ ലൈംഗികസദാചാരത്തെക്കുറിച്ചുള്ളതായിരിക്കും.

സങ്കല്പ വൈരുദ്ധ്യങ്ങൾ

[തിരുത്തുക]

ഒരേ സംസ്കാരത്തിന്റെയോ സമുദായത്തിന്റെയോ പരിധിക്കുള്ളിൽപ്പെടുന്നവർപോലും സദാചാരത്തെപ്പറ്റി വിഭിന്നവും വ്യത്യസ്തവുമായ ആശയങ്ങളാണ് വച്ചുപുലർത്തുന്നത്. സദാചാരം എന്നാൽ നല്ല ആചാരം എന്നാണ് അർത്ഥം. പുരാണേതിഹാസങ്ങളിലെയും ലബ്ധപ്രതിഷ്ഠങ്ങളായ സാഹിത്യകൃതികളിലെയും ശരീര വർണ്ണനകളുടെ നേരെ നിസ്സംഗമനോഭാവം പുലർത്തുന്നവർതന്നെ ആനുകാലികകൃതികളിൽ ലൈംഗികത കാണുമ്പോൾ അസ്വസ്ഥചിത്തരായിത്തീരുന്നു. സംസ്കൃതത്തിലെ സ്തനനിതംബവർണനകളിലും സംഭോഗശൃംഗാര പ്രതിപാദനങ്ങളിലും സാഹിത്യഭംഗി ദർശിക്കുവാൻ കഴിയുന്ന വിമർശകരിലും ആസ്വാദകരിലുംപെടുന്ന ഒരു വലിയ വിഭാഗത്തിനു പലപ്പോഴും ആധുനിക കൃതികളിലെ, ഒരുപക്ഷേ കുറേക്കൂടി ഗോപനം ചെയ്ത ഭാഗങ്ങൾ അരോചകമായി അനുഭവപ്പെടുന്നതായിട്ടാണ് അവരുടെ പൊതുപ്രസ്താവനകളിൽനിന്നു മനസ്സിലാകുന്നത്. സാധാരണക്കാരന് മനസ്സിലാകാത്ത സംസ്കൃത കൃതികളിലെ ലൈംഗികത മലയാളത്തിൽ അവതരിപ്പിക്കുമ്പോൾ അവയ്ക്ക് വ്യാപകമായ പ്രസിദ്ധീകരണവും പ്രചാരവും ലഭിക്കുമെന്ന് ഒരുപക്ഷേ വാദിച്ചേക്കാം. അക്കാരണത്താൽത്തന്നെയായിരിക്കണം, ഗ്രീക്-റോമൻ ക്ലാസ്സിക്കുകൾ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തുമ്പോൾ ലൈംഗിക ചുവയുണ്ടെന്നു സംശയിക്കുന്ന ഭാഗങ്ങൾ ലത്തീൻഭാഷയുടെ തിരസ്കരണിക്കുള്ളിൽ ഒതുക്കിനിറുത്തി അവതരിപ്പിക്കുന്നത്. എന്നാൽ ഭാഷയുടെ മാന്യതയോ, സാഹിത്യകൃതികളുടെ പഴക്കമോ, പ്രതിപാദ്യത്തിന്റെ ആവിഷ്കരണഭംഗിയോ അശ്ലീലതയുടെ സത്തയ്ക്കു മാറ്റം വരുത്തുവാൻ പര്യാപ്തമല്ല.

അശ്ലീലതാസങ്കല്പത്തിൽ കടന്നുകൂടിയിട്ടുള്ള ഈ വൈരുദ്ധ്യങ്ങളെ കണക്കിലെടുത്തുകൊണ്ട് അശ്ലീലതയെന്ന് ഒന്നുണ്ടെന്ന് കരുതുന്നവരുടെ മനോമണ്ഡലത്തിലോ വികാരസാമ്രാജ്യത്തിലോ മറ്റൊരിടത്തും അതു കണ്ടെത്താൻകഴിയുന്നതല്ലെന്ന ഒരു ചിന്താഗതി രൂപംപ്രാപിച്ചിട്ടുണ്ട്. 'ഒരു ഗ്രന്ഥത്തിന്റെയോ ചിത്രത്തിന്റെയോ സ്വഭാവമായി അശ്ലീലതയെ കണക്കാക്കുവാൻ സാധ്യമല്ലെന്ന് നിയോഡാർ വ്യുഡറും, ഭാഷയല്ല മനസാണ് ഈജിയൻ തൊഴുത്തായി കരുതേണ്ടതെന്ന് ഡി. എച്ച്. ലോറൻസും വാദിക്കുന്നു.

നിയമത്തിന്റെ ഇടപെടൽ

[തിരുത്തുക]

പ്രായപൂർത്തി ആയവർക്ക് വേണ്ടിയുള്ള ലൈംഗിക സാഹിത്യത്തിന്റെ നിയമത്തിന്റെ അധീനതയിലുള്ള നിയന്ത്രണ-നിരോധന നടപടികൾകൊണ്ട് തടയണമെങ്കിൽ അശ്ലീലമെന്ന പദത്തിനു വ്യക്തവും നിശ്ചിതവുമായ അർഥകല്പന നടത്തേണ്ടത് അത്യാവശ്യമാണ്. നീതിന്യായനടപടിക്രമത്തിന്റെ വിവിധതലങ്ങളിൽ തീരുമാനങ്ങൾ എടുക്കേണ്ടുന്ന വിധികർത്താക്കൾക്കു തങ്ങളുടെ കർത്തവ്യനിർവഹണം സാധ്യമാകണമെങ്കിൽ അശ്ലീലതയെന്ന സങ്കല്പത്തെ നിശ്ചിതവും പ്രയോഗക്ഷമവുമായ ഒരു നിർവചനത്തിന്റെ പരിധിക്കുള്ളിൽ ഒതുക്കി നിർത്തിയേ മതിയാവൂ. ഇത്രയും വൈരുദ്ധ്യം നിറഞ്ഞതും സങ്കീർണവുമായ ഒരു സങ്കല്പത്തെ മേല്പറഞ്ഞതരത്തിലുള്ള ഒരു നൈയാമിക നിർവചനത്തിന്റെ പരിധിക്കുള്ളിൽ കൊണ്ടുവരുന്ന കാര്യത്തിൽ ന്യായാധിപൻമാർക്കു പല ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടിട്ടുണ്ട്.

അശ്ലീലസാഹിത്യപ്രചാരത്തെ തടയുവാൻ ഉദ്ദേശിച്ചിട്ടുള്ള വിവിധരാജ്യങ്ങളിലെ നിയമവ്യവസ്ഥകൾ പരിശോധിക്കുമ്പോഴാണ് നിയമനിർമാതാക്കൾക്ക് ഈ മണ്ഡലത്തിൽ നേരിട്ടിട്ടുള്ള പരാജയത്തിന്റെ കഥ വെളിവാകുന്നത്. പല രാജ്യങ്ങളിലും നിലവിലുള്ള നിയമങ്ങൾ അശ്ലീലതയുടെ നിർവചനം ഉൾക്കൊള്ളുന്നതേയില്ല. നിർവചനത്തിനു മുതിരാതെ ലൈംഗികതയെ അശ്ലീലത എന്നുമാത്രം വിവരിച്ചുകൊണ്ടു തുടുങ്ങുന്ന നിയമങ്ങൾ തുടർന്നുള്ള ഭാഗങ്ങളിൽ അശ്ലീലതയെ മറ്റുചില പദപ്രയോഗങ്ങൾകൊണ്ട് വിശേഷിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളു. 'അസാന്മാർഗികം', 'അധാർമികം', 'അവിശുദ്ധം', 'അസഭ്യം', 'ആഭാസം', 'വൃത്തിഹീനം', 'അസഹ്യം', 'ലൈംഗിക വികാരോത്തേജകം' എന്നീ വിശേഷണപദങ്ങൾ നിയമനിർമാതാക്കൾ കൂടെക്കൂടെ ഉപയോഗിക്കുന്ന പര്യായങ്ങളാണ്.

ലൈംഗികവികാരത്തെ ഉത്തേജിപ്പിക്കുന്ന രചനകളുടെ പ്രസിദ്ധീകരണത്തെ 18-ാം ശതകം വരെ ബ്രിട്ടനിൽ കൈകാര്യം ചെയ്തുപോന്നത് ക്രൈസ്തവസഭകളായിരുന്നു. 1727-ലാണ് ഈ വിഷയം ഒരു കോടതിവിചാരണയ്ക്ക് ആദ്യം വിധേയമാകുന്നത്. പ്രായപൂർത്തി ആയവർക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണങ്ങളെ നിരോധിച്ചുകൊണ്ടുള്ള ആദ്യത്തെ നിയമം (Obscene Publications Act) 1857-ൽ ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കി. ഇപ്പോൾ അവിടെ നിലവിലുള്ളത് ഇതേ പേരിലുള്ള 1859-ലെ നിയമമാണ്. ഈ നിയമം സ്കോട്ട്‌ലാൻ‌ഡിനും വടക്കേ അയർലന്റിനും ബാധകമല്ല. അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിലും ഇതിനു തുല്യമായ നിയമനിർമ്മാണങ്ങൾ നടന്നിട്ടുണ്ട്. 'ചർച്ചാവിഷയമായ വസ്തു (സാഹിത്യസൃഷ്ടി) സമൂഹനിലവാരങ്ങൾവച്ചു നോക്കിയാൽ ഒരു ശരാശരി വ്യക്തിയുടെ അധമവികാരങ്ങളെ (prurient interests) ഉത്തേജിപ്പിക്കാൻ പര്യാപ്തമാണോ' എന്നതാണ് അശ്ലീലസാഹിത്യത്തിന്റെ അളവുകോലായി യു.എസ്. സുപ്രീംകോടതി സ്വീകരിച്ചിരിക്കുന്നത് (റോത്ത് കേസ്, 1957). 1968-ലെ ഹിക്ളിൻ കേസിൽ ഇംഗ്ളണ്ടിലെ ഒരു കോടതി പുസ്തകത്തെ സാകല്യേനയല്ല, അതിലെ ഒറ്റപ്പെട്ട പരാമർശങ്ങളെയാണ് ഇതിന്റെ പരിധിയിൽപ്പെടുത്തിയത്.

ഇംഗ്ലണ്ടിൽ കാംപ്ബെൽ പ്രഭു രൂപംകൊടുത്ത നിയമത്തിൽ 'അശ്ലീലത' നിർവചിക്കപ്പെട്ടിട്ടില്ലായിരുന്നു. കുമ്പസാരത്തിന്റെ പൊയ്മുഖം മാറ്റപ്പെടുന്നു എന്ന ഒരു ലഘു ഗ്രന്ഥത്തിലെ ചില ഭാഗങ്ങൾ പ്രസ്തുത നിയമത്തിന്റെ പരിധിയിൽപ്പെടുമോ എന്ന പ്രശ്നം 1868-ൽ കോടതി മുൻപാകെ ഉന്നയിക്കപ്പെട്ടു. ചീഫ് ജസ്റ്റീസ് കോക്ളോൺ ആ അവസരം വിനിയോഗിച്ച് അശ്ലീലതയ്ക്ക് ഒരു നിർവചനം നല്കാൻ ഒരുമ്പെടുകയുണ്ടായി. അശ്ലീലത ഉണ്ടെന്ന് ആരോപിതമായ പ്രസിദ്ധീകരണത്തിന് അതു വായിക്കാനും അസാൻമാർഗിക പ്രേരണയ്ക്ക് വശംവദരാകാനും ഇടയുള്ളവരായ ഒരു വിഭാഗത്തെ അധഃപതിപ്പിക്കുകയും ദുഷിപ്പിക്കുകയും ചെയ്യുവാനുമുള്ള പ്രവണത ഉണ്ടെന്നു വരികിൽ അത് അശ്ലീലമായി പരിഗണിക്കപ്പെടേണ്ടതാണെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. ഹിക്ളിൻ നിയമശാസനം എന്ന പേരിൽ അറിയപ്പെടുന്ന പ്രസ്തുത വിധി, 19-ാം ശതകത്തിന്റെ ഉത്തരാർധത്തിൽ ബ്രിട്ടീഷുകാർ രാഷ്ട്രീയ മേധാവിത്വവും സ്വാധീനശക്തിയും പുലർത്തിയിരുന്ന രാജ്യങ്ങളിലൊക്കെയും അംഗീകൃതമായി. ഏകദേശം ഒരു നൂറ്റാണ്ടുകാലം 'ഹിക്ളിൻ നിയമം' നിലനിന്നുപോന്നു.

20-ാം നൂറ്റാണ്ടിന്റെ പ്രാരംഭകാലം മുതല്ക്കുതന്നെ ഹിക്ളിൻ പ്രമാണത്തിനെതിരായി ന്യായവാദങ്ങൾ അമേരിക്കയിൽ ഉയർന്നു തുടങ്ങിയിരുന്നു. എങ്കിലും പ്രസിദ്ധമായ യൂലിസസ് കേസിന്റെ തീർപ്പോടുകൂടി(1934)യാണ് ഹിക്ളിൻ നിയമാനുശാസനം തിരസ്കരിക്കുവാൻ അമേരിക്കൻ കോടിതികൾക്കു സാധിച്ചത്. ഒരു ഗ്രന്ഥം അശ്ലീലമാണോ എന്നു നിശ്ചയിക്കേണ്ടത് അതിന്റെ പ്രകടവും പ്രസ്ഫുടവുമായ ഭാവം നോക്കിയിട്ടുവേണം; ആക്ഷേപകരമെന്നു തോന്നുന്ന ഭാഗങ്ങൾക്കു പ്രതിപാദ്യവുമായിട്ടുള്ള ബന്ധം, അത് ആധുനികമാണെങ്കിൽ അംഗീകൃതനിരൂപകൻമാരുടെ ഇടയിൽ ഗ്രന്ഥത്തിനു നേടാൻ കഴിഞ്ഞിട്ടുള്ള പ്രചാരം, ഗ്രന്ഥം പ്രാചീനമാണെങ്കിൽ കഴിഞ്ഞ കാലത്ത് അതിനു നേടാൻ കഴിഞ്ഞിട്ടുള്ള അനുകൂലാഭിപ്രായം എന്നിവയൊക്കെ മേല്പറഞ്ഞ മാനദണ്ഡം പ്രയോഗിക്കുന്നതിനു സഹായകങ്ങളായ തെളിവുകളാണ്. തിരുത്തിയെഴുതപ്പെട്ട ഒരു മാനദണ്ഡം അനുസരിച്ച് ജെയിംസ് ജോയ്സിന്റെ യൂലിസസ് ഒരു അശ്ലീലഗ്രന്ഥമല്ലെന്നു കോടതി വിധി കല്പിച്ചു. അമേരിക്കൻ സുപ്രീംകോടതിയുടെ റോത്ത് കേസിലെ വിധി (1957) ഹിക്ളിൻ പ്രമാണത്തെ ഐക്യനാടുകളിൽനിന്നും പൂർണമായി നിഷ്കാസനം ചെയ്തു.

ഇന്ത്യയിൽ

[തിരുത്തുക]

ഇന്ത്യയിലും ഹിക്ളിൻ നിയമത്തിന്റെ മാതൃകയിലുള്ള അശ്ലീല പ്രസിദ്ധീകരണ നിരോധന നിയമങ്ങൾ സംസ്ഥാനങ്ങളിൽ നിലവിലുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 292, 293, 294 എന്നീ വകുപ്പുകൾ അശ്ലീലതയെക്കുറിച്ചുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്നു. ലോകമെങ്ങുമുള്ള വായനക്കാരിൽ നിന്നും സമ്മിശ്രമായ സ്വീകരണം ലഭിച്ച ഡി. എച്ച്. ലോറൻസിന്റെ ലേഡി ചാറ്റർലിയുടെ കാമുകൻ എന്ന നോവൽ അശ്ലീലതയുടെ അതിർവരമ്പുകൾ അതിലംഘിക്കുന്നുണ്ടോ എന്ന പ്രശ്നം നിർണയിക്കുവാൻ ഇന്ത്യൻ സുപ്രീംകോടതി മുൻപാകെ അവതരിപ്പിക്കപ്പെട്ടു. പ്രസ്തുത ഗ്രന്ഥത്തിൽ ലേഡി ചാറ്റർലി സ്വകാമുകനുമായി ലൈംഗികവേഴ്ച നടത്തുന്ന പന്ത്രണ്ടിലധികം സന്ദർഭങ്ങൾ ഉണ്ട് എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് ആ സന്ദർഭങ്ങളുടെ വർണനാ രീതിയും നായികാനായകൻമാർ ആ അവസരത്തിൽ ഉപയോഗിക്കുന്ന ഭാഷയും കുലീനമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. 'സഭ്യതയുടെയും സദാചാരത്തിന്റെയും അതിർവരമ്പുകൾ അതിലംഘിക്കുന്ന' പ്രസക്തഭാഗങ്ങളെ പ്രധാനമായും അടിസ്ഥാനമാക്കി ഗ്രന്ഥം അശ്ലീലമാണെന്നു കോടതി വിധി കല്പിക്കുകയും ചെയ്തു.

ഡി. എച്ച്. ലോറൻസ്

അശ്ലീലസാഹിത്യം ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും വായനക്കാരന്റെ മനസ്സിനെ ദുഷിപ്പിക്കുകയും അധഃപതിപ്പിക്കുകയും ചെയ്യുന്നതിനു പ്രേരകമായി ഭവിക്കുമെന്നുള്ളതാണ് അവയുടെ പ്രചാരത്തെ തടയുന്നതിനായി മുന്നോട്ടു വയ്ക്കുന്ന ന്യായവാദം. ജനതാമധ്യത്തിൽ പരക്കെ അംഗീകാരം സിദ്ധിച്ചിട്ടുള്ള ഈ വിശ്വാസത്തെ സനിഷ്കർഷം പരിശോധിക്കേണ്ടതുണ്ട്.

വാദഗതികൾ

[തിരുത്തുക]

അശ്ലീലസാഹിത്യം ഉളവാക്കുന്ന പ്രേരണയുടെ ഫലം എന്താണ്? വായനക്കാരന്റെ ചിന്താമണ്ഡലത്തെ മാത്രമാണോ അതു ഗ്രസിക്കുന്നത്? അതോ, അയാളുടെ പെരുമാറ്റത്തിലുംകൂടി അതിന്റെ അനാശാസ്യഫലങ്ങൾ പ്രകടമാകുമോ? പ്രവൃത്തികളിൽ ദൂഷ്യഫലങ്ങൾ പ്രകടിതമാകുന്നില്ലെങ്കിൽ അയാളുടെ മാനസികവ്യാപാരങ്ങളുടെ 'പരിശുദ്ധി' പരിരക്ഷിക്കുന്നതിനായി മാത്രം നിയമനടപടികൾ പ്രയോഗിക്കാമോ? തുടങ്ങിയ ചോദ്യങ്ങളാണ് അശ്ലീലസാഹിത്യവുമായി ബന്ധപ്പെട്ട് പ്രധാനമായും ഉയരുന്നത്.

അശ്ലീലസാഹിത്യം വായനക്കാരന്റെ പ്രവൃത്തികളിൽ നിർണായകമായ സ്വാധീനം ചെലുത്തുമെന്നു പരക്കെ ഒരുധാരണയുണ്ട്. എന്നാൽ ഈ ധാരണയ്ക്ക് ഉപോദ്ബലകങ്ങളായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. ഡാനിഷ് ഗവൺമെന്റ് നിയോഗിച്ചിരുന്ന ഒരു കമ്മിഷന്റെ റിപ്പോർട്ടനുസരിച്ച് അശ്ലീലപ്രസിദ്ധീകരണങ്ങൾക്കെതിരായ നിയമങ്ങൾ പിൻവലിച്ചിരുന്ന ഒരു വർഷത്തിൽ ലൈംഗിക കുറ്റങ്ങൾ 25 ശതമാനം കുറയുകയുണ്ടായി എന്നാണ് കാണുന്നത്. അശ്ലീലസാഹിത്യം കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനോ അസാൻമാർഗിക കാര്യങ്ങളിൽ ഏർപ്പെടുന്നതിനോ പ്രേരണ നല്കുമെന്നു തെളിയിക്കപ്പെട്ടില്ലാത്തതിനാൽ വായനക്കാരന്റെ മനോമണ്ഡലത്തിൽ ഉളവാകുമെന്നു കരുതപ്പെടുന്ന ദൂഷ്യഫലങ്ങളെ ഒഴിവാക്കുകയെന്നതു മാത്രമേ അശ്ലീലസാഹിത്യത്തിന് എതിരേ കൈക്കൊള്ളുന്ന നിരോധനനിയന്ത്രണ നടപടികൾക്കു സാധൂകരണമാകുകയുള്ളു.

'അവിശുദ്ധമായ ലൈംഗികവികാരം ജനിപ്പിക്കുകയും വിഷയാസക്തിക്ക് ഉത്തേജനം നല്കുകയും' ചെയ്യുമെന്നുള്ള കാരണത്താലാണ് അശ്ലീലസാഹിത്യത്തിനെതിരെ വിലക്കു നീട്ടിയിരിക്കുന്നത്. പക്ഷേ, ഏതുതരത്തിലുള്ള ആസക്തിയും അഭിനിവേശവുമാണ് ലൈംഗികമായി അവിശുദ്ധവും അക്കാരണത്താൽ വർജ്ജനീയവുമെന്ന് ആരും വ്യക്തമാക്കുന്നില്ല. നിയമാനുസാരമായ ലൈംഗികവേഴ്ചയ്ക്കു വേണ്ടിയുള്ള ആഗ്രഹമോ ആസക്തിയോ ജനിപ്പിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടോ? അതോ വിവാഹബാഹ്യമായ ലൈംഗികവേഴ്ചയ്ക്കോ ലൈംഗികവൈകൃതങ്ങൾക്കോ ഉള്ള ആസക്തി ജനിപ്പിക്കുന്നത് തടയുക മാത്രമാണോ ലക്ഷ്യം?

ലൈംഗികപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സംഘട്ടനാത്മകമായ സന്ദർഭങ്ങൾ വികാരതീവ്രതയ്ക്കു ഭംഗംവരാതെ അനുവാചകഹൃദയങ്ങളിലേക്ക് പകർത്തുവാൻ ഉദ്യമിക്കുന്ന വേളയിലാണ് പലപ്പോഴും സാഹിത്യകൃതികളിൽ അശ്ലീലാംശം കടന്നുകൂടുന്നത്. വിവാഹിതരായ ദമ്പതികളുടെ ലൈംഗികജീവിതത്തിൽ അസാധാരണമായൊന്നുമില്ലെങ്കിൽ മേല്പറഞ്ഞ രീതിയിലുള്ള വൈകാരികസംഘട്ടനങ്ങൾ ഉണ്ടാവുക സാധ്യമല്ല. അതിനാൽ സാഹിത്യകൃതികളിൽ അവ സാധാരണ പരാമർശവിധേയമാകുകയുമില്ല; നേരെമറിച്ച് വൈവാഹികബന്ധത്തിനു വെളിയിലുള്ള സ്ത്രീപുരുഷ സമ്പർക്കവും തദനുബന്ധിയായ ലൈംഗിക പ്രശ്നങ്ങളും അവ വൈകാരികതലത്തിൽ ഉളവാക്കുന്ന സംഘട്ടനങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും പകർത്തുമ്പോൾ പലപ്പോഴും ലൈംഗികാംശം ഒരു നോവലിലോ ചെറുകഥയിലോ കടന്നുകൂടിയെന്നുവരാം. പല സാഹിത്യകൃതികളുടെയും ആത്മസത്ത തന്നെയും അത്തരം സന്ദർഭങ്ങളുടെ ഹൃദയാവർജകങ്ങളായ ആവിഷ്കരണഭംഗിയിലായിരിക്കും സ്ഥിതി ചെയ്യുന്നത്. വിവാഹത്തിനു പുറത്തുള്ള ലൈംഗികബന്ധത്തെക്കുറിച്ചുള്ള പരാമർശങ്ങളോ വിവരങ്ങളോ അടങ്ങുന്ന കൃതികൾക്കെതിരെ പൂർണവും കർക്കശവുമായ നിരോധനം ഏർപ്പെടുത്തിയാൽ, വിശ്വസാഹിത്യത്തിലെ വിശ്രുതഗ്രന്ഥങ്ങളിൽ വളരെകുറച്ചു മാത്രമേ ഗ്രന്ഥശാലകളിൽ അവശേഷിക്കുകയുള്ളു.

പുനഃപരിശോധന

[തിരുത്തുക]

സദാചാരവിരുദ്ധപ്രവൃത്തികളുടെ സ്വാദ് അനുഭവിച്ചറിഞ്ഞവർക്ക് ലൈംഗികസാഹിത്യം ശാരീരികമോ മാനസികമോ ആയ സംതൃപ്തി നല്കുവാൻ തീരെയും പര്യാപ്തമാകുകയില്ല എന്നാണ് അന്യനാടുകളിൽ നടത്തിയ ചില പഠനങ്ങളിൽനിന്ന് വെളിവാകുന്നത്. ലൈംഗികസാഹിത്യം അംഗീകൃത നടപടിച്ചട്ടങ്ങളിൽ നിന്നു വ്യതിചലിക്കുവാൻ വിമനസ്കരായ-അതിനുള്ള കാരണം എന്തായാലും-ഒരു വിഭാഗത്തെയാണ് സാധാരണയായി ആകർഷിക്കാറുള്ളത്. അവരുടെ മോഹങ്ങളും മോഹഭംഗങ്ങളും ലൈംഗികസാഹിത്യകൃതികളുടെ താളുകളിൽ മാത്രം ഒതുങ്ങി നില്ക്കുന്നു. താരതമ്യേന നിരുപദ്രവമായ രീതിയിൽ ഇപ്രകാരം ലൈംഗികദാഹശമനം നേടുന്നത് വ്യക്തിയെ സംബന്ധിച്ചും സമുദായത്തെ സംബന്ധിച്ചും ആശ്വാസകരമാണെന്നു ചിലർ വാദിക്കാറുണ്ട്.

സാഹിത്യാസ്വാദകരും സ്വയംപ്രചോദിതരായ സദാചാര സംരക്ഷകരും തമ്മിൽ ഏറെക്കാലമായി നടന്നുവരുന്ന പോരാട്ടത്തിൽ നിയമം അനുവർത്തിക്കേണ്ട നിലപാടിനെക്കുറിച്ച് കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങളിൽ പുനഃപരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. ഹിക്ളിൻ സിദ്ധാന്തത്തിന്റെ പ്രഖ്യാപനം സാമൂഹ്യഭദ്രതാവാദികളായ സദാചാരസംരക്ഷകരുടെ വിജയവൈജയന്തിയായി കരുതിപ്പോന്നിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ദുരുപയോഗസാധ്യതകളുള്ള അവ്യക്തമായ ആ നിയമാനുശാസനം സദാചാരത്തെയും ലൈംഗികവികാരത്തെയുംപറ്റി അബദ്ധജടിലമായ ധാരണകൾ വച്ചുപുലർത്തിയിരുന്നു. നിയമഖഡ്ഗത്തിന്റെ ആഘാതമേറ്റ് സംസ്കാരത്തിന്റെയും സദാചാരത്തിന്റെയും ബലിപീഠത്തിൽ ശിരസ്സറ്റു വീണത് പലപ്പോഴും കലാമൂല്യം നിറഞ്ഞ അസുലഭസാഹിത്യസൃഷ്ടികളായിരുന്നു. ദീർഘവും ക്ളേശപൂർണവുമായ പരിശ്രമത്തിന്റെ പരിണതഫലമായി രൂപംകൊള്ളുന്ന സാഹിത്യകൃതികളെ, ആശയസൌകുമാര്യത്തെയോ ആവിഷ്കരണഭംഗിയെയോകുറിച്ച് ആധികാരികമായ അഭിപ്രായം പ്രകടിപ്പിക്കുവാൻ അർഹത നേടിയിട്ടില്ലാത്ത ചിലരുടെ വിധിക്കു വിധേയമാക്കുന്നത് ഔചിത്യരാഹിത്യമാണ്. സർഗാത്മകസാഹിത്യകൃതികൾ ഇപ്രകാരം വിപച്ഛങ്ക നേരിടുമ്പോൾത്തന്നെ ലൈംഗികാസക്തി വളർത്താൻ മാത്രമായി രചിക്കപ്പെടുന്ന തരംതാണ പ്രസിദ്ധീകരണങ്ങൾ നിയമപാലകരുടെ കണ്ണു വെട്ടിച്ച് എത്തേണ്ട സ്ഥാനങ്ങളിൽ എത്തുകയും ചെയ്യുന്നു. ലൈംഗികദാഹശമനം കൈവരുത്തുവാൻ അച്ചടിച്ച താളുകളെ അഭയം തേടുന്ന ഒരു ജനവിഭാഗം ഉള്ളിടത്തോളംകാലം സാഹിത്യശുഷ്കങ്ങളായ കൃതികൾക്ക് ആവശ്യക്കാരും ഉണ്ടാകും; പീടികയുടെ പിൻഭാഗത്തുനിന്നു മാത്രമേ അവ ലഭ്യമാകുകയുള്ളു എന്നുവരികയാൽ അവയ്ക്ക് ആസ്വാദ്യത ഏറിയിരിക്കുകയും ചെയ്യും.

പുതിയ മാനദണ്ഡങ്ങൾ

[തിരുത്തുക]

പുസ്തകങ്ങളുടെ വില കൂടിയിരിക്കുകയും സാക്ഷരത്വം ഒരു ന്യൂനപക്ഷത്തിന്റെ മാത്രം കുത്തകയായി കഴിയുകയും ചെയ്തിടത്തോളം കാലം അശ്ലീലസാഹിത്യത്തിന്റെ മേൽ കൈവയ്ക്കണമെന്ന് ഗവൺ‌മെന്റുകൾ കരുതിയില്ല. എന്നാൽ ഇത്തരം സാഹിത്യസൃഷ്ടികൾ പെരുകുകയും അവയെ തടയാൻ കോടതി നടപടികളുൾപ്പെടെയുള്ള നീക്കങ്ങൾ ഭരണാധികാരികൾ ആരംഭിക്കുകയും ചെയ്തതോടുകൂടി ഗ്രന്ഥകാരൻമാരും വായനക്കാരും പുതിയ നിയമനിർമ്മാണസംരംഭങ്ങളെ കടന്നാക്രമിക്കാൻ തുടങ്ങി. സാമൂഹിക യാഥാർഥ്യങ്ങളെ മറച്ചുവയ്ക്കാൻ ഗ്രന്ഥകാരന്മാരെ ഭരണകൂടം നിർബന്ധിക്കുന്നുവെന്നും വായനാശീലത്തിന്റെ വ്യാപനത്തെ തടയുന്നുവെന്നും പുസ്തകത്തിന്റെ മുഖ്യസന്ദേശത്തെ ലഘൂകരിച്ച് ഒറ്റപ്പെട്ട ഖണ്ഡികകളിൽ കോടതികൾ കുറ്റം കണ്ടുപിടിക്കുന്നുവെന്നും ഉള്ള വിമർശനങ്ങളാണ് നിയമങ്ങളെക്കുറിച്ച് പൊതുവേ ഉണ്ടായത്. പുസ്തകങ്ങളുടെ ഉള്ളടക്കങ്ങളെക്കുറിച്ച് പ്രായേണ അജ്ഞരായ പ്രസിദ്ധീകരണശാലക്കാരാണ് മിക്കപ്പോഴും കുറ്റാരോപണങ്ങൾക്കു വിധേയരാകുന്നത് എന്ന വസ്തുതയും നിശിതമായ ആക്ഷേപങ്ങൾക്കു വക നല്കി.

ഈ വിമർശനങ്ങൾക്കുള്ള പഴുതുകൾ ആധുനികകാലത്തെ നീതിന്യായാധിപന്മാർ തന്നെ നീക്കിവരികയാണ്. 1954-ൽ ഓൾഡ്ബെയ്ലിയിൽ വിചാരണയ്ക്കുവന്ന വാർബർഗ് കേസിൽ സാഹിത്യവും, 'വൃത്തികേടിനുവേണ്ടിയുള്ള വൃത്തികേടും' (filth for filth's sake) തമ്മിൽ വിവേചിച്ചറിയേണ്ടതിന്റെ ആവശ്യം ജഡ്ജി എടുത്തുപറയുകയുണ്ടായി. 'ജീവിതത്തിന്റെയും പ്രേമത്തിന്റെയും ലൈംഗികതയുടെയും' യാഥാർഥ്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്നതുകൊണ്ട് ഒരു പ്രസിദ്ധീകരണത്തെ തരംതാഴ്ത്തരുതെന്നും ലൈംഗികത ഒരു 'വൃത്തികേടോ' പാപമോ അല്ലെന്നും, 14 വയസ്സായ ഒരു ബാലികയ്ക്കു വായിക്കാൻ പറ്റിയതാണോ എന്നുള്ളതായിരിക്കരുത് ഒരു സാഹിത്യസൃഷ്ടിയുടെ സാഹിത്യപരവും സാൻമാർഗികവും നിയമപരവുമായ മാനദണ്ഡമെന്നും ഈ കേസിൽ ജസ്റ്റിസ് ഡബ്ള്യൂ.എൻ. സ്റ്റേബിൾ എടുത്തു പറഞ്ഞു.

ബ്രിട്ടീഷ് അശ്ലീലതാ നിരോധന നിയമം

[തിരുത്തുക]

1959-ലെ ബ്രിട്ടീഷ് അശ്ലീലതാ നിരോധന നിയമത്തിന്റെ വ്യവസ്ഥകളിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു;

  • ഒരു പ്രസിദ്ധീകരണം ശാസ്ത്രത്തിന്റെയോ സാഹിത്യത്തിന്റെയോ കലയുടെയോ വിജ്ഞാനത്തിന്റെയോ വികസനത്തിനു സഹായകമാണെങ്കിൽ അതിൽ തെറ്റില്ല;
  • സാഹിത്യ-കലാ-ശാസ്ത്രപണ്ഡിതൻമാരുടെ അഭിപ്രായം ഇക്കാര്യത്തിൽ സ്വീകരിക്കാവുന്നതാണ്;
  • കേസ്സിന് ആസ്പദമായ കൃതിയെ ഒന്നായി വിവക്ഷിക്കണം (ഒറ്റപ്പെട്ട ഉദ്ധരണികളല്ല);
  • ഗ്രന്ഥകാരൻമാർക്കും പ്രസാധകർക്കും പറയാനുള്ളത് കോടതി ശ്രദ്ധിക്കണം.

ഡി.എച്ച്. ലാറൻസിന്റെ ലേഡി ചാറ്റർലിയുടെ കാമുകൻ, ഹെൻട്രി മില്ലറുടെ ട്രോപിക് ഓഫ് കാൻസർ, ജോൺ ക്ളേലാൻഡിന്റെ ഫാനിഹിൽ എന്നിവ ഈ മാനദണ്ഡങ്ങളനുരിച്ച് കോടതിയുടെ അംഗീകാരം കിട്ടിയവയാണ്. എന്നാൽ റാൽഫ് ഗിൻസ് ബർഗിന്റെ ഈറോസ് എന്ന ഗ്രന്ഥത്തെ കോടതി നിരോധിച്ചു (1966). സാധാരണക്കാരുടെ അധമവികാരങ്ങളെ ഉദ്ദീപിപ്പിക്കാൻ ഈ കൃതിയെ പ്രസാധകൻമാർ 'കച്ചവടാവശ്യങ്ങൾക്ക് ചൂഷണം ചെയ്തു' എന്നതായിരുന്നു ഇതിന്റെമേൽ ചുമത്തപ്പെട്ട പ്രധാന കുറ്റങ്ങളിൽ ഒന്ന്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അശ്ലീല സാഹിത്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.