ദിദക്കി
Part of a series on the |
Jurisprudence of Catholic canon law |
---|
Part of a series on |
Jewish Christianity |
---|
Figures |
Ancient groups |
Pejoratives |
Recent groups |
Adversity |
Writings |
Issues |
പൊതുവർഷം ഒന്നാം നൂറ്റാണ്ടിനൊടുവിലോ രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ എഴുതപ്പെട്ടതായി കരുതപ്പെടുന്ന ഒരു ഹ്രസ്വ ക്രിസ്തീയനിബന്ധമാണ് ഡിഡാക്കെ (Didache). പന്ത്രണ്ട് അപ്പസ്തോലന്മാരുടെ പ്രബോധനങ്ങൾ എന്ന പേരും അതിനുണ്ട്. "പന്ത്രണ്ട് അപ്പസ്തോലന്മാർ വഴി പുറജാതികൾക്കായുള്ള (ദേശങ്ങൾക്കായുള്ള) കർത്താവിന്റെ പ്രബോധനങ്ങൾ" എന്ന വാക്യത്തിലാണ് ഈ രചനയുടെ തുടക്കം. 'ദിദക്കി' എന്ന ഗ്രീക്കു പദത്തിന് പ്രബോധനം എന്നാണർത്ഥം.[1][2]
ലഭ്യമായതിൽ ഏറ്റവും പഴയ ലിഖിത വേദോപദേശം എന്നു വിളിക്കാവുന്ന ഈ കൃതിയുടെ പാഠം മൂന്നു വിഭാഗങ്ങൾ ചേർന്നതാണ്. ക്രിസ്തീയസദാചാരം, മാമ്മോദീസയും വിശുദ്ധ കുർബാനയും ഉൾപ്പെടെയുള്ള അനുഷ്ഠാനങ്ങൾ, സഭാഘടന എന്നിവയാണ് ഈ ഭാഗങ്ങളുടെ വിഷയം. "സഭയുടെ കല്പനകൾ" എന്ന രചനാശാഖയുടെ ആദ്യമാതൃകയായി ഇതു പരിഗണിക്കപ്പെടുന്നു.
സഭാപിതാക്കന്മാരിൽ ചിലർ പുതിയനിയമത്തിന്റെ ഭാഗമായി കണക്കാക്കിയപ്പോൾ [3] മറ്റുള്ളവർ ബൈബിൾ സഞ്ചയത്തിൽ പെടാത്ത സന്ദിഗ്ദ്ധരചനയായി തള്ളിയ[4] ഈ കൃതി, ഒടുവിൽ സമ്മതി കിട്ടിയ ലിഖിതസഞ്ചയത്തിനു പുറത്തു നിന്നു. എങ്കിലും എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ 'ബൃഹദ്‌വേദസഞ്ചയം' (broader canon), ദിദക്കിയിലെ ഖണ്ഡങ്ങൾ അടങ്ങുന്ന 'ദിദാസ്കാലിയ' എന്ന രചന ഉൾക്കൊള്ളുന്നു.
പലവിധം പുരാതനരേഖകൾ 'ദിദക്കി'-യെക്കുറിച്ചു നൽകിയ സാക്ഷ്യം നിലനിന്നെങ്കിലും അതിന്റെ പാഠം നൂറ്റാണ്ടുകളായി നഷ്ടപ്പെട്ടിരുന്നു. തുർക്കിയിൽ നിക്കോമീദിയയിലെ മെത്രാപ്പോലീത്തയായിരുന്ന ഫിലോത്തിയോസ് ബ്രയെന്നിയോസ് 1873-ൽ, പതിനൊന്നാം നൂറ്റാണ്ടിലെ "ഹൈരോസോളിമിത്താനസ് പുസ്തകം" എന്ന ലിഖിതസഞ്ചയത്തിൽ അതു കണ്ടെത്തി. തുടർന്ന് അതിന്റെ പരിഭാഷകളും നിലവിൽ വന്നു. 'ദിദക്കി'-യുടെ ഇംഗ്ലീഷ് ഭാഷാന്തരം വെളിച്ചം കണ്ടത് 1883-ലാണ്. ഇപ്പോൾ ഈ പുരാതന രചന, രണ്ടാം തലമുറയിലെ ക്രിസ്തീയലേഖകരായ "അപ്പസ്തോലികപിതാക്കന്മാരുടെ" (Apostolic Fathers) ലിഖിതങ്ങൾക്കൊപ്പം ബഹുമാനിക്കപ്പെടുന്നു.
കാലം, പശ്ചാത്തലം
[തിരുത്തുക]മിക്കവാറും പണ്ഡിതന്മാർ ഇതിനെ പൊതുവർഷം ഒന്നാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ അവസാനം വരെയുള്ള കാലത്തെങ്ങോ എഴുതപ്പെട്ടതായി കരുതുന്നു.[5] "അജപാലകന്റെ വഴികാട്ടി" (Pastoral Manual) എന്നു പറയാവുന്ന ഈ കൃതിയുടെ കർതൃത്വം അജ്ഞാതമായിരിക്കുന്നു. എങ്കിലും യഹൂദക്രിസ്തീയതയിൽ പിറന്ന രചനയായി ഇതിനെ കണക്കാക്കാം. "ആദിമനൂറ്റാണ്ടിലെ എബ്രായക്രിസ്തീയതയുടെ അഹംബോധത്തിന്റെ സ്വഭാവം എന്തായിരുന്നെന്നും തങ്ങളുടെ യഹൂദതയെ എങ്ങനെ അവർ അന്യജനതകൾക്കു ചേരും വിധം രൂപാന്തരപ്പെടുത്തി എന്നും അറിയാൻ മറ്റേതൊരു ക്രിസ്തീയലിഖിതത്തേയുംകാൾ സഹായിക്കുന്ന രചന" എന്ന് ഇതു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[6]
ഉള്ളടക്കം
[തിരുത്തുക]താരതമ്യേന ഹ്രസ്വമായ ഈ കൃതിയുടെ ഉള്ളടക്കത്തെ നാലു ഭാഗങ്ങളായി തിരിക്കാം. ആദ്യഖണ്ഡം വിശ്വാസികൾക്കു മുന്നിൽ ജീവന്റേയും മരണത്തിന്റേയും ഇരുവഴികൾ തുറന്നുവച്ച്, അവയിലൊന്നു തെരഞ്ഞെടുക്കാൻ അവരോടാവശ്യപ്പെടുന്നു. മാമ്മോദീസ, ഉപവാസം, തിരുവത്താഴം തുടങ്ങിയ അനുഷ്ഠാനങ്ങളെ സംബന്ധിക്കുന്നതാണ് രണ്ടാം ഭാഗം. മൂന്നാം ഭാഗത്തിന്റെ പ്രധാനവിഷയം സുവിശേഷപ്രഘോഷകരോടുള്ള ഉത്തരവാദിത്തങ്ങളും, വ്യാജപ്രഘോഷകരെ എങ്ങനെ തിരിച്ചറിയാം എന്നതുമാണ്. ഹ്രസ്വമായൊരു യുഗാന്തചിത്രത്തോടെയാണ് (apocalypse) ഈ കൃതി സമാപിക്കുന്നത്. [7][8]
'ഇരുവഴികൾ'
[തിരുത്തുക]യഹൂദപശ്ചാത്തലത്തിൽ പിറന്ന 'ഇരുവഴികൾ'(Two ways) എന്നൊരു രചന, പൊതുവർഷം ഒന്നാം നൂറ്റാണ്ടിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആ രേഖയുടെ താരതമ്യേന അസംസ്കൃതമായൊരു രൂപം, ആദിമക്രിസ്തീയതയിൽ നിന്നുള്ള മറ്റൊരു അകാനോനികരചനയായ ബർണബായുടെ ലേഖനത്തിൽ കാണം. ആ 'ഇരുവഴി' രേഖയുടെ പുനഃസൃഷ്ടിയാണ് 'ദിദക്കി'-യിൽ ആകെയുള്ള പതിനാറ് അദ്ധ്യായങ്ങളിൽ ആദ്യത്തെ ആറെണ്ണം. ബർണ്ണബായിലെ 'ഇരുവഴി' പ്രബോധനത്തെ 'ദിദക്കി'-യിൽ, ആദിമക്രിസ്തീയതയും, അതിനോടു മത്സരിച്ച് അക്കാലത്തു രൂപപ്പെട്ടുകൊണ്ടിരുന്ന റബൈനിക യഹൂദതയും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പുനർനിർമ്മിച്ചിരിക്കുന്നു.[7]
"രണ്ടു വഴികളാണുള്ളത്. ഒന്നു ജീവനിലേക്കു നയിക്കുന്നതും ഒന്നു മരണത്തിലേക്കു നയിക്കുന്നതും; അവയ്ക്കിടയിൽ വലിയ അന്തരമുണ്ട്. ജീവനിലേക്കു നയിക്കുന്ന വഴി ഇതാണ്: നീ നിന്നെ സൃഷ്ടിച്ച ദൈവത്തെ സ്നേഹിക്കുകയും അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുകയും ചെയ്യുന്നു. മറ്റൊരാൾ നിന്നോടു ചെയ്യാൻ നീ ആഗ്രഹിക്കാത്തത് അവനോടു നീയും ചെയ്യുകയില്ല" എന്ന വാക്യങ്ങളിലാണ് ഈ ഭാഗത്തിന്റെ തുടക്കം. തുടർന്ന് നാലദ്ധ്യായങ്ങളിൽ ഇതു വിശദീകരിച്ച ശേഷം ആഞ്ചാമത്തെ അദ്ധ്യായത്തിൽ മരണത്തിന്റെ മാർഗ്ഗത്തെ സംഗ്രഹിച്ചു നിർവചിക്കുന്നു.[8]
അനുഷ്ഠാനവിധി
[തിരുത്തുക]7 മുതൽ 10 വരെ അദ്ധ്യായങ്ങൾ മാമ്മോദീസ, ഉപവാസം, തിരുവത്താഴം തുടങ്ങിയ അനുഷ്ഠാനങ്ങളെക്കുറിച്ചാണ്. ഒഴുക്കുവെള്ളത്തിൽ മുങ്ങി വേണം മാമ്മോദീസ സ്വീകരിക്കാൻ. ഒഴുക്കുവെള്ളമില്ലെങ്കിൽ മറ്റേതെങ്കിലും വെറും തണുത്ത വെള്ളം ഉപയോഗിക്കാം. അതുമില്ലെങ്കിൽ ചൂടുവെള്ളം ആകാം.വെള്ളം തലയിൽ ഒഴിച്ചും സ്നാനം നൽകിയിരുന്നു . മാമ്മോദീസാക്കു മുൻപ് അതു നൽകുന്നവനും സ്വീകരിക്കുന്നവനും ഉപവസിക്കണം എന്നും വ്യവസ്ഥയുണ്ട്.ശിശുക്കൾക്ക് ഈ വ്യവസ്ഥ ബാധകം അല്ല. ശിശുക്കൾക്ക് വേണ്ടി അവരുടെ മാതാപിതാക്കൾ വിശ്വാസം ഏറ്റു പറയണം (അദ്ധ്യായം 7)
കപടഭക്തരെപ്പോലെ തിങ്കളാഴ്ചയും വ്യാഴാഴ്ചയുമല്ല ഉപവസിക്കേണ്ടത്. ബുധനും വെള്ളിയും ആണ് ഉപവാസദിനങ്ങൾ. കപടഭക്തരെപ്പോലെ പ്രാർത്ഥിക്കരുതെന്ന വിലക്കിനെത്തുടർന്ന് എങ്ങനെ പ്രാർത്ഥിക്കണം എന്ന നിർദ്ദേശം സുവിശേഷങ്ങളിലെ പ്രസിദ്ധമായ കർത്തൃപ്രാർത്ഥനയുടെ ആവർത്തനമാണ്. ആ വിധം ദിവസേന മൂന്നു വട്ടം പ്രാർത്ഥിക്കണം എന്നും നിർദ്ദേശിച്ചിരിക്കുന്നു.(അദ്ധ്യായം 8)
9-10 അദ്ധ്യായങ്ങൾ തിരുവത്താഴവിരുന്നിനെക്കുറിച്ചും അതിനു ശേഷമുള്ള ഉപകാരസ്മരണയെക്കുറിച്ചും ആണ്. അവിശ്വാസികൾക്ക് തിരുവത്താഴത്തിലെ പങ്കാളിത്തം വിലക്കിയിരിക്കുന്നു. വിശുദ്ധമായത് നായ്ക്കൾക്കു നൽകരുതെന്ന ബൈബിൾ വാക്യം ഓർമ്മിപ്പിച്ചു കൊണ്ടാണ് ഈ വിലക്ക്. (ദിദക്കി 9:5)
പ്രവാചകധർമ്മം
[തിരുത്തുക]തുടർന്നുള്ള മൂന്നദ്ധ്യായങ്ങൾ (11-13) ദേശാടകരായ വേദപ്രഘോഷകരെക്കുറിച്ചും അവരുടെ പരമാർത്ഥത എങ്ങനെ മനസ്സിലാക്കാം എന്നതിനെക്കുറിച്ചുമാണ്:-
- നിങ്ങളുടെ അടുത്തെത്തുന്ന പ്രവാചകരെ സ്വീകരിക്കണം. എങ്കിലും നിങ്ങൾക്കു ലഭിച്ചിട്ടുള്ള അനുശാസനങ്ങൾ അട്ടിമറിക്കുംവിധം പഠിപ്പിക്കുന്നവരെ ശ്രവിക്കരുത്.(11:1-2)
- നിങ്ങളുടെ പക്കലെത്തുന്ന അപ്പസ്തോലന്മാരെ കർത്താവിനെയെന്ന വണ്ണം സ്വീകരിക്കുക. ഒരു ദിവസമോ, അധികമായാൽ രണ്ടു ദിവസമോ അവർ നിങ്ങൾക്കൊപ്പം തങ്ങട്ടെ. എന്നാൽ ഒരാൾ മൂന്നു ദിവസം തങ്ങുന്നെങ്കിൽ അയാൾ കപടപ്രവാചകനെന്നറിയുക.(11:4-5)
- നിങ്ങളുടെ പക്കൽ നിന്നു മടങ്ങിപ്പോകുമ്പോൾ, അടുത്ത വിശ്രമസ്ഥാനം എത്തും വരെ വേണ്ട അപ്പം മാത്രം അവർ കൊണ്ടുപോകട്ടെ. ഒരാൾ പണം ആവശ്യപ്പെട്ടാൽ, അയാൾ കപടപ്രവാചകനാണ്.((11:6)
- സ്നേഹവിരുന്നൊരുക്കാൻ ഉത്തരവിടുന്ന പ്രവാചകൻ സ്വയം ആ വിരുന്നിൽ പങ്കെടുക്കാതിരിക്കട്ടെ. പങ്കുചേരുന്നെങ്കിൽ അയാൾ കപടപ്രവാചകനാണ്.(11:9)
യുഗാന്തചിത്രം
[തിരുത്തുക]അവസാനത്തെ അദ്ധ്യായം(16), അന്തിമനാളുകളിലെ അപകടങ്ങളുടെ വിവരണമാണ്. അതിന്റെ തുടക്കത്തിലെ മുന്നറിയിപ്പുകളിൽ ചിലത് ഇവയാണ്:-
- നിങ്ങളുടെ ജീവനെക്കുറിച്ച്, ഉണർന്നിരുന്നു ജാഗ്രത പാലിക്കുക; കർത്താവിന്റെ വരവ് എപ്പോഴെന്നറിയായ്കയാൽ, നിങ്ങളുടെ വിളക്കുകൾ അണയുകയോ, അരപ്പട്ട അയഞ്ഞുപോവുകയോ ചെയ്യാതിരിക്കട്ടെ.(16:1)
- ആത്മാവിനു പ്രയോജനപ്പെടുന്നത് അന്വേഷിക്കാൻ ഇടക്കിടെ ഒന്നിച്ചു കൂടുക; കാരണം, അന്തിമദിനത്തിൽ നിങ്ങൾ പൂർണ്ണരായി കാണപ്പെടുന്നില്ലെങ്കിൽ, മുഴുവൻ ജീവിതത്തിലേയും വിശ്വസ്തത വ്യർത്ഥമായി.(16:2)
- അന്തിമനാളുകളിൽ വ്യാജപ്രവാചകരും, വഴിപിഴപ്പിക്കുന്നവരും പെരുകും; ആടുകൾ ചെന്നായ്ക്കളാവുകയും സ്നേഹം ദ്വേഷമായി പരിണമിക്കുകയും ചെയ്യും.(16:3)
അവലംബം
[തിരുത്തുക]- ↑ Strong's G1322 Didache: instruction (the act or the matter): - doctrine, hath been taught.
- ↑ Draper, J. A. (2006). "The Apostolic Fathers: The Didache". The Expository Times. 117 (5): 177–81. doi:10.1177/0014524606062770.
- ↑ Rufinus, Commentary on Apostles Creed 37 (as Deuterocanonical) c. 380; John of Damascus Exact Exposition of Orthodox Faith 4.17; and the 81-book canon of the Ethiopian Orthodox Church
- ↑ Athanasius, Festal Letter 39 (excludes them from the canon, but recommends them for reading) in 367; Rejected by 60 Books Canon and by Nicephorus in Stichometria
- ↑ Oxford Dictionary of the Christian Church (Oxford University Press ISBN 978-0-19-280290-3): Didache
- ↑ അഹറോൻ മിലാവെക്, ദിദക്കി: ആദിമക്രിസ്തീയസമൂഹങ്ങളുടെ വിശ്വാസവും, പ്രത്യാശയും ജീവിതവും, 50-70 C.E., p. vii
- ↑ 7.0 7.1 കേംബ്രിഡ്ജ് ബൈബിൾ സഹകാരി(പുറങ്ങൾ 564-65)
- ↑ 8.0 8.1 Theology, One Bite at a time ചാൾസ് എച്ച് ഹൂളെയുടെ ഇംഗ്ലീഷ് പരിഭാഷയെ ആശ്രയിച്ചുള്ള [https://web.archive.org/web/20120912165548/http://remnantreport.com/impdf/didache-01.pdf Archived 2012-09-12 at the Wayback Machine. ദിദക്കിയുടെ പരാവർത്തനം]]