Jump to content

കിം കി ഡുക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിം കി ഡുക്
ജനനം(1960-12-20)20 ഡിസംബർ 1960
ബൊങ്ഗ്വാ, ദക്ഷിണ കൊറിയ
മരണം11 ഡിസംബർ 2020(2020-12-11) (പ്രായം 59)
തൊഴിൽസംവിധായകൻ, തിരക്കഥാകൃത്ത്
സജീവ കാലം1993–2020

അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ നിരവധി ബഹുമതികൾ നേടിയ കൊറിയൻ ചലച്ചിത്ര സം‌വിധായകനായിരുന്നു കിം കി ഡുക്. കഥാപാത്രങ്ങളുടെ വ്യക്തികേന്ദ്രീകൃതമായ സ്വഭാവസവിശേഷതകൾ കൊണ്ട് ശ്രദ്ധേയമാണ് ഇദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾ. വ്യക്തിപരമായ മാനസിക സംഘർഷങ്ങളുടെയും പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളുടെയും ചിത്രീകരണമാണ് കിം കി ഡുകിന്റെ ചലച്ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകത.

ജീവിതരേഖ

[തിരുത്തുക]

1960 ഡിസംബർ 20-ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്‌വയിലാണ് കിം കി ഡുക് ജനിച്ചത്. 1990 മുതൽ '93 വരെ അദ്ദേഹം പാരീസിൽ ഫൈൻ ആർട്സ് പഠനം നടത്തി. അതിനു ശേഷം ദക്ഷിണ കൊറിയയിൽ തിരിച്ചെത്തിയ അദ്ദേഹം തിരക്കഥാരചയിതാവായി ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ചു. 1995-ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ ഒരു മത്സരത്തിൽ കിം കി ഡുകിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് അദ്ദേഹത്തിന് വഴിത്തിരിവായി. തൊട്ടടുത്ത വർഷം ക്രോക്കോഡിൽ എന്ന കന്നിച്ചിത്രം കുറഞ്ഞ ചെലവിൽ അദ്ദേഹം പുറത്തിറക്കി. ആ ചിത്രത്തിന് ദക്ഷിണ കൊറിയയിലെ ചലച്ചിത്ര നിരൂപകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ ലഭിച്ചു.

2004-ൽ കിം കി ഡുക് മികച്ച സം‌വിധായകനുള്ള രണ്ട് പുരസ്കാരങ്ങൾക്ക് അർഹനായി- സമരിറ്റൻ ഗേൾ എന്ന ചിത്രത്തിന് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും ത്രീ-അയേൺ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും.

2020 ഡിസംബർ 11-ന് കോവിഡ്-19 മൂലം ലാത്വിയയിലെ ആശുപത്രിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു.[1]

കേരള സന്ദ‍ർശനം

[തിരുത്തുക]

2013 ൽ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ കിം മുഖ്യാതിഥിയായിരുന്നു. കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ കിം കി ഡുക്ക് സിനിമകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഐ.എഫ്.എഫ്.കെ. കിമ്മിൻറെ പ്രധാന ചിത്രങ്ങൾ അടങ്ങിയ റെട്രോസ്പെക്ടീവ് നടത്തിയിരുന്നു.[2]

ചലച്ചിത്രങ്ങൾ

[തിരുത്തുക]

സമരിറ്റൻ ഗേൾ

[തിരുത്തുക]

യൂറോപിലെത്താനുളള പണം സ്വരൂപിക്കാനായി രണ്ട് പെൺകുട്ടികൾ ശരീര വിൽപ്പനക്കൊരുങ്ങുന്നു. ഒരാൾ കൂട്ടിക്കൊടുപ്പുകാരിയായും മറ്റേയാൾ ലൈംഗികത്തൊഴിലാളിയായും പ്രവർത്തിക്കുന്നു. കൂട്ടിക്കൊടുപ്പുകാരിയുടെ ഒരു കൈപ്പിഴവു മൂലം മറ്റേയാൾക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നു. അതിനു ശേഷം കുറ്റബോധം തീർക്കാൻ ആദ്യത്തെയാളും ലൈംഗികത്തൊഴിലാളിയായി മാറുന്നു. ആത്മഹത്യ ചെയ്ത പെൺകുട്ടി ബന്ധപ്പെട്ടിരുന്ന ആളുകളുടെ കൂടെ ശയിച്ച ശേഷം അവരിൽ നിന്ന് ആദ്യം വാങ്ങിയ പണം അവൾ തിരിച്ചു നൽകുന്നു. പോലീസ് ഡിറ്റക്‌റ്റീവ് ആയ തന്റെ അച്ഛൻ തന്നെ നിരീക്ഷിക്കുന്നത് അവൾ അറിയുന്നില്ല. കൂടെ ശയിച്ചവരെയെല്ലാം വേട്ടയാടി അയാൾ എത്തുമ്പോഴേക്കും പ്രവൃത്തികളുടെ കൈയെത്താത്ത ദൂരങ്ങളിലേക്ക് അവർ അകന്നു പോവുന്നു.

ത്രീ അയേൺ

[തിരുത്തുക]

തേ സുക് എന്ന യുവാവ് ഒഴിഞ്ഞു കിടക്കുന്ന വീടുകൾ അന്വേഷിച്ച് മോട്ടോർ സൈക്കിളിൽ നാടു ചുറ്റുന്നു. ഉടമസ്ഥരില്ലാതെ കിടക്കുന്ന വീടുകളിൽ വാതിൽ തുറന്ന് അകത്തു കയറി അവർ വരുന്നത് വരെ അയാൾ താമസിക്കുന്നു. ഒപ്പം വീടു വൃത്തിയാക്കുകയും കേടു വന്ന സാധന സാമഗ്രികൾ പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്നു. ഒരിടത്ത് വെച്ച് സുൻഹ്വാ എന്ന വിവാഹിതയായ പെൺകുട്ടിയുമായി അയാൾ പ്രണയത്തിലാവുന്നു. തുടർന്നുണ്ടാവുന്ന കുഴപ്പങ്ങളിൽ പെട്ട് ജയിലിലാവുന്ന തേ സുക് ചുറ്റുമുള്ളവരിൽ നിന്ന് അപ്രത്യക്ഷനായി നടക്കാൻ ശീലിക്കുന്നു. പിന്നീട് സുൻഹ്വായുടെ വീട്ടിൽ തിരിച്ചെത്തുന്ന തേ സുക് അവൾക്കു മാത്രം കാണാവുന്ന അദൃശ്യ സാന്നിദ്ധ്യമായി അവിടെ ജീവിക്കുന്നു. പ്രധാന കഥാപാത്രങ്ങൾക്കു് ഈ ചലച്ചിത്രത്തിൽ സംഭാഷണങ്ങളൊന്നുമില്ലെന്നതു് ശ്രദ്ധേയമാണു്.

രണ്ടു വർഷമായി പ്രണയിക്കുന്ന കാമുകന് തന്റെ മുഖം മടുത്തു തുടങ്ങിയോ എന്ന ആശങ്കയിൽ സെ ഹീ എന്ന കഥാപാത്രം തന്റെ മുഖം മാറ്റാൻ പ്ലാസ്റ്റിക് സർജറി നടത്തുന്നു. ഇതോടെ സെ ഹീ എന്ന കഥാപാത്രം തിരോധാനം ചെയ്യുകയും പുതിയൊരു വ്യക്തി അവളുടെ കാമുകന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.. എന്നാൽ പഴയ കാമുകിയുടെ ഓർമ്മകളിൽ മുഴുകിയ കാമുകന്റെ മാനസികാവസ്ഥകൾ മുഖം മാറ്റിയ സെ ഹീയുടെ പ്രതീക്ഷകളെ തകിടം മറിക്കുന്നു. താൻ പഴയ സെ ഹീ തന്നെയാണെന്ന് അവൾ വെളിപ്പെടുത്തുമ്പോൾ കബളിപ്പിക്കപ്പെട്ടെന്ന് തോന്നുന്ന കാമുകൻ സ്വയം മുഖം മാറ്റൽ സർജറിക്ക് വിധേയനാവുന്നു.

സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ... ആന്റ് സ്പ്രിങ്

[തിരുത്തുക]

കിം കി ഡുകിന്റെ വ്യത്യസ്തമായൊരു ചിത്രമാണിത്. വിവിധ കാലാവസ്ഥകളിലൂടെ മുന്നോട്ട് പോവുന്ന ഒരു ബുദ്ധഭിക്ഷുവിന്റെ ജീവിതമാണ് ഇതിലെ പ്രമേയം. ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളും ഭാവങ്ങളും ഈ കാലാവസ്ഥകൾ കൊണ്ട് പ്രതിനിധീകരിക്കപ്പെടുന്നു. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ബുദ്ധക്ഷേത്രത്തിൽ ഒരു ഭിക്ഷു തന്റെ ശിഷ്യന് വിജ്ഞാനവും സഹജീവികളോടുള്ള കാരുണ്യവും അനുഭങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും പകർന്നു കൊടുന്നു. എന്നാൽ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിൽ സ്വയം തെരഞ്ഞെടുത്ത പാതയിൽ ശിഷ്യൻ സഞ്ചരിക്കുന്നു.

മറ്റു ചിത്രങ്ങൾ

[തിരുത്തുക]
  • വൈൽഡ് ആനിമൽസ് (1996)
  • ബ്രിഡ്കേജ് ഇൻ (1998)
  • റിയൽ ഫിക്ഷൻ (2000)
  • The Isle (2000)
  • അഡ്രസ് അൺനോൺ (2001)
  • ബാഡ് ഗയ് (2001)
  • ദി കോസ്റ്റ് ഗാർഡ് (2002)
  • ദി ബോ (2005)
  • ബ്രീത്ത് (2007)
  • ഡ്രീം (2008)
  • പിയാത്ത (2012)[3]
  • മോബിയസ് (2013)

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2000 വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം: പ്രത്യേക പരാമർശം- The Isle
  • 2001 മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം: പ്രത്യേക ജൂറി പുരസ്കാരം- The Isle
  • 2001 ഒപ്പോർട്ടോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, പോർച്ചുഗൽ‍: പ്രത്യേക ജൂറി അവാർഡ്- The Isle
  • 2001 ബ്രസ്സൽസ് അന്താരാഷ്ട്ര ഫാന്റസി ഫെസ്റ്റിവൽ: ഗോൾഡൻ ക്രോ പുരസ്കാരം- The Isle
  • 2002 ബെൽജിയം സിനിമ നോവോ ചലച്ചിത്രോത്സവം: അമാകോറോ പുരസ്കാരം - അഡ്രസ് അൺനോൺ
  • 2002 ഫുകുവോക ഏഷ്യൻ ചലച്ചിത്രോത്സവം, ജപ്പാൻ‍: ഗ്രാന്റ് പ്രിക്സ് പുരസ്കാരം- ബാഡ് ഗയ്
  • 2003 കാർലോവി വാരി അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ചെക്ക്‌ റിപ്പബ്ലിക്ക്‌: FIPRESCI അവാർഡ്, NETPAC അവാർഡ്, ടൗൺ കാർലോവി വാരി പുരസ്കാരം- ദി കോസ്റ്റ് ഗാർഡ്
  • 2003 ലോകാർണൊ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, സ്വിറ്റ്സർലാന്റ്: ജൂനിയർ ജൂറി അവാർഡ്, CICAE/ARTE പുരസ്കാരം, ഏഷ്യൻ ചലച്ചിത്രത്തിനുള്ള NETPAC പുരസ്കാരം, ഡോൺ ക്വിക്സോട്ട് അവാർഡ്- സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ... ആന്റ് സ്പ്രിങ്
  • 2003 സാൻ സെബാസ്റ്റിയൻ‍ ‍അന്താരാഷ്ട്ര ചലച്ചിത്രോത്സവം, സ്പെയ്ൻ : പേക്ഷകരുടെ അവാർഡ്- സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ... ആന്റ് സ്പ്രിങ്
  • 2004 അകാഡമി അവാർഡ്, മികച്ച അന്യഭാഷാ ചിത്രം, കൊറിയ : സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ... ആന്റ് സ്പ്രിങ്
  • 2004 ബെർലിൻ ‍അന്താരാഷ്ട്ര ചലച്ചിത്രോത്സവം: മികച്ച സം‌വിധായകനുള്ള സിൽവർ ബീയർ പുരസ്കാരം- സമരിറ്റൻ ഗേൾ
  • 2004 ലാ പാമാസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കാനറി ഐലന്റ്സ്, സ്പെയ്ൻ : സിനിമാറ്റോഗ്രാഫിക്കുള്ള ഗോൾഡൻ ലേഡി ഹരിമഗോഡാ അവാർഡ്- സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ... ആന്റ് സ്പ്രിങ്
  • 2004 റൊമാനിയൻ ചലച്ചിത്രോത്സവം: മികച്ച സിനിമാറ്റോഗ്രാഫി- സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ... ആന്റ് സ്പ്രിങ്
  • 2004 വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം: FIPRESCI അവാർഡ്, മികച്ച സം‌വിധായകനുള്ള സിൽവർ ലയൺ, ലിയോൻസിനോ ഡിയോറോ പുരസ്കാരം- ത്രീ അയേൺ
  • 2004 വ്ലാദിവോസ്തോക് അന്താരാഷ്ട്ര ചലച്ചിത്രോത്സവം: ഗ്രാൻഡ് പിക്സ് പുരസ്കാരം- ത്രീ അയേൺ
  • 2004 വ്ലാദിവോസ്തോക് അന്താരാഷ്ട്ര ചലച്ചിത്രോത്സവം, സ്പെയ്ൻ : മികച്ച ചിത്രത്തിനുള്ള സുവർണ്ണപാദുകം- ത്രീ അയേൺ
  • 2004 താലിൻ ബ്ലാക്ക് നൈറ്റ്സ് ചലച്ചിത്രോത്സവം, എസ്തോണിയ- മികച്ച സം‌വിധായകൻ, പ്രേക്ഷക അവാർഡ്, പോസ്റ്റിമീസ് ജൂറി പുരസ്കാരം, എസ്റ്റോണിയൻ ഫിലിം ക്രിട്ടിക് അവാർഡ്- ത്രീ അയേൺ

അവലം‌ബം‌

[തിരുത്തുക]
  1. http://www.koreanfilm.org/kimkiduk.html
  1. "Korean filmmaker Kim Ki-duk dies from Covid-19 complications in Latvia". lrt.lt (in ഇംഗ്ലീഷ്). 11 December 2020. Retrieved 11 December 2020.
  2. "കിം കി ഡുക് അന്തരിച്ചു; വിട പറഞ്ഞത് മലയാളികളുടെ മനസ്സെടുത്ത സംവിധായകൻ". മലയാളം. 11 December 2020. Retrieved 13 December 2020.
  3. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 772. 2012 ഡിസംബർ 10. Retrieved 2013 മെയ് 19. {{cite news}}: Check date values in: |accessdate= and |date= (help)