Jump to content

അധിവാസക്രമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യൻ പ്രത്യേക പ്രദേശങ്ങളിൽ നടത്തുന്ന സവിശേഷവും പ്രത്യേകവുമായ അധിനിവേശത്തെ സൂചിപ്പിക്കുവാൻ ഭൂമിശാസ്ത്രത്തിൽ ഉപയോഗിക്കുന്ന സംജ്ഞയാണ് അധിവാസക്രമം. കുടിപാർപ്പുറപ്പിക്കുന്നതിനു മുമ്പുള്ള ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളെയും ആവശ്യമായ സൗകര്യങ്ങളെയും കോർത്തിണക്കിക്കൊണ്ടുള്ള, അധിവാസത്തിന്റെ ക്രമീകരണവും സംവിധാനവും സംബന്ധിച്ച, ശാസ്ത്രീയ പഠനം സാമൂഹിക-ഭൂമിശാസ്ത്രത്തിലെ ഒരു വിഷയമാണ്. ഒരു പ്രത്യേക സമൂഹത്തിന്റെ ജീവിതക്രമം, പാർപ്പിടസൌകര്യങ്ങൾ, പ്രാകൃതിക പരിതഃസ്ഥിതികൾ എന്നിവയുടെ അന്യോന്യബന്ധത്തിന്റെ വിശദാംശങ്ങളാണ് അധിവാസക്രമങ്ങളെ സംബന്ധിച്ച ഭൂമിശാസ്ത്രപരമായ സമീപനത്തിലൂടെ വിശകലനം ചെയ്യപ്പെടുന്നത്.

ശിലായുഗകാല ഗുഹകൾ

ഭൂമിയിൽ ആധിപത്യം ഉറപ്പിക്കുന്നതോടെ മനുഷ്യൻ സ്വായത്തമാക്കുന്ന പ്രാഥമിക സൗകര്യങ്ങളാണ് ഭവനങ്ങളും പാതകളും. പ്രസിദ്ധ ഫ്രഞ്ചു ഭൂമിശാസ്ത്രജ്ഞനായ ജീൻ ബ്രൂണേ (Jean Bruhnes) ഈ നടപടിയെ 'ഉത്പാദനരഹിതമായ ഭൂവുപയോഗ'മായി വ്യാഖ്യാനിക്കുന്നു. മാനവിക ഭൂമിശാസ്ത്രജ്ഞനെ (Human Geographer) സംബന്ധിച്ചിടത്തോളം അധിവാസങ്ങളുടെ ശാസ്ത്രീയ പഠനം വളരെ പ്രാധാന്യമുള്ള ഒന്നാണ്. പെർപിലോ (perpillou)യുടെ വാക്കുകളിൽ പറഞ്ഞാൽ അധിവാസ ക്രമീകരണം ചുറ്റുപാടുകളുമായി അനുകൂലനം സാധിക്കുന്നതിനുള്ള ശ്രമത്തിന്റെ ആദ്യത്തെ പടിയാണ്. സാമ്പത്തികശാസ്ത്രം, നരവംശശാസ്ത്രം, സാമൂഹികശാസ്ത്രം, നഗരാസൂത്രണം തുടങ്ങി വിവിധ ശാഖകളിൽ പ്രവർത്തിക്കുന്നവർക്ക് അധിവാസക്രമങ്ങളെ സംബന്ധിച്ച വിശദമായ പഠനം ആവശ്യമാണ്. എന്നാൽ അവയുടെ ഭൂമിശാസ്ത്രപരമായ പഠനം പ്രത്യേകപ്രസക്തിയുള്ളതാണ്. പ്രാകൃതിക പരിതഃസ്ഥിതികൾ അധിവാസക്രമത്തിൽ ചെലുത്തുന്ന സ്വാധീനതയാണ് ഇവിടെ പഠനവിഷയമാകുന്നത്.

ഭവന മാതൃകകൾ

[തിരുത്തുക]

അധിവാസക്രമങ്ങളെ സംബന്ധിച്ച പഠനത്തിൽ ഒരു പ്രധാന ഘടകം ഭവനമാതൃകകളാണ്. ഭക്ഷണം, ജലം, വസ്ത്രം എന്നിവയെപ്പോലെ പാർപ്പിട സൗകര്യവും മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങളിലൊന്നാണ്. പാർപ്പിടങ്ങളുടെ നിർമ്മാണരീതി, ഘടന, ശില്പം എന്നിവയും അവയുടെ നിർമ്മാണത്തിന് ഉപയോഗപ്പെടുത്തുന്ന വസ്തുക്കളും പ്രകൃത്യാനുസൃതമായ ചുറ്റുപാടുകൾക്കിണങ്ങുന്ന വിധമായിരിക്കും തിരഞ്ഞെടുക്കപ്പെടുക. കാലഭേദങ്ങൾക്ക് അനുസൃതമായി പാർപ്പിടസൌകര്യങ്ങളുടെ സംവിധാനവും വ്യത്യസ്തമായി കണ്ടുവരുന്നു.

മാനവചരിത്രത്തിന്റെ ആദ്യഘട്ടങ്ങളിൽ മനുഷ്യന് തനതായ പാർപ്പിടങ്ങൾ ഉണ്ടായിരുന്നില്ല. പ്രകൃതിയുടെ ആനുകൂല്യത്തിനും പ്രാതികൂല്യത്തിനും വിധേയനായി അവൻ അലഞ്ഞു നടന്നിരിക്കണം. ശിലായുഗത്തിന്റെ ഉത്തരഘട്ടത്തിൽ, ഹിമയുഗത്തിന്റെ ആരംഭത്തോടെ ഉണ്ടായ അതിശൈത്യം അവനെ പാറകൾക്കിടയിലും വൃക്ഷകോടരങ്ങളിലും പിന്നീട് ഗുഹകളിലും അഭയം തേടുവാൻ നിർബന്ധിതനാക്കി. ഗുഹാവലംബിയായിക്കഴിഞ്ഞ മനുഷ്യൻ തന്റെ താവളങ്ങളുടെ ചുവരുകളെ ചിത്രപ്പണികൾകൊണ്ട് അലങ്കരിക്കുകയുണ്ടായി. ഇത്തരം ഗുഹാചിത്രങ്ങൾ അക്കാലത്തെ ജീവിതരീതിയെയും വേട്ടയാടിപ്പിടിച്ചിരുന്ന മൃഗങ്ങളെയും സംബന്ധിച്ച വിവിധങ്ങളായ അറിവുകളേകിക്കൊണ്ട് ഇന്നും അവശേഷിക്കുന്നു. പില്ക്കാലത്ത് കൃഷി ഒരു ജീവനോപായമായി സ്വീകരിക്കപ്പെടുകയും ആവശ്യമായ ഭക്ഷണം ഭൂവുപയോഗത്തിലൂടെ തുടർച്ചയായി ലഭ്യമാക്കാവുന്നതാണെന്നു ബോധ്യപ്പെടുകയും ചെയ്തതോടെ മനുഷ്യൻ സ്ഥിരമായി പാർപ്പുറപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചുതുടങ്ങി. അതോടെ പാർപ്പിടസൗകര്യങ്ങൾ വിപുലപ്പെടുത്തുവാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു.

എസ്കിമോ വർഗ്ഗക്കാരുടെ ഭവനമായ ഇഗ്ലൂ

ഭവനമാതൃകകളെ സംബന്ധിച്ച പഠനത്തിനു വിവിധ വശങ്ങളുണ്ട്; ഭവനങ്ങളുടെ ആകൃതി, വലിപ്പം, നാനാവിധമായ ഉപയോഗക്രമം, നിർമ്മാണത്തിനുപയോഗിക്കുന്ന പദാർഥങ്ങൾ തുടങ്ങിയവയൊക്കെയും പരിഗണിക്കപ്പെടേണ്ടതുണ്ട്. നിർമ്മാണവസ്തുക്കളാണ് മേൽപ്പറഞ്ഞവയിൽ മുന്തിയ പരിഗണന അർഹിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഭവനമാതൃകകളുടെ വർഗീകരണം നടത്താവുന്നതാണ്. അതിപ്രാചീനകാലത്തെ പാർപ്പിടങ്ങൾ ഏറിയകൂറും ഈടില്ലാത്ത പദാർഥങ്ങൾകൊണ്ടു നിർമ്മിക്കപ്പെട്ടുപോന്നു. തന്നിമിത്തം അവ എളുപ്പം ഇടിഞ്ഞുതകരുന്നവയായിരുന്നു. കാർഷികവൃത്തി സാർവത്രികമായിത്തീർന്നതോടുകൂടി ഭവനനിർമ്മാണകല ഗണ്യമായി പുരോഗമിച്ചു. കല്ലുകളും ഇഷ്ടികകളും ഉപയോഗിച്ച് ചുമരുകൾ കെട്ടുവാനും മെഴുകിയോ പൂശിയോ മൺചുമരുകളുടെ ഈടു വർധിപ്പിക്കുവാനും തട്ടികളും മേല്പുരവാരികളും ഉപയോഗിക്കുവാനും തുടങ്ങിയത് ഈ കാലഘട്ടത്തോടെയായിരുന്നു. ക്രമേണ തേനീച്ചക്കൂടുപോലെ ധാരാളം അറകളോടുകൂടിയ കെട്ടിടങ്ങളും ഒന്നിൽ കൂടുതൽ നിലകളുള്ള വലിയ ഭവനങ്ങളും നിർമ്മിക്കപ്പെട്ടു. എസ്കിമോ വർഗക്കാർ മഞ്ഞുകട്ടകളും കല്ലും ഉപയോഗിച്ചു നിർമ്മിക്കുന്ന ഇഗ്ലൂകളും (Igloo) പശ്ചിമ ഏഷ്യൻ മരുപ്രദേശങ്ങളിലെ സഞ്ചാരിവർഗങ്ങളുടെ യർതുകളും (Yurt) മൺസൂൺമേഖലയിലെ ഓലമേഞ്ഞ കുടിലുകളുമൊക്കെ അത്യാധുനികതയുടെ പ്രതീകങ്ങളായ രമ്യഹർമ്മ്യങ്ങളോടൊത്ത് ഇന്നും നിലനിന്നുപോരുന്ന പ്രാചീന ഭവനമാതൃകകളാണ്. നിലം കുഴിച്ചു കുഴിയുണ്ടാക്കി അതിന് തറനിരപ്പിൽ നിന്നും അല്പം പൊക്കത്തിൽ ഇലയും പുല്ലും കൊണ്ടു മേഞ്ഞ മേൽമൂടിയോടുകൂടിയ -ബുഷ്മെൻ വർഗക്കാരുടെ (ആഫ്രിക്ക)-പാർപ്പിടങ്ങളും ഇന്നു നിലവിലുള്ള ഭവന മാതൃകകളിലൊന്നാണ്. തടിമാത്രം ഉപയോഗിച്ച് ഉണ്ടാക്കപ്പെട്ടിട്ടുള്ള വീടുകൾ കാനഡാ മുതൽ കേരളം വരെ പല പ്രദേശങ്ങളിലും കാണാം. മുളകൊണ്ടു നിർമിച്ച വീടുകൾ ആസാം പ്രദേശത്തു സാധാരണമാണ്. ആസ്ബെസ്റ്റോസ്, മണൽ, കല്ല്, ഇഷ്ടിക, സിമന്റ്, കോൺക്രീറ്റ്, കണ്ണാടി, ഇരുമ്പ്, ഉരുക്ക്, അലൂമിനിയം, തുടങ്ങിയ പദാർഥങ്ങളും ചായക്കൂട്ടുകളുമാണ് ആധുനിക കാലത്ത് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ.

അധിവാസ മാതൃകകൾ

[തിരുത്തുക]

അധിവാസങ്ങൾ താത്കാലികമോ സ്ഥിരമോ രണ്ടിനും മധ്യേയുള്ളതോ ആകാം. നായാടികൾ, ഇടയന്മാർ, സ്ഥാനാന്തര കൃഷിസമ്പ്രദായത്തിലേർപ്പെട്ടവർ തുടങ്ങിയ സഞ്ചാരിവർഗങ്ങൾക്ക് താത്ക്കാലികവും ഒരു സ്ഥലത്തുനിന്നും എടുത്തുമാറ്റി മറ്റൊരിടത്ത് യഥേഷ്ടം വച്ചുകെട്ടാവുന്നതുമായ പാർപ്പിടസംവിധാനങ്ങൾ ഉണ്ടായിരിക്കും. അറബി വർഗത്തിൽപ്പെട്ട ദാവൂർ (Dour) ജാതിക്കാർ, മംഗോളിയർ, കിർഘികൾ, പശ്ചിമാഫ്രിക്കയിലെ ഫാങ്ജാതിക്കാർ തുടങ്ങിയവർക്കൊക്കെ ഇത്തരത്തിലുള്ള ഭവനസംവിധാനമാണുള്ളത്. മധ്യ അക്ഷാംശങ്ങളിലെ ആർദ്രപ്രദേശങ്ങളിലെ ഇടവർഗക്കാർക്ക് എല്ലാംതന്നെ മേൽപ്പറഞ്ഞവിധം എളുപ്പം മാറ്റി പ്രതിഷ്ഠിക്കാവുന്ന ഭവനസംവിധാനങ്ങൾ ഉണ്ട്. ഇക്കൂട്ടർ തങ്ങളുടെ കാലിക്കൂട്ടങ്ങളുടെ തീറ്റസൗകര്യം ഉദ്ദേശിച്ച് ശിശിരകാലത്തു താഴ്വാരങ്ങളിലും വേനൽക്കാലത്തു കുന്നിൻപ്രദേശങ്ങളിലും മാറിമാറിപ്പാർക്കുന്നവരാണ്.

രൂപഭാവങ്ങളെ അടിസ്ഥാനമാക്കി അധിവാസക്രമങ്ങളെ ചിതറിയത് , നിബിഡം എന്നിങ്ങനെ രണ്ടിനമായി തിരിക്കാം. ചിതറിയ അധിവാസക്രമത്തിന്റെ ഒരു സവിശേഷത ഒറ്റപ്പെട്ട പാർപ്പിടങ്ങളിൽ കാണാൻ കഴിയും. നിബിഡാധിവാസത്തിൽ അനേകം വീടുകൾ ഇടതൂർന്നു സ്ഥിതിചെയ്യുന്നു. പാർപ്പിടങ്ങൾ അങ്ങിങ്ങായി ചിതറിക്കാണുന്നതിനു പ്രധാനമായും ഭൂമിശാസ്ത്രപരമായ കാരണങ്ങളാവും ഉണ്ടാകുക; നിമ്നോന്നതവും സങ്കീർണവുമായ ഭൂപ്രകൃതി ഇവയിലൊന്നാണ്. കെട്ടിടം വയ്ക്കുന്നതിനാവശ്യമായ നിരപ്പായ ഭൂമി തുലോം കുറവായിട്ടുള്ള പ്രദേശങ്ങളിൽ മിക്കപ്പോഴും പാർപ്പിടങ്ങൾ ഒറ്റപ്പെട്ട നിലയിൽ കാണുന്നു. ഇതിനൊരു മറുവശവും ഉണ്ട്. ശാസ്ത്രീയ കൃഷി സമ്പ്രദായം വ്യാപകമായി നിലവിൽ വന്നിട്ടുള്ള വികസിതരാജ്യങ്ങളിലെ, വിശിഷ്യ യു.എസ്സിലെ, കാർഷിക മേഖലകളിൽ പ്രത്യേക കൃഷിസ്ഥലത്തിന് ഒന്ന് എന്ന നിരക്കിലുള്ള പാർപ്പിടങ്ങളാണുള്ളത്. വിസ്തൃതമായ കൃഷിഭൂമിയുടെ നടുവിൽ ഒറ്റപ്പെട്ട നിലയിലുള്ള പ്രസ്തുത ഭവനങ്ങൾ മൊത്തത്തിൽ ചിതറിയ അധിവാസത്തിന്റെ ദൃഷ്ടാന്തമായി നിലകൊള്ളുന്നു. ഇന്ത്യയിലെ പല ഭാഗങ്ങളിലും ഈ രീതിയിലുള്ള അധിവാസക്രമം കാണാം.

ഇന്ത്യയിലെ ഗ്രാമങ്ങൾ

[തിരുത്തുക]

ഇന്ത്യയിലെ ജനങ്ങളിൽ 75 ശതമാനവും ഗ്രാമങ്ങളിൽ വസിക്കുന്നു. 1991-ലെ ജനസംഖ്യാകണക്കനുസരിച്ച് ഇന്ത്യയൊട്ടാകെ ആൾപാർപ്പുള്ള 5,87,226 ഗ്രാമങ്ങളും ആൾപാർപ്പില്ലാത്ത 47,095 ഗ്രാമങ്ങളുമുണ്ട്. പൊതുവേ നോക്കിയാൽ ഭൂരിപക്ഷം ഗ്രാമങ്ങളിലും കേന്ദ്രീകൃതമായ അധിവാസമാണ് കാണാനുള്ളത്. ഹിമാലയൻ മേഖലയിലെ ഗ്രാമങ്ങളിൽ ചിതറിയ അധിവാസത്തിന്റെ ഉദാഹരണങ്ങളുണ്ട്. ഗംഗാനദിയുടെ ഡെൽറ്റാപ്രദേശത്തിന്റെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട വീടുകളാണുള്ളത്. ഗ്രാമാധിവാസങ്ങളുടെ സ്ഥാനം നിർണയിക്കുന്നതിൽ ഭൂമിയുടെ കിടപ്പും ജലലഭ്യതയും നിർണായകമായ സ്വാധീനം ചെലുത്തിക്കാണുന്നു. നിമ്നോന്നതമായ പ്രദേശങ്ങളിൽ ചരിവുതലങ്ങൾ അവസാനിക്കുന്നിടത്തായി നിരനിരയായി വീടുകളുണ്ടാവുക ഇന്ത്യയിലെ നാട്ടിൻപുറങ്ങളിൽ സാധാരണയാണ്. ഭൂപ്രകൃതിയിലെ ഈ രീതിയിലുള്ള വിന്യാസം മൂലം, കേരളമൊട്ടാകെത്തന്നെ രേഖീയമായ (linear) അധിവാസക്രമം കാണാം. ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ ജനസംഖ്യയുടെ പെരുപ്പവും ജലദൌർലഭ്യവും ഒന്നുചേർന്ന് ഇടതൂർന്ന അധിവാസക്രമത്തിനു കാരണമായിത്തീർന്നിരിക്കുന്നു. പൊതുവേ നോക്കുമ്പോൾ നിയതമായ സംവിധാനക്രമമോ ആസൂത്രണമോ ഇല്ലാതെ, പാർപ്പിടങ്ങളുടെ എണ്ണം അനുദിനം പെരുകിവരുന്ന ഗ്രാമങ്ങളാണ് നമുക്കുള്ളത്. പാർപ്പിടങ്ങളുടെ കേന്ദ്രീകരണത്തിൽ സവർണാവർണഭേദം അടിസ്ഥാനമാക്കിയുള്ള തരംതിരിവ് ഇന്ത്യൻ ഗ്രാമങ്ങളിൽ നിലവിലുണ്ടായിരുന്നത് തീർത്തും ഇല്ലാതായിട്ടുണ്ട് എന്നു പറയുകവയ്യ.

പ്രാദേശിക ഭേദങ്ങൾ

[തിരുത്തുക]

ഇന്ത്യ ഒട്ടാകെയുള്ള ഗ്രാമങ്ങളുടെ സ്വഭാവവിശേഷങ്ങൾക്ക് ഐകരൂപ്യത്തെക്കാൾ വൈവിധ്യം അധികം കാണുന്നു. ഭവനമാതൃകയിലും അവയുടെ വിതരണത്തിലും കാര്യമായ വ്യത്യാസങ്ങൾ പ്രകടമാണ്. ഉദാഹരണത്തിന് രാജസ്ഥാൻ പ്രദേശത്ത് അധിവാസങ്ങളുടെ സ്ഥാനം നിർണയിക്കുന്ന ഏകഘടകം ജലലഭ്യതയാണ്. എന്നാൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അധിവാസങ്ങൾക്ക് അവയുടെ സുരക്ഷിതത്വത്തിലും പ്രതിരോധത്തിലുംകൂടി ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ഇക്കാരണം കൊണ്ട് നീരുറവകൾക്ക് ഏറ്റവും അടുത്തു സൌകര്യമുള്ള സ്ഥാനം തിരഞ്ഞെടുത്ത് കോട്ടകളോ ഉയർന്ന മതിൽക്കെട്ടുകളോ പടുത്തുയർത്തി അവയ്ക്കുള്ളിലായി ജനങ്ങൾ പാർപ്പുറപ്പിച്ചിരിക്കുന്നു.

പഞ്ചാബ് സമതലത്തിൽ അധിവാസങ്ങളുടെ ഏറ്റക്കുറച്ചിൽ മഴയുടെ ലഭ്യത ആശ്രയിച്ചിരിക്കുന്നു. താരതമ്യേന കൂടുതൽ മഴയുള്ള ഇടങ്ങളിൽ വീടുകളുടെ എണ്ണവും കൂടുതലായിരിക്കും. ജലപീഠികത്തിന്റെ ആഴം ജലത്തിന്റെ ലവണത, വെള്ളം കെട്ടിക്കിടക്കൽ, മണൽക്കൂനകളുടെ ബഹുലത, രക്ഷാസൗകര്യം എന്നിവയൊക്കെത്തന്നെ ഗ്രാമങ്ങളുടെ സ്ഥാനം, വിധാനം, വലിപ്പം തുടങ്ങിയവയിൽ സ്വാധീനത ചെലുത്തുന്ന ഘടകങ്ങളാണ്. ജലമാർഗങ്ങൾ, റോഡുകൾ, റെയിൽപ്പാതകൾ തുടങ്ങിയവ അധിവാസങ്ങളുടെ പുനഃക്രമീകരണത്തിൽ സാരമായ പങ്കുവഹിച്ചിട്ടുണ്ട്.

ഗംഗാസമതലത്തിൽ ഗ്രാമാധിവാസത്തിന്റെ ഇനവും വിധാനവും അവിടത്തെ ഫലഭൂയിഷ്ഠമായ എക്കൽ മണ്ണിനെയും സർവപ്രധാനമായ കാർഷികവൃത്തിക്കുള്ള സൗകര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ആസാം താഴ്വരകളിൽ പൊതുവേ രേഖീയാധിവാസമാണ് കാണുന്നത്. അതുതന്നെയും നിരവധി പാർപ്പിടങ്ങൾ ഒന്നു ചേർന്നുള്ള മാതൃകയിൽ കാണപ്പെടുന്നു. നദീതീരത്തുള്ള ഉയർന്ന തിട്ടുകളിലും റോഡുകൾക്കരികിലുമായാണ് ഇവയുടെ സ്ഥാനം. മഹാരാഷ്ട്ര പ്രദേശത്താവട്ടെ ഗ്രാമങ്ങളുടെ സ്ഥാനനിർണയം നടത്തുന്നത് ജലലഭ്യതയെയും മണ്ണിന്റെ ഉർവരതയെയും അടിസ്ഥാനമാക്കിയാണ്. ചെറുനദികളുടെ പാർശ്വങ്ങളിലുള്ള എക്കൽതലങ്ങളിൽ ധാരാളം പാർപ്പിടങ്ങൾ കാണാം. തമിഴ്നാട്ടിലെ ഗ്രാമാധിവാസങ്ങൾ പൊതുവേ നിബിഡ-മാതൃകയിലുള്ളവയാണ്. ജലലഭ്യതയെ ആശ്രയിച്ചാണ് ഇവയുടെയും സ്ഥാനങ്ങൾ നിർണയിക്കപ്പെട്ടിരിക്കുന്നത്. അത് നദികളെയോ കുളങ്ങളെയോ കിണറുകളെയോ ആശ്രയിച്ചാകാം. കാവേരി ഡെൽറ്റയിലെ സ്ഥിതി ഇതിൽനിന്നും ഭിന്നമാണ്. വെള്ളപ്പൊക്കത്തിന്റെ കെടുതികൾ ഭയന്ന്, മിക്കവാറും ഉയർന്ന പ്രദേശങ്ങളിലേക്കു മാറി അധിവാസം ഉറപ്പിച്ചിരിക്കുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്.

നഗരാധിവാസം

[തിരുത്തുക]

ഭൂമിയുടെ പ്രതലസംരചനയെ തിരുത്തിക്കുറിക്കുന്നതിനുള്ള മനുഷ്യപ്രയത്നത്തിന്റെ ഉത്തമോദാഹരണങ്ങളാണ് നഗരങ്ങൾ. മിക്കപ്പോഴും അവയ്ക്കു മനുഷ്യനിർമിതങ്ങളായ ചുറ്റുപാടുകൾ മാത്രമായിരിക്കും ഉണ്ടായിരിക്കുക. നഗരങ്ങൾ ഗ്രാമങ്ങളിൽനിന്നും പല കാരണങ്ങൾകൊണ്ടും ഭിന്നമാണ്. ജനസംഖ്യയിലും ജനനിബിഡതയിലും വളരെയേറെ മുന്നിലാണ് നഗരങ്ങൾ. ച.കി.മീ.ന് 10,000-ത്തിലേറെ ആളുകൾ നിവസിക്കുന്ന ധാരാളം വൻനഗരങ്ങൾ ഇന്ന് ലോകത്തുണ്ട്. ഇത്തരത്തിലുള്ള ജനപ്പെരുപ്പംമൂലം ഭൂതലത്തിനു മുകളിലും താഴെയുമായി തന്റെ അധിവാസത്തിനു കൂടുതൽ സ്ഥലം കണ്ടെത്തുവാൻ നഗരത്തിലെ മനുഷ്യൻ നിർബന്ധിതനായിരിക്കുന്നു. വമ്പിച്ച ജനതതികളെ അധിവസിപ്പിക്കുന്നവയാണ് നഗരങ്ങൾ. ഇവയുടെ നിർവചനവും വിഭജനക്രമവും ഓരോ രാജ്യത്തും വ്യത്യസ്തമായി കാണുന്നു. നഗരാധിവാസത്തിന്റെ അതിര് നിർണയിക്കുന്ന കാര്യത്തിലും ബഹുമുഖമായ പ്രശ്നങ്ങളുണ്ട്. മിക്കപ്പോഴും നഗരത്തിന്റെ പുറംഭാഗങ്ങളിലേക്കു പോകുന്തോറും ജനസാന്ദ്രത കുറഞ്ഞ് ഗ്രാമാധിവാസമായി പരിണമിക്കുന്നതായാണ് കണ്ടുവരുന്നത്. മനുഷ്യരുടെ ദൈനംദിന പ്രവൃത്തികളും ജീവനോപാധികളും നഗരത്തിൽ വ്യത്യസ്തമായിരിക്കും. ആധുനികയുഗത്തിൽ നഗരങ്ങൾക്കു വിദ്യാഭ്യാസകേന്ദ്രം എന്ന ബഹുമതിയും കൈവന്നിട്ടുണ്ട്. ഓരോ നഗരത്തിനും തനതും സവിശേഷവുമായ വാസ്തുരൂപം ഉണ്ടായിരിക്കുമെന്നതും പരിഗണനീയമായ വസ്തുതയാണ്.

നഗരങ്ങളുടെ ഉദ്ഭവവും സ്ഥാനവും

[തിരുത്തുക]
സിന്ധുനദീതടസംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ

മാനവസംസ്കാരത്തിന്റെ ആദ്യഘട്ടങ്ങളിൽത്തന്നെ നഗരാധിവാസം ആരംഭിച്ചിരുന്നു. 5,000 വർഷങ്ങൾക്കു മുൻപുതന്നെ സിന്ധുനദീതടത്തിലും പൂർവ-ഏഷ്യയിലും നഗരങ്ങൾ സ്ഥാപിതമായിരുന്നു. ഈ നഗരങ്ങൾ ജലസേചനത്തിലൂടെയുള്ള കൃഷിക്ക് പ്രാധാന്യമുള്ള അധിവാസകേന്ദ്രങ്ങളായിരുന്നു. ഇവിടെ കലയും സംസ്കാരവും വളരാൻ തുടങ്ങി. നാനാമുഖമായ വിജ്ഞാനത്തിന്റെ വളർച്ച ഈ നഗരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. ആദ്യത്തെ യന്ത്രസാമഗ്രികളുടെ കണ്ടുപിടിത്തവും ഇക്കാലത്തുതന്നെയായിരുന്നു. ഭക്ഷ്യസാധനങ്ങളുടെ സമൃദ്ധമായ ഉത്പാദനം കൂടുതൽ ആളുകൾക്ക് അന്യപ്രവൃത്തികളിൽ വ്യാപരിക്കുന്നതിന് അവസരം നല്കിയതുകൊണ്ടാണ് മേല്പറഞ്ഞ പുരോഗതി നേടാൻ സാധിച്ചത്. മാനവ ചരിത്രത്തിലെ ഈ ഘട്ടത്തെ ആദ്യത്തെ സംസ്കാരിക (നാഗരിക) വിപ്ളവമായി കണക്കാക്കാവുന്നതാണ്. ഏതാണ്ട് ഇക്കാലത്തുതന്നെ ഇത്തരത്തിലുള്ള പുരോഗതി ചൈനയിലും മധ്യ-ദക്ഷിണ അമേരിക്കയിലുമുള്ള ജനങ്ങൾ നേടിക്കഴിഞ്ഞിരുന്നു. ഇന്നത്തെ പടുകൂറ്റൻ നഗരങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ മേല്പറഞ്ഞ നഗരങ്ങൾ നന്നേ ചെറുതായിരുന്നു. നഗരങ്ങളുടെ യഥാർഥമായ വളർച്ച വ്യാവസായിക വിപ്ളവത്തെ തുടർന്നായിരുന്നു. പ്രകൃതിവ്യവസ്ഥകളുടെ മേൽ തുടരെത്തുടരെ നേടാനൊത്ത ആധിപത്യം മനുഷ്യനെ നഗരാധിവാസത്തിലേക്കു കൂടുതൽ അടുപ്പിക്കുകയും നഗരങ്ങളുടെ അഭൂതപൂർവമായ വളർച്ചയ്ക്കു നിദാനമാകുകയും ചെയ്തു. ഇന്നത്തെ വൻനഗരങ്ങളിൽ ഒട്ടുമുക്കാലും ആദ്യകാലത്ത് വൻതോതിലുള്ള ഉത്പാദനകേന്ദ്രങ്ങളായിരുന്നു. എന്നാൽ ഈയിടെയായി നഗരങ്ങളുടെ പ്രാധാന്യം വിനിമയകേന്ദ്രങ്ങളെന്ന നിലയിലാണ്.

നാഗരികതയുടെ വളർച്ച

[തിരുത്തുക]

കഴിഞ്ഞ ഒന്നര ശതാബ്ദങ്ങൾക്കുള്ളിൽ ലോകത്തെ നഗരങ്ങൾക്ക് അഭൂതപൂർവമായ വികാസം ഉണ്ടാവുകയും വിപുലമായ ഒരു ഭൂഭാഗം വൻനഗരങ്ങളുടെ പശ്ചിഭൂമി (hinderland) എന്ന നിലയിൽ വളരുകയും ചെയ്തു. എ.ഡി. 1800-ൽ 20,000ത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളിൽ വസിക്കുന്നവർ ലോകജനസംഖ്യയുടെ കേവലം 2.4 ശതമാനം മാത്രമായിരുന്നു. 1960-ൽ അത് 27.1 ശതമാനം ആയി. ഒരു ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളുടെ എണ്ണം 19-ാം ശതകത്തിന്റെ ആരംഭത്തിൽ 50 മാത്രമായിരുന്നു; ഒന്നര ശതകങ്ങൾകൊണ്ട് അത് 900-ൽ കവിഞ്ഞു.

നഗരങ്ങളുടെ സ്ഥിതിസ്ഥാപനം

[തിരുത്തുക]

നഗരങ്ങളുടെ സ്ഥാനം നിർദ്ദേശിക്കുന്നത് സാധാരണയായി അക്ഷാംശ-രേഖാംശ വ്യവസ്ഥയിലാണ്. എങ്കിലും അവയുടെ ഭൂമിശാസ്ത്രപരമായ കിടപ്പും പ്രകൃതിയും പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. പ്രത്യേക ഭൂപരിതഃസ്ഥിതികൾ നഗരങ്ങളുടെ സ്ഥിതിസ്ഥാപനത്തിന് അനുകൂലമാണെന്നു തെളിഞ്ഞിട്ടുണ്ട്. എന്നാൽ അവയുടെ വികാസത്തെത്തുടർന്ന് ഭൂപരമായ പ്രാതികൂല്യങ്ങളെ തരണം ചെയ്യുവാനുള്ള യത്നം എല്ലാക്കാലത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രാചീനകാലത്ത് നഗരങ്ങളുടെ സ്ഥിതിസ്ഥാപനത്തെ സംബന്ധിച്ചിടത്തോളം പ്രാമാണ്യഘടകം സുരക്ഷാപരമായ സൗകര്യങ്ങളായിരുന്നു. ഏതാണ്ട് ചുറ്റിനുംതന്നെ കീഴ്ക്കാംതൂക്കായ കുന്നുകളുണ്ടായിരിക്കുന്നത് നഗരങ്ങൾക്കുള്ള ഏറ്റവും പറ്റിയ സ്ഥാനമായി ഗണിക്കപ്പെട്ടിരുന്നു. ദുർഗമപ്രദേശങ്ങളെ മുറിച്ചൊഴുകുന്ന നദികളുടെ വിസർപ്പണം (meandering) മൂലം സൃഷ്ടിക്കപ്പെടുന്ന സമതലങ്ങളും സുരക്ഷാപരമായ കാരണങ്ങളാൽ നഗരങ്ങൾക്കു പറ്റിയ സ്ഥാനമായി വിചാരിക്കപ്പെടുന്നു. ഇതൊക്കെയാണെങ്കിലും ഫലഭൂയിഷ്ഠമായ ഒരു പശ്ചഭൂമി ഉണ്ടായിരിക്കുക നഗരങ്ങളെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായിരുന്നു. നദീമാർഗങ്ങളിൽ കുറുകേയുള്ള തരണം സുഗമമായ വിധത്തിൽ ശാന്തവും ആഴംകുറഞ്ഞതുമായ ഭാഗങ്ങളിൽ ഇരുകരകളിലുമായോ ഒരു കരയിൽ മാത്രമായോ നഗരങ്ങൾ വളർന്നിരുന്നു. അതുപോലെതന്നെ തടാകങ്ങളുടെ അറ്റത്ത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിൽ നഗരാധിവാസം സ്ഥാപിതമായി. ഖനനകേന്ദ്രങ്ങൾ, സാമ്പത്തിക കാരണങ്ങളാൽ ജനപ്പെരുപ്പമുണ്ടായ നഗരങ്ങൾക്ക് ഉത്തമദൃഷ്ടാന്തങ്ങളാണ്. പ്രത്യേകോദ്ദേശ്യത്തോടെ സ്ഥാപിക്കപ്പെടുന്നതും പ്രത്യേക കാരണങ്ങൾകൊണ്ട് അധിവാസം പുഷ്ടിപ്പെട്ടതുമായ നഗരങ്ങളും ഉണ്ട്. തീർഥാടനകേന്ദ്രങ്ങളും പുണ്യസ്ഥലങ്ങളും വളരെ പെട്ടെന്ന് നഗരങ്ങളുടെരൂപം കൈക്കൊള്ളുന്നു. മിക്കപ്പോഴും നദികളുടെ സംഗമസ്ഥാനങ്ങളിലാണ് ഇത്തരം നഗരങ്ങൾ ഉണ്ടായിക്കാണുന്നത്. കടൽത്തീരത്തും ഉയർന്ന പ്രദേശങ്ങളിലും സുഖവാസ-ഉല്ലാസകേന്ദ്രങ്ങളെന്ന നിലയിൽ വികാസം പ്രാപിച്ച ധാരാളം നഗരങ്ങൾ കാണാം. പ്രതിരോധപരമായ കാരണങ്ങൾ കൊണ്ട് മനഃപൂർവം കെട്ടിപ്പടുത്തിട്ടുള്ള നഗരാധിവാസങ്ങളും ഉണ്ട്.

നഗരങ്ങളുടെ വികാസത്തിന് സഹായകമായിത്തീരുന്ന ധാരാളം ഘടകങ്ങളുണ്ട്. ഗതാഗതസൌകര്യമാണ് ഇവയിൽ പ്രഥമം. പ്രധാന ഗതാഗതമാർഗങ്ങൾ ഒത്തുചേരുന്ന കേന്ദ്രങ്ങളിൽ നഗരാധിവാസം ഉറയ്ക്കുവാനും അത് വൻനഗരമായി രൂപാന്തരപ്പെടുവാനും ചുരുങ്ങിയ കാലയളവുമതി. ദുർഗമമായ മലനിരകൾക്കിടയിലെ രണ്ടു താഴ്വരകൾ പരസ്പരം കൂട്ടിമുട്ടുന്ന സ്ഥലം, റെയിൽ-റോഡുകൾ ഒന്നുചേരുന്ന കേന്ദ്രങ്ങൾ, ഗതാഗതസൗകര്യമുള്ള നദികളുടെ സംഗമം, മരുഭൂമിയുടെ അരികിൽ മരുപ്പച്ചകളിൽനിന്നുള്ള പാതകൾ സംവ്രജിക്കുന്ന സ്ഥലം തുടങ്ങി മേല്പറഞ്ഞ വിധത്തിലുള്ള നിരവധി കേന്ദ്രങ്ങൾ വൻനഗരങ്ങളായി രൂപം പ്രാപിച്ചിട്ടുണ്ട്. കടലിടുക്കുകളും സമുദ്രമധ്യത്ത് കപ്പലടുക്കുവാൻ സൌകര്യമുള്ള ചെറു ദ്വീപുകളും ഈ വിധത്തിൽ നഗരങ്ങളായി വളർന്നിട്ടുണ്ട്. ഇവയൊക്കെത്തന്നെയും വാണിജ്യപരമായ സൗകര്യങ്ങൾകൊണ്ട് അഭിവൃദ്ധിപ്പെട്ടിട്ടുള്ളവയാണ്. വ്യാവസായിക വിപ്ളവത്തിനുശേഷം കല്ക്കരി തുടങ്ങിയ ഇന്ധനങ്ങളുടെ ലഭ്യത വ്യവസായകേന്ദ്രങ്ങളെന്ന നിലയിൽ നഗരങ്ങളുടെ വളർച്ചയ്ക്ക് കളമൊരുക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ മേഖലകളിൽ കൽക്കരി ഖനികൾക്കും വൈദ്യുത കേന്ദ്രങ്ങൾക്കും ചുറ്റുമായി ധാരാളം നഗരങ്ങൾ വളർന്നിട്ടുള്ളതായി കാണാം.

നഗരങ്ങളുടെ രൂപഭാവങ്ങളും പ്രവൃത്തിവ്യവസ്ഥയും

[തിരുത്തുക]

ഒരു അധിവാസകേന്ദ്രത്തിലെ ഭൂരിപക്ഷം ജനങ്ങളും പ്രത്യുത്പാദനപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴാണ് ആ അധിവാസത്തെ നഗരം എന്നു വിശേഷിപ്പിക്കുക. ഏറിയകൂറും നഗരങ്ങൾ പ്രവൃത്തിക്രമങ്ങളുടെ അടിസ്ഥാനത്തിൽ സ്വയം വികസിക്കുന്നവയാണ്. മറിച്ച് പെട്ടെന്നുണ്ടാകുന്ന ഒരു കുടിയേറ്റമല്ല. നഗരത്തിലെ ജനത, പ്രവൃത്തിപരമായി നോക്കുമ്പോൾ ഭൂമിയുമായി നേരിട്ടു ബന്ധം പുലർത്തുന്നവരല്ല. അവർ പൊതുവേ ഉത്പാദനോന്മുഖമായി മറ്റിനം തൊഴിലുകളിൽ ഏർപ്പെടുന്നവരാണ്. ഒരു നഗരത്തിലെ ആളുകൾ തന്നെ ബഹുമുഖമായ പ്രവൃത്തികളിൽ ഏർപ്പെടുന്നവരായിരിക്കും. അവയിൽ ഏതെങ്കിലുമൊരെണ്ണം ആ പ്രത്യേക നഗരത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ളതാകും. ഇവയുടെ അടിസ്ഥാനത്തിൽ നഗരങ്ങളെ പ്രവൃത്തിപരമായി വ്യാവസായികകേന്ദ്രം, വാണിജ്യകേന്ദ്രം, ഭരണകാര്യ-ആസ്ഥാനം, ഗതാഗതകേന്ദ്രം, സാംസ്കാരികകേന്ദ്രം, വിദ്യാഭ്യാസകേന്ദ്രം, മതകാര്യകേന്ദ്രം, വിനോദകേന്ദ്രം, ഖനനകേന്ദ്രം എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. പലപ്പോഴും ഒരു നഗരം പ്രവൃത്തി പരമായി ഒന്നിലധികം തുറകളിൽ ആഭിമുഖ്യം നേടിയിരിക്കും.

മുംബൈ, ഇന്ത്യയിലെ ഒരു വൻനഗരം

ഒരു നഗരത്തിനുള്ളിൽതന്നെ പല ഭാഗങ്ങളിലായി പല പ്രവൃത്തികളും കേന്ദ്രീകൃതമാവുന്ന അവസ്ഥ വന്നുചേരാം. വ്യവസായസ്ഥാപനങ്ങൾ മാത്രമായി ഒരിടത്തും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്കെയും മറ്റൊരു ഭാഗത്തുമായി സ്ഥാപിതമാകാറുണ്ട്. അതുപോലെതന്നെ നിവാസമേഖലകളും വിനോദശാലകളും പൊതുസ്ഥാപനങ്ങളും പബ്ളിക് മാർക്കറ്റുകളും ട്രാൻസ്പോർട്ട് സ്റ്റാൻഡുകളുമൊക്കെ വെവ്വേറെ കേന്ദ്രങ്ങളിലായി വികാസം പ്രാപിക്കുന്നു. ചുരുക്കത്തിൽ ഭൂവുപയോഗം അടിസ്ഥാനമാക്കിയുള്ള വിവിധ മേഖലകളായി നഗരം വിഭക്തമാവുന്നു. ഓരോ ആവശ്യത്തിലേക്കും നിർമ്മിക്കപ്പെടുന്ന കെട്ടിടങ്ങളും വാസ്തുശില്പങ്ങളും മറ്റു സംരചനകളും ചേർന്ന് നഗരത്തിനു തനതായ ഒരു മുഖച്ഛായ ഉണ്ടാക്കും. ഒപ്പംതന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങൾക്ക് പ്രത്യേകമായ രൂപഭാവങ്ങൾ ഉണ്ടായിരിക്കയും ചെയ്യും. സാധാരണയായി വ്യാപാരപ്രമുഖമായ മേഖല നഗരത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായിരിക്കും സ്ഥാപിക്കപ്പെട്ടിരിക്കുക. ഈ ഭാഗത്തെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് എന്നു പറഞ്ഞുവരുന്നു.

നഗരാധിവാസം ഇന്ത്യയിൽ

[തിരുത്തുക]

നഗരാധിവാസം അനുദിനം വർധിച്ചുവരുന്ന ഒരു പരിതഃസ്ഥിതിയാണ് ഇന്ത്യയിൽ ഇന്നുള്ളത്. വ്യവസായവത്കരണം ഒരു ലക്ഷ്യമായിത്തീരുന്നതിനു മുമ്പുവരെ ഇന്ത്യൻ നഗരങ്ങൾ കാര്യമായ വികാസം പ്രാപിച്ചിരുന്നില്ല. താരതമ്യേന മന്ദഗതിയിലുള്ള സാമ്പത്തിക പുരോഗതി നഗരങ്ങളുടെ വളർച്ചയ്ക്ക് വിലങ്ങായിരുന്നു. 1961-ൽ ഇന്ത്യയിൽ മൊത്തം ജനസംഖ്യയുടെ 17.97 ശതമാനം മാത്രമാണ് നഗരവാസികളായി ഉണ്ടായിരുന്നത് 1991-ൽ ഇത് 25.73 ശതമാനം ആയി വർദ്ധിച്ചു.

പഴയ ഇന്ത്യൻ നഗരങ്ങളിൽ ഒട്ടുമുക്കാലും കോട്ടകൊത്തളങ്ങളോടുകൂടിയ പ്രതിരോധകേന്ദ്രങ്ങളോ പുണ്യക്ഷേത്രങ്ങളോ ഭരണാസ്ഥാനമോ ഇവയൊക്കെചേർന്നതോ ആയിരുന്നു. സുഖവാസകേന്ദ്രങ്ങൾ, സൈനികത്താവളങ്ങൾ, വിദ്യാപീഠങ്ങൾ, റെയിൽവേ കേന്ദ്രങ്ങൾ തുടങ്ങിയവയും നഗരങ്ങളായി രൂപാന്തരപ്പെട്ടിട്ടുണ്ട്. നഗരാതിർത്തിക്കുള്ളിൽത്തന്നെ വിശാലമായ കൃഷിസ്ഥലങ്ങൾ ഉണ്ടായിക്കാണുന്നത് ചില ഇന്ത്യൻ പട്ടണങ്ങളുടെയും സവിശേഷതയാണ്. ചെറുകിട നഗരങ്ങളിൽ ഭൂരിപക്ഷവും വ്യാപാരപ്രാധാന്യം കൊണ്ട് മുഖച്ഛായ മാറിയ വലിയ ഗ്രാമങ്ങൾ മാത്രമാണ്. പ്രധാന നഗരങ്ങൾ മാത്രം വ്യവസായിക കേന്ദ്രങ്ങളോ വാണിജ്യകേന്ദ്രങ്ങളോ ആണ്. നഗരാധിവാസം

നഗരമണ്ഡലം

[തിരുത്തുക]

നഗരങ്ങൾ ജില്ലകളുടെയും പ്രത്യേക മേഖലകളുടെയും സിരാകേന്ദ്രങ്ങളാണ്. ഉത്പന്നങ്ങൾ വിപണനം നടത്തുന്നതിനും ആവശ്യമുള്ള സാധനങ്ങൾ വാങ്ങുന്നതിനും നഗരത്തെ ആശ്രയിക്കുന്ന ജനങ്ങൾ നിവസിക്കുന്ന സാമാന്യം വിസ്തൃതമായ ഒരു പശ്ചഭൂമി ഓരോ പട്ടണത്തിലും ഉണ്ടായിരിക്കും. പട്ടണവും അതിന്റെ പ്രാന്തപ്രദേശങ്ങളുമായി നിരന്തരമായ സമ്പർക്കം ഉണ്ടായിരിക്കും. പട്ടണത്തിന് ആവശ്യമായ പച്ചക്കറികൾ, പാല്, പഴവർഗങ്ങൾ തുടങ്ങിയവ എത്തിച്ചുകൊടുക്കുന്നത് പ്രാന്തപ്രദേശത്തുനിന്നുമാണ്. പട്ടണത്തിൽ പ്രവൃത്തിയെടുക്കുന്ന തൊഴിലാളികളിൽ ഏറിയകൂറും ഈ പ്രദേശത്തു നിന്നും വരുന്നവരാകാം. ക്രയവിക്രയം, പഠനം, വിനോദം, വൈദ്യസഹായം, നിയമോപദേശം തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി പശ്ചപ്രദേശത്തെ ആളുകൾ നഗരത്തിലേക്ക് നിരന്തരം പ്രവഹിച്ചുകൊണ്ടിരിക്കും. ഇതിന്റെ ഫലമായി ഈ പ്രദേശത്തേക്ക് നഗരത്തിൽ നിന്നും ഗതാഗത സൌകര്യങ്ങൾ ഉണ്ടായിരിക്കും. നഗരത്തിൽ നിന്നും പുറപ്പെടുന്ന പത്രങ്ങളും മറ്റും പ്രാന്തപ്രദേശത്തുകൂടി വിതരണം ചെയ്യപ്പെടുന്നു. നഗരത്തിലേക്കുള്ള ഗതാഗതസൌകര്യത്തിന്റെ അടിസ്ഥാനത്തിൽ നഗരപ്രാന്തങ്ങൾ തുലോം ചെറുതു മുതൽ നന്നേ വിസ്തൃതമായ മേഖലവരെയാകാം.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അധിവാസക്രമം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.