Jump to content

പർവതനിരകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mountain range എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ കാണുന്ന ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പർവതനിരയായ ഹിമാലയം

നീളത്തിൽ ഒരു നിരയായി കാണുന്നതും ഉയർന്ന പ്രദേശങ്ങളാൽ ബന്ധിപ്പിച്ചിരിക്കുന്നതുമായ പർവതങ്ങളുടെ ഒരു കൂട്ടമാണ് പർവതനിരകൾ അല്ലെങ്കിൽ മലനിരകൾ എന്ന് അറിയപ്പെടുന്നത്. ഒരേ കാരണത്തിൽ നിന്ന് ഉടലെടുത്ത (സാധാരണയായി ഒരു ഓറോജെനി) രൂപത്തിലും ഘടനയിലും വിന്യാസത്തിലും സമാനതയുള്ള പർവതനിരകളുടെ ഒരു കൂട്ടമാണ് മൌണ്ടൻ സിസ്റ്റം അല്ലെങ്കിൽ മൌണ്ടൻ ബെൽറ്റ് എന്ന് അറിയപ്പെടുന്നത്.[1] പർവതനിരകൾ പലതരം ഭൂമിശാസ്ത്ര പ്രക്രിയകളാൽ രൂപപ്പെട്ടതാണ്, എന്നാൽ ഭൂമിയിലെ പ്രധാനപ്പെട്ട പർവ്വതനിരകളിൽ ഭൂരിഭാഗവും ഉണ്ടായിരിക്കുന്നത് ഫലകചലനം (പ്ലേറ്റ് ടെക്റ്റോണിക്സ്) മൂലമാണ്. സൗരയൂഥത്തിലെ ഗ്രഹ പിണ്ഡമുള്ള പല വസ്തുക്കളിലും പർവതനിരകൾ കാണപ്പെടുന്നു. അതുപോലെതന്നെ ഭൂരിഭാഗം ഭൂസമാന ഗ്രഹങ്ങളുടെയും സവിശേഷതയാണ് പർവ്വതനിരകൾ.

പർവ്വത നിരകളിൽ സാധാരണയായി ഉന്നതമേഖല, ചുരങ്ങൾ, താഴ്വരകൾ എന്നിവയുണ്ട്. ഒരേ പർവതനിരകളിലെ വ്യക്തിഗത പർവതങ്ങൾക്ക് ഒരേ ഭൂമിശാസ്ത്രപരമായ ഘടനയോ ശിലാവിജ്ഞാനമോ (പെട്രോളോജി) ഉണ്ടായിരിക്കണമെന്നില്ല. അവ വ്യത്യസ്‌ത ഓറോജെനിക് എക്‌സ്‌പ്രഷനുകളുടെയും ടെറാനുകളുടെയും മിശ്രിതമായിരിക്കാം, ഉദാഹരണത്തിന് ത്രസ്റ്റ് ഷീറ്റുകൾ, ഉയർത്തിയ ബ്ലോക്കുകൾ, ഭൂമടക്ക് മലകൾ, അഗ്നിപർവ്വത ഭൂപ്രകൃതികൾ എന്നിവ വിവിധതരം പാറകൾക്ക് കാരണമാകുന്നു.

പ്രധാന പർവതനിരകൾ

[തിരുത്തുക]
ഓഷ്യൻ റിഡ്ജ്, ലോകത്തിലെ ഏറ്റവും നീളമേറിയ പർവതനിര (ചെയിൻ)

ഭൂമിയുടെ ഉപരിതലത്തിലെ ഭൂരിഭാഗം പർവതനിരകളും പസഫിക് റിംഗ് ഓഫ് ഫയർ അല്ലെങ്കിൽ ആൽപൈഡ് ബെൽറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു.[2] ആൻഡീസ് 7,000 കിലോമീറ്റർ (4,350 മൈ) നീളമുള്ളതും പലപ്പോഴും ലോകത്തിലെ ഏറ്റവും നീളമേറിയ പർവതവ്യവസ്ഥ (മൌണ്ടൻ സിസ്റ്റം) ആയി കണക്കാക്കപ്പെടുന്നു.[3]

ആൽപൈഡ് ബെൽറ്റ് ഇന്തോനേഷ്യ തെക്കുകിഴക്കൻ ഏഷ്യ, എന്നിവ വഴി ഹിമാലയം, കോക്കസസ് പർവത, ബാൾക്കൻ മലനിരകൾ, ആൽപ്സ്, എന്നിവയിലൂടെ സ്പാനിഷ് മലകളിലും അറ്റ്ലസ് പർവതനിരകളിലും അവസാനിക്കുന്നു.[4] ബെൽറ്റിൽ മറ്റ് യൂറോപ്യൻ, ഏഷ്യൻ പർവതനിരകളും ഉൾപ്പെടുന്നു. 8,848 മീറ്റർ (29,029 അടി) ഉയരമുള്ള എവറസ്റ്റ് ഉൾപ്പെടെ ലോകത്തിലെ ഏറ്റവും ഉയർന്ന പർവതനിരകൾ ഹിമാലയത്തിൽ ഉണ്ട്.

ഈ രണ്ട് സിസ്റ്റങ്ങൾക്ക് പുറത്തുള്ള പർവതനിരകളിൽ ആർട്ടിക് കോർഡില്ലെറ, യൂറാൽ പർവ്വതനിര, അപ്പലേച്ചിയൻ, സ്കാൻഡിനേവിയൻ പർവതനിരകൾ, ഗ്രേറ്റ് ഡിവൈഡിംഗ് റേഞ്ച്, അൽതായ് പർവതനിരകൾ, ഹിജാസ് പർവതനിരകൾ എന്നിവ ഉൾപ്പെടുന്നു. ഒരു പർവതനിരയുടെ നിർവചനത്തിൽ വെള്ളത്തിനടിയിലുള്ള പർവതങ്ങളെക്കൂടി ഉൾപ്പെടുത്തി വിപുലീകരിക്കുകയാണെങ്കിൽ 65,000 കിലോമീറ്റർ (40,400 മൈ) നീളമുള്ള ഭൂമിയിലെ ഏറ്റവും ദൈർഘ്യമേറിയ തുടർച്ചയായ മൌണ്ടൻ സിസ്റ്റമാണ് ഓഷ്യൻ റിഡ്ജുകൾ. [5]

കാലാവസ്ഥ

[തിരുത്തുക]
ഭൂമിയുടെ ഉപരിതലത്തിലുള്ള ഏറ്റവും നീളമേറിയ പർവതനിരയായ ആൻഡീസ്, തെക്കേ അമേരിക്കയിലെ കാലാവസ്ഥയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു.

പർവതനിരകളുടെ സ്ഥാനം മഴയോ മഞ്ഞോ പോലുള്ളവയ്ക്ക് കാരണമാകുകയും കാലാവസ്ഥയെ സ്വാധീനിക്കുകയും ചെയ്യുന്നു. വായു പിണ്ഡം പർവതങ്ങൾക്ക് മുകളിലൂടെ നീങ്ങുമ്പോൾ, വായു തണുക്കുകയും ഓറോഗ്രാഫിക് പ്രെസിപിറ്റേഷൻ (മഴ അല്ലെങ്കിൽ മഞ്ഞ്) ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. വായു ലീവാർഡ് വശത്ത് താഴേക്ക് ഇറങ്ങുമ്പോൾ, അത് വീണ്ടും ചൂടായി (അഡിയബാറ്റിക് ലാപ്‌സ് നിരക്കിനെ തുടർന്ന്) ഈർപ്പം ഏറെക്കുറെ നഷ്ടപ്പെട്ട് വരണ്ടതാവുന്നു. പലപ്പോഴും, ഒരു മഴ നിഴൽ ഒരു പരിധിവരെ ലീവാർഡ് മേഖലയെ ബാധിക്കും.[6] അനന്തരഫലമായി, ആൻഡീസ് പോലുള്ള വലിയ പർവതനിരകൾ ഭൂഖണ്ഡങ്ങളെ പ്രത്യേക കാലാവസ്ഥാ മേഖലകളാക്കി മാറ്റുന്നു.

മണ്ണൊലിപ്പ്

[തിരുത്തുക]

പർവതനിരകൾ നിരന്തരം മണ്ണൊലിപ്പിന് വിധേയമാണ്.

പർവതനിരകളിലെ മണ്ണൊലിപ്പിന്റെ പ്രധാന കാരണം നദികളാണെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. കംപ്യൂട്ടർ സിമുലേഷൻ പഠനങ്ങൾ കാണിക്കുന്നത് പർവത വലയങ്ങൾ ടെക്റ്റോണികലി സജീവമായതിൽ നിന്ന് നിർജ്ജീവമായി മാറുമ്പോൾ, ജലത്തിൽ ഉരച്ചിലുകൾ കുറവായതിനാലും മണ്ണിടിച്ചിലുകൾ കുറവായതിനാലും മണ്ണൊലിപ്പിന്റെ തോത് കുറയുന്നു എന്നാണ്.[7]

അന്യഗ്രഹങ്ങളിലെ "മോണ്ടസ്"

[തിരുത്തുക]
ചന്ദ്രനിലെ മോണ്ടെസ് അപെന്നിനസ് ഒരു ആഘാതത്താൽ രൂപപ്പെട്ടതാണ്.

മറ്റ് ഗ്രഹങ്ങളിലെയും സൗരയൂഥത്തിലെ ചന്ദ്രൻ ഉൾപ്പെടെയുള്ള പ്രകൃതിദത്ത ഉപഗ്രഹങ്ങളിലെയും പർവതങ്ങൾ പലപ്പോഴും ആഘാതങ്ങൾ പോലുള്ള പ്രക്രിയകളാൽ രൂപപ്പെടുന്നു, എന്നിരുന്നാലും ഭൂമിയ്ക്കുപുറത്ത് ഭൂമിയിലുള്ളതിന് സമാനമായ പർവതനിരകളുടെ (അല്ലെങ്കിൽ "മോണ്ടസ്") ഉദാഹരണങ്ങളുണ്ട്. ശനിയുടെ ഉപഗ്രഹമായ ടൈറ്റനിലും [8] പ്ലൂട്ടോയിലും [9] പാറകളേക്കാൾ മഞ്ഞുപാളികൾ ചേർന്ന വലിയ പർവതനിരകൾ കാണാം. ടൈറ്റനിലെ മിത്രിം മോണ്ടസ്, ഡൂം മോൺസ്, പ്ലൂട്ടോയിലെ ടെൻസിംഗ് മോണ്ടസ്, ഹിലാരി മോണ്ടസ് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഭൂമി ഒഴികെയുള്ള മറ്റ് ചില ഭൂസമാന ഗ്രഹങ്ങളിലും പാറക്കെട്ടുകളുള്ള പർവതനിരകൾ കാണാം, ഭൂമിയിലുള്ളതിനേക്കാൾ ഉയരമുള്ള ശുക്രനിലെ മാക്‌സ്‌വെൽ മോണ്ടെസ്,[10] ചൊവ്വയിലെ ടാർട്ടറസ് മോണ്ടെസ് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.[11] വ്യാഴത്തിന്റെ ഉപഗ്രഹമായ അയോയിൽ ബൊസോൾ മോണ്ടസ്, ഡോറിയൻ മോണ്ടസ്, ഹിയാക്ക മോണ്ടസ്, യൂബോയ മോണ്ടസ് എന്നിങ്ങനെ ടെക്റ്റോണിക് പ്രക്രിയകളിൽ നിന്ന് രൂപംകൊണ്ട പർവതനിരകളുണ്ട്.[12]

അവലംബം

[തിരുത്തുക]
  1. "Definition of mountain system". Mindat.org. Hudson Institute of Mineralogy. Retrieved 26 August 2017.
  2. Rosenberg, Matt. "Pacific Ring of Fire". About.com.
  3. Thorpe, Edgar (2012). The Pearson General Knowledge Manual. Pearson Education India. p. A-36.
  4. Chester, Roy (2008). Furnace of Creation, Cradle of Destruction. AMACOM Div American Mgmt Assn. p. 77.
  5. "The mid-ocean ridge is the longest mountain range on Earth". US National Oceanic and Atmospheric Service. 11 Jan 2013.
  6. "Orographic precipitation". Encyclopedia Britannica. Retrieved 23 January 2020.
  7. Egholm, David L.; Knudsen, Mads F.; Sandiford, Mike (2013). "Lifespan of mountain ranges scaled by feedbacks between landslide and erosion by rivers". Nature. 498 (7455): 475–478. Bibcode:2013Natur.498..475E. doi:10.1038/nature12218. PMID 23803847.
  8. Mitri, Giuseppe; Bland, Michael T.; Showman, Adam P.; Radebaugh, Jani; Stiles, Bryan; Lopes, Rosaly M. C.; Lunine, Jonathan I.; Pappalardo, Robert T. (2010). "Mountains on Titan: Modeling and observations". Journal of Geophysical Research. 115 (E10): E10002. Bibcode:2010JGRE..11510002M. doi:10.1029/2010JE003592. ISSN 0148-0227.
  9. Gipson, Lillian (24 July 2015). "New Horizons Discovers Flowing Ices on Pluto". NASA. Retrieved 25 July 2015.
  10. Keep, Myra; Hansen, Vicki L. (1994). "Structural history of Maxwell Montes, Venus: Implications for Venusian mountain belt formation". Journal of Geophysical Research. 99 (E12): 26015. Bibcode:1994JGR....9926015K. doi:10.1029/94JE02636. ISSN 0148-0227.
  11. Plescia, J.B. (2003). "Cerberus Fossae, Elysium, Mars: a source for lava and water". Icarus. 164 (1): 79–95. Bibcode:2003Icar..164...79P. doi:10.1016/S0019-1035(03)00139-8. ISSN 0019-1035.
  12. Jaeger, W. L. (2003). "Orogenic tectonism on Io". Journal of Geophysical Research. 108 (E8): 12–1–12–18. Bibcode:2003JGRE..108.5093J. doi:10.1029/2002JE001946. ISSN 0148-0227.

പുറം കണ്ണികൾ

[തിരുത്തുക]