മിർ ജാഫർ
മിർ ജാഫർ അലി ഖാൻ | |
---|---|
ഷൂജാ ഉൾ മുൾക്, ഹഷീം ഉദ്ദൌള, നവാബ് ജാഫർ അലി ഖാൻ ബഹാദൂർ,മഹാബ്ബത് ജംഗ് , ബംഗാൾ , ബീഹാർ ഒറീസ്സ എന്നിവിടങ്ങളിലെ നവാബ് | |
ഭരണകാലം | 1757–1765 |
പൂർണ്ണനാമം | മിർ മുഹമ്മദ് ജാഫർ അലി ഖാൻ |
ജനനം | 1691 |
മരണം | ഫെബ്രുവരി 5, 1765 |
മുൻഗാമി | സിറാജ് ഉദ്ദൌള |
പിൻഗാമി | മിർ കാസിം, നജീമുദ്ദീൻ അലി ഖാൻ |
മിർ ജാഫർ അലി ഖാൻ (1691–1765) രണ്ടു തവണ ബംഗാളിലെ നവാബായിരുന്നു. ആദ്യം 1757-1760 വരെയും പിന്നീട് 1763 മുതൽ മരണം (1765) വരെയും
ജനനം
[തിരുത്തുക]പിതാവ് അഹമദ് നജാഫി, ഔറംഗസേബിൻറെ മുഖ്യ ന്യായാധിപനായിരുന്ന ഹുസൈൻ നജാഫിയുടെ പുത്രനും, അമ്മ ഔറംഗസേബിൻറെ മൂത്ത സഹോദരൻ ദാരയുടെ പുത്രിയും.
ഉയർച്ച, താഴ്ച്ചകളും
[തിരുത്തുക]മിർ ജാഫർ ബംഗാൾ നവാബ് അലി വർദി ഖാന്റെ സഹോദരി ഷാ ഖാനുമിനെയാണ് വിവാഹം ചെയ്തത്. ധീരസാഹസിക കൃത്യങ്ങളിലൂടെ, ആൺ മക്കളില്ലാതിരുന്ന അലി വർദി ഖാന്റെ വിശ്വാസപാത്രമായിത്തീർന്നു. അലി വർദി ഖാൻ, മിർ ജാഫറിന് “ബക്ഷി ” എന്ന ഉന്നത പദവി നൽകി. എന്നാൽ അധികാര മോഹിയായ മിർ ജാഫർ സൈന്യത്തലവനോടു കൂട്ടു ചേർന്ന് അലി വർദി ഖാനെ വധിക്കാനായി ഗൂഢാലോചന നടത്തി. സംഗതി വെളിച്ചത്തായപ്പോൾ നവാബ് ജാഫറിനേയും കൂട്ടത്തേയും ഉദ്യോഗത്തിൽ നിന്നു പുറത്താക്കി.[1]
അലി വർദി ഖാൻറെ മരണാനന്തരം ദൌഹിത്രൻ സിറാജ് ഉദ് ദൌള ബംഗാൾ നവാബായി സ്ഥാനമേറ്റു. ഗൂഢാലോചനകളുമായി മിർ ജാഫർ വീണ്ടും രംഗപ്രവേശം ചെയ്തു. തന്ത്രപൂർവ്വം ദൌളയുടെ സേനാനായകരിലൊരാളായി.
പ്ലാസ്സി യുദ്ധം
[തിരുത്തുക]സിറാജ് ഉദ് ദൌളയെ വീഴ്ത്താനായുളള ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ശ്രമത്തിൽ മിർ ജാഫർ, ധനാഢ്യനായ അമീർ ചന്ദും ദൌളയുടെ ദിവാൻ റായ് ദുർല്ലഭ് രാമും മറ്റു ചില പ്രമുഖരുമായി ഒത്തു ചേർന്ന് ക്ലൈവിന് സഹായം നൽകാൻ തയ്യാറായി. ഇതിനു പ്രതിഫലമായി കമ്പനി, മിർ ജാഫറിന് നവാബു സ്ഥാനം വാഗ്ദാനം ചെയ്തു. പ്ലാസ്സി യുദ്ധക്കളത്തിൽ നിർണ്ണായക സമയത്ത് മിർ ജാഫറും കൂട്ടരും കാലുമാറി ദൌളയുടെ പരാജയം ഉറപ്പു വരുത്തി.[2]
നവാബു പദവി
[തിരുത്തുക]1757, ജൂൺ മാസം 29ന് മിർ ജാഫർ ബംഗാൾ, ബീഹാർ, ഒറീസ്സ പ്രാന്തങ്ങളുടെ നവാബായി വാഴിക്കപ്പെട്ടു. നന്ദിസൂചകമായി ഈ പ്രാന്തങ്ങളിൽ വ്യാപാരം നടത്താനുളള അനുമതിയും, 17 കോടിയോളം രൂപ യുദ്ധച്ചെലവായും, 24 ഫർഗാനകളുടെ ജന്മിത്തവും കമ്പനിക്കു ലഭിച്ചു. പക്ഷേ ഈ മധുവിധു അധികകാലം നീണ്ടുനിന്നില്ല. ധനത്തിനായുളള കമ്പനിയുടെ അമിതാഗ്രഹം കാരണം പൊറുതിമുട്ടിയ മിർ ജാഫർ രഹസ്യമായി ഡച്ചുകാരുമായി സഖ്യം സ്ഥാപിക്കാനൊരുങ്ങി. സംഗതി മണത്തറിഞ്ഞ ക്ലൈവ്, 1760-ൽ സ്ഥാനത്യാഗം ചെയ്യാൻ മിർ ജാഫറിനെ നിർബ്ബന്ധിതനാക്കി.
പകരം സ്ഥാനമേറ്റ,മിർ ജാഫറിൻറെ പുത്രീഭർത്താവ്, മിർ കാസിം മൂന്നു വർഷമെ ഭരിച്ചുളളു. കമ്പനിയുടെ അപ്രീതിക്കു പാത്രമായി, ബക്സർ യുദ്ധത്തിൽ പരാജിതനായി കാസിം നാടുവിട്ടു. ഒഴിഞ്ഞുകിടക്കുന്ന നവാബു പദവിയിലേക്ക് 25 ജൂലൈ 1763 വീണ്ടും ആനയിക്കപ്പെട്ട മിർ ജാഫർ മരണം വരെ(1765) ഈ സ്ഥാനത്ത് തുടർന്നു.
അവലംബം
[തിരുത്തുക]- Humayun, Mirza (2002). From Plassey to Pakistan. Washington D.C.: University Press of America; Revised edition (July 28, 2002). ISBN 0761823492.
- ↑ Jaques, Tony (2007). Dictionary of Battles and Sieges: A-E. Greenwood Publishing Group. ISBN 9780313335372.
- ↑ Mohammad Shah (2012), "Mir Jafar Ali Khan", in Sirajul Islam and Ahmed A. Jamal (ed.), Banglapedia: National Encyclopedia of Bangladesh (Second ed.), Asiatic Society of Bangladesh