Jump to content

മഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാലാവസ്ഥ
പ്രകൃതി എന്ന പരമ്പരയിൽപ്പെട്ടത്
 
ഋതുക്കൾ

വസന്തം · ഗ്രീഷ്മം
ശരത് · ശൈത്യം

വേനൽക്കാലം
മഴക്കാലം

കൊടുങ്കാറ്റുകൾ

തണ്ടർസ്റ്റോം · ടൊർണേഡോ
ചുഴലിക്കാറ്റ്
Extratropical cyclone
Winter storm · Blizzard
Ice storm

Precipitation

Fog · Drizzle · മഴ
Freezing rain · Ice pellets
ആലിപ്പഴം · ഹിമം · Graupel

വിഷയങ്ങൾ

അന്തരീക്ഷവിജ്ഞാനം
കാലാവസ്ഥാപ്രവചനം
കാലാവസ്ഥ · അന്തരീക്ഷമലിനീകരണം

കാലാവസ്ഥാ കവാടം

സൂര്യന്റെ ചൂടേറ്റ് ഭൗമോപരിതലത്തിലെ ജലം നീരാവിയായിഅന്തരീക്ഷത്തിലേയ്ക്ക് ഉയർന്ന് മേഘങ്ങളാവുന്നു. ഈ മേഘങ്ങൾ ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൗമോപരിതലത്തിൽ പതിക്കുന്നതാണ് മഴ. കൂടുതൽ തണുപ്പുള്ള പ്രദേശങ്ങളിൽ ജലമായിട്ടല്ലാതെഐസായുംമഴയുണ്ടാകാം.ഉഷ്ണമേഖലാപ്രദേശങ്ങളിലുംഅതിനോട്ചേർന്നുകിടക്കുന്നയിടങ്ങളിലും മഴയോടൊപ്പം ചിലസമയത്ത് ഐസ് കഷ്ണങ്ങളും വീഴാം. ഇവയെയാണ് ആലിപ്പഴം എന്നു

മഴയുണ്ടാകുന്നത് എങ്ങനെ എന്നു

[തിരുത്തുക]

അന്തരീക്ഷത്തിലെ ഈർപ്പമുള്ള വായു മുകളിലേക്കുയരുമ്പോൾ വികസിക്കുകയും തൽഫലമായി തണുക്കുകയും ചെയ്യും. തണുക്കുമ്പോൾ ഈർപ്പം ഉൾക്കൊള്ളാനുള്ള വായുവിന്റെ ശേഷി കുറയുന്നു. ഉൾക്കൊള്ളാനാവാതെവരുന്ന നീരാവി ഘനീഭവിച്ച് ജലകണികങ്ങളുണ്ടാകും. ഈ ജലകണികകളുടെ കൂട്ടത്തേയാണ്‌ നമ്മൾ മേഘങ്ങളായി കാണുന്നത്. മേഘങ്ങളിലെ ഇത്തരം ജലകണികകളുടെ വ്യാസം 0.01 മില്ലിമീറ്ററിൽ താഴെ മാത്രമേ വരൂ. അത്ര ചെറിയ കണികകൾ വായുവിൽ നിഷ്‌പ്രയാസം തങ്ങിനിൽക്കും. ഈ കണികകൾ കൂടുതൽ നീരാവി പിടിച്ചെടുത്ത് വലിപ്പം വെക്കാൻ വളരെയധികം സമയമെടുക്കും. മഴത്തുള്ളികളായി ഇവ താഴോട്ടു വീഴണമെങ്കിൽ അവയുടെ വലിപ്പം ഏതാണ്ട് ഒരു മില്ലിമീറ്ററിന്റെ പത്തിലൊന്നെങ്കിലും ആകണം.

ശക്തമായ മഴയത്ത് വീഴുന്ന തുള്ളികൾക്ക് അഞ്ചോ അതിലധികമോ മില്ലിമീറ്റർ വ്യാസമുണ്ടാകാം. വ്യാസം നൂറിരട്ടി ആകണമെങ്കിൽ അതിലടങ്ങിയിരിക്കുന്ന ജലം പത്തുലക്ഷം ഇരട്ടി ആകേണ്ടതുണ്ട്. ഇതെങ്ങനെ സംഭവിക്കാമെന്നു് വിശദീകരിക്കുന്ന സിദ്ധാന്തം ആദ്യമായി മുന്നോട്ടുവച്ചത് വെഗനർ, ബർജറോൺ, ഫിൻഡൈസെൻ എന്നിവരാണ്. ഇത് ബർജറോൺ പ്രക്രിയ, വെഗനർ-ബർജറോൺ-ഫിൻഡൈസെൻ പ്രക്രിയ എന്നീ പേരുകളിൽ അറിയപ്പെടുന്നു. ജലം ഖരാവസ്ഥയിൽ നിലനില്ക്കുന്ന മേഘങ്ങളിൽ മാത്രമെ ഇത് പ്രാവർത്തികമാകൂ, കാരണം ഐസ് തരികളുടെ സാന്നിദ്ധ്യം അതിന് ആവശ്യമാണ്. മിക്ക മേഘങ്ങളിലും ഐസ് തരികളുണ്ടാകും എന്നാണ് കരുതുന്നത്. അങ്ങനെയല്ലാത്ത മേഘങ്ങളിൽ ജലകണങ്ങൾ കൂട്ടിമുട്ടി ഒന്നിച്ചു ചേർന്ന് വലുതാകും എന്നാണ് കരുതുന്നത്. ഇതിന് കൊളിഷൻ-കൊയാലസെൻസ് പ്രക്രിയ (collision-coalescence process) എന്നു പറയുന്നു.

മഴയുടെ തീവ്രത

[തിരുത്തുക]

വളരെ നേരിയതു മുതൽ അതീവ ശക്തമായ മഴ വരെ ഉണ്ടാകാം. മഴയുടെ തീവ്രത അളക്കുന്നത് മി.മീ./മണിക്കൂർ (mm/h) എന്ന ഏകകമുപയോഗിച്ചാണ്. 0.1 mm/h മുതൽ 100 mm/h ലധികം വരെ തീവ്രതയോടെയുള്ള മഴ ഉണ്ടാകാം. സാധാരണഗതിയിൽ ഏറ്റവും തീവ്രത കുറഞ്ഞ മഴയാണ് ഏറ്റവുമധികം നേരം പെയ്യുന്നത്. തീവ്രത കൂടിയ മഴ പെയ്യുന്നത് ക്യുമുലസും ക്യമുലോനിംബസും പോലെ ഉയരമുള്ള മേഘങ്ങളിൽനിന്നാണ്. സ്റ്റ്രാറ്റസും സ്റ്റ്രാറ്റോക്യുമുലസും പോലെയുള്ള പരന്ന മേഘങ്ങളിൽനിന്ന് മണിക്കൂറിൽ 10-15 മില്ലിമീറ്ററിൽ കൂടുതൽ തീവ്രതയുള്ള മഴ ഉണ്ടാകാറില്ല.

മഴയിൽനിന്നു ലഭിക്കുന്ന ജലത്തിന് എന്തു സംഭവിക്കുന്നു എന്ന് തീരുമാനിക്കുന്നതിൽ മഴയുടെ തീവ്രതയ്ക്ക് വലിയ പങ്കുണ്ട്. തീവ്രത കുറഞ്ഞ മഴയിൽനിന്നുള്ള ജലം ഏതാണ്ട് മുഴുവനും തന്നെ മണ്ണിലേക്ക് ഇറങ്ങിച്ചെല്ലുന്നു. എന്നാൽ ശക്തമായ മഴയുള്ളപ്പോൾ ജലത്തിൽ നല്ലൊരു ഭാഗം ഒലിച്ചുപോകാനാണ് സാദ്ധ്യത. മാത്രമല്ല, അത് മേൽമണ്ണിന്റെ ഒരു ഭാഗം എടുത്തുകൊണ്ടു പോകുകയും ചെയ്യുന്നു. അതുകൊണ്ട് ചെടികൾ ധാരാളം ഇല്ലാത്ത ഇടങ്ങളിൽ ശക്തമായ മഴ മണ്ണൊലിപ്പിനു കാരണമാകുന്നു.

മഴയുടെ തീവ്രത (വിഭാഗം തിരിച്ച്)

[തിരുത്തുക]

മഴയെ അതിന്റെ അളവനുസരിച്ച് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം 6 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

1. വളരെ നേരിയ മഴ (Very light rainfall).

മഴ മാപിനിയിൽ 0.1 mm മുതൽ 2.4 mm വരെ രേഖപെടുത്തുന്ന മഴയെയാണ് ഈ വിഭാഗത്തിൽ പെടുത്തുന്നത്.

2. ചാറ്റൽ മഴ (Light rainfall).

2.5 mm മുതൽ 15.5 mm വരെ മഴ മാപിനിയിൽ രേഖപ്പെടുത്തുന്ന മഴയാണിത്.

3. മിതമായ മഴ(Moderate)

15.6 mm മുതൽ 64.4 mm വരെ പെയ്യുന്ന മഴ

4. ശക്തമായ മഴ (Heavy rainfall)

64.5 mm മുതൽ 115.5 mm വരെ മഴ മാപിനിയിൽ രേഖപ്പെടുത്തുന്ന മഴയാണ് heavy rainfall എന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം നിർവചിക്കുന്നത്.

5. അതി ശക്തമായ മഴ (Very heavy rainfall).

115.6 mm മുതൽ 204.4 mm വരെ പെയ്യുന്ന മഴയാണ് very heavy rainfall കാറ്റഗറിയിൽ വരുന്നത്.

6. അതിതീവ്ര മഴ (Etxremely heavy rainfal)

ഏറ്റവും വില്ലനായ ഈ മഴയുടെ അളവ് എന്ന് പറയുന്നത് 204.4 mm മുകളിൽ പെയ്യുന്ന മഴയെന്നാണ്. Flash flood ഉറപ്പിക്കാവുന്ന തരത്തിലുള്ള മഴയാണിത്. 2018 ലെ പ്രളയക്കെടുതിക്ക് കാരണമായത് പലയിടങ്ങളിലും പെയ്ത 300 mm മുതൽ 400 mm വരെ മഴയായിരുന്നു.

ഭാരതത്തിൽ മഴയുടെ വിതരണം

[തിരുത്തുക]

ഭാരത അന്തരീക്ഷ ശാസ്ത്രവകുപ്പ് (En: Indian Metereological Department) മഴയ്ക്കനുസരിച്ച് രാജ്യത്തെ 36 ഉപ്മണ്ഡലങ്ങളായി തിരിച്ചിട്ടുണ്ട്.കേരളവും തമിഴ്നാടും ഓരോഡിവിഷനും ആന്ധ്രപ്രദേശിനും കർണാടകയ്ക്കും മൂന്ന് ഉപമണ്ഡലങ്ങളുണ്ട്.

ഭാരതത്തിൽ വാർഷിക മഴ കൂടുതൽ ലഭിക്കുന്നത് കർണ്ണാടക തീരത്താണ് (വർഷിക ശരാശരി 31`0 സെ. മീറ്റർ). രണ്ടാം സ്ഥാനം കൊങ്കൻ-ഗോവയ്ക്കും (വാർഷിക ശരാശരി 239 സെ. മീറ്റർ) മൂന്നാം സ്ഥാനം കേരളത്തിനുമാണ് (വാർഷിക ശരാശരി 239 സെ. മീറ്റർ). തമിഴ്നാട്ടിൽ ഇത് 91 സെന്റീമീറ്ററാണ്.[1]

കേരളത്തിലെ മഴയുടെ വിതരണം

[തിരുത്തുക]

കേരളത്തിന് മൂന്ന് മഴക്കാലങ്ങളുണ്ട്. ഇടവപ്പാതി, തുലാവർഷം, വേനൽ മഴ.[1]

കേരളത്തിൽ മഴ ലഭിക്കുന്നത് പ്രധാനമായി രണ്ടു കാലങ്ങളിലാണ്. ജൂൺ 1 അടുപ്പിച്ച് ആരംഭിക്കുന്ന മഴക്കാലത്തെ ശാസ്ത്രീയമായി തെക്കുപടിഞ്ഞാറൻ മൺസൂൺ എന്നും മലയാളത്തിൽ കാലവർഷമെന്നും ഇടവപ്പാതി എന്നും മറ്റും വിളിക്കുന്നു. ഈ മഴക്കാലം ഏതാണ്ട് സെപ്റ്റംബർ അവസാനം വരെ നീണ്ടുനിൽക്കുന്നു. തെക്ക് ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിലൂടെ വീശി മധ്യരേഖ കടന്നു തിരിഞ്ഞ് ആഫ്രിക്കൻ തീരത്തുനിന്ന് അറബിക്കടൽ കടന്നു വരുന്ന കാറ്റിൽ ധാരാളം നീരാവി ഉണ്ടായിരിക്കുന്നതുകൊണ്ട് അത് കരയിലെത്തുമ്പോൾ കരപ്രദേശത്തുള്ള നീരാവിയുമായി ചേർന്ന് ധാരാളം മഴ തരുന്നു. കിഴക്കുവശത്ത് പർവ്വതങ്ങളുള്ളതുകൊണ്ട് കേരളത്തിൽ ഈ മേഘങ്ങൾ മുഴുവനും പെയ്ത് തീരുന്നു. കേരളത്തിലെ മഴയുടെ 70 ശത്മാനവും ഇടവപ്പാതിയാണ്.[1]

ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലത്തെ ശാസ്ത്രീയമായി വടക്കുകിഴക്കൻ മൺസൂൺ എന്നും മലയാളത്തിൽ നമ്മൾ തുലാവർഷം എന്നും വിളിക്കുന്നു. മൺസൂണിന്റെ മടക്കയാത്ര എന്നും ഇതിനെ വിളിക്കാറുണ്ട് . ഈ കാലഘട്ടത്തിൽ കേരളത്തിന്റെ തെക്കു ഭാഗങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെങ്കിലും വടക്കൻ ഭാഗങ്ങളിൽ കാര്യമായി മഴ ലഭിക്കാറില്ല. ഉച്ചതിരിഞ്ഞു് ഉണ്ടാകാറുള്ള ഇടിയോടുകൂടിയ മഴയാണ് ഈ കാലത്തിന്റെ ഒരു പ്രത്യേകത

കേരളത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തിരുവനന്തപുരത്താണ് ഇന്ത്യയിൽ ആദ്യമായി കാലവർഷം എത്തുന്നതു്. എന്നാൽ കേരളത്തിൽ ഏറ്റവും കുറച്ചു മഴ ലഭിക്കുന്നത് തെക്കൻ ഭാഗങ്ങളിലാണ്. ദീർഘകാലത്തെ ശരാശരി എടുക്കുമ്പോൾ തിരുവനന്തപുരത്തു് ലഭിക്കുന്നത് പ്രതിവർഷം ഏതാണ്ട് 1800 മില്ലിമീറ്ററാണെന്നു കാണാം. എന്നാൽ വടക്കോട്ടു പോകുംതോറും മഴ കൂടുതൽ ലഭിക്കുന്നു. കണ്ണുരിൽ ശരാശരി പ്രതിവർഷം ലഭിക്കുന്നത് 4000 മില്ലിമീറ്ററാണ്. . ശക്തമായി മഴ പെയ്യുമ്പോഴും ചെറിയ തോതില് മാത്രമാണ് വെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്നത്. കിണറുകളിലെ വെള്ളത്തിന്െറ തോത് വര്ഷംപ്രതി കുറയുകയാണെന്ന് സി.ഡബ്ള്യു.ആര്.ഡി.എം നടത്തിയ പഠനം പറയുന്നു.സംസ്ഥാനത്തെ 45 ലക്ഷത്തോളം കിണറുകളില് 48 ശതമാനം വേനല്ക്കാലത്ത് വറ്റുന്നവയാണ്. സംസ്ഥാനത്ത് ആഗസ്റ്റ് 14 വരെ 37 ശതമാനം വരെ അധിക മഴയാണ് ലഭിച്ചത്. എന്നാല്, മഴയുടെ 50 ശതമാനവും 30- 40 മണിക്കൂര് കൊണ്ട് പെയ്തുതീരുന്നു. ഇതിനാല് വടക്കന് ജില്ലകളില് ഭൂതലത്തില് പതിക്കുന്ന മഴയുടെ 80 ശതമാനവും തെക്കന്ജില്ലകളിലെ 70 ശതമാനവും ഉപരിതല നീരൊഴുക്കായി ഭവിക്കുകയാണ്.

മഴ മുന്നറിയിപ്പുകൾ (കേരളത്തിൽ)

[തിരുത്തുക]

1. പച്ച (Green) : ജാഗ്രത പാലിക്കേണ്ട സാഹചര്യം നിലവിലില്ല.

2. മഞ്ഞ (Yellow) : കാലാവസ്ഥയെ കരുതലോടെ നിരീക്ഷിക്കണം. സാഹചര്യങ്ങൾക്കനുസരിച്ച് അപ്‌ഡേറ്റ് ചെയ്യപ്പെടണം. ഭയപ്പെടേണ്ട സാഹചര്യമില്ല. അപകട സാധ്യത അപ്‌ഡേറ്റ് ചെയ്യപ്പെടുന്നതനുസരിച്ച് മുന്നൊരുക്കങ്ങൾ നടത്താം.

3. ഓറഞ്ച് (Orange) : അതീവ ജാഗ്രത മുന്നറിയിപ്പ്. സുരക്ഷാ തയ്യാറെടുപ്പുകൾ തുടങ്ങണം. വൾനറബിൾ പ്രദേശങ്ങളിൽ താമസിക്കുന്നവർ എമർജൻസി കിറ്റ് ഉൾപ്പെടെ തയ്യാറാക്കി അവസാനഘട്ട തയ്യാറെടുപ്പും പൂർത്തീകരിച്ചു ഒരു ആക്ഷന് തയ്യാറായി നിൽക്കണം. മാറ്റി താമസിപ്പിക്കൽ ഉൾപ്പെടെ അധികൃതർ ആരംഭിക്കേണ്ടതൊ അതിന് വേണ്ട മുന്നൊരുക്കങ്ങൾ പൂർത്തിയാക്കേണ്ടതോ ആയ ഘട്ടം. രക്ഷാ സേനകളോട് തയ്യാറെടുക്കാൻ ആവശ്യപ്പെടും.

4. റെഡ് (Red)  : കർശന സുരക്ഷ നടപടി സ്വീകരിക്കേണ്ട ഘട്ടം. ആവശ്യമെങ്കിൽ മാറി താമസിക്കാൻ തയ്യാറാവാത്തവരെ ഫോഴ്‌സ് ഉപയോഗിച്ച് കൊണ്ട് പോലീസിനും ഭരണകൂടത്തിനും മാറ്റാൻ നിർദ്ദേശം നൽകപ്പെടുന്ന സമയം. രക്ഷാ സേനകളെ വിന്യസിക്കും. ക്യാമ്പുകൾ ആരംഭിക്കുക തുടങ്ങിയ എല്ലാ വിധ നടപടിക്രമങ്ങളും പൂർത്തീകരിക്കേണ്ട അപകട സൂചനയുള്ള സമയം പുറപ്പെടുവിക്കുന്ന അലെർട് ആണിത്.

ഇതിൽ റെഡ് അലെർട്ട് ഒഴികെയുള്ള അലെർട്ടുകളെ ഭീതിയോടെ കാണേണ്ടതില്ല. എന്നിരുന്നാലും യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു കഴിഞ്ഞാൽ കരുതലും ജാഗ്രതയും പ്രധാനമാണ്. കേരളത്തിന്റെ ഭൂമിശാസ്ത്ര, സാമൂഹിക ഘടന പരിശോധിക്കുമ്പോൾ ചിലപ്പോൾ യെല്ലോ അലർട്ടും അപകടകരമായ സാഹചര്യമാവാൻ സാധ്യതയുണ്ട്.

വിചിത്രമഴ

[തിരുത്തുക]

മത്സ്യവും മറ്റും ആകാശത്തുനിന്ന് മഴപോലെ വീണതായി റിപ്പോർട്ടുകളുണ്ട് . കടലിൽനിന്ന് ടൊർണാഡോ പോലുള്ള പ്രതിഭാസങ്ങൾ ജലത്തോടൊപ്പം ഉയർത്തിയെടുത്ത വസ്തുക്കളാണ് ഇതെന്നു കരുതപ്പെടുന്നു. കുടെയുള്ള ജലം വറ്റിപ്പോയശേഷം അവശേഷിക്കുന്ന മത്സ്യവും മറ്റുമാണ് ഇങ്ങനെ വീഴുന്നതു്.

ഏതാനും വർഷം മുമ്പ് കേരളത്തിൽ പല നിറങ്ങളിൽ മഴ പെയ്തത് ആഗോളതലത്തിൽ തന്നെ കൗതുക വാർത്തയായി തീർന്നിരുന്നു. ഒരുതരം സൂക്ഷ്മ ജീവിയുടെ സാന്നിദ്ധ്യമാണ് നിറത്തിനു കാരണം എന്നാണ് കണ്ടെത്തിയതു്. പക്ഷെ അതെങ്ങനെ മഴവെള്ളത്തിൽ വന്നുവെന്നോ എവിടെ നിന്നാണ് ഈ വസ്തുക്കൾ വന്നതെന്നോ ഇതുവരെ മനസ്സിലായിട്ടില്ല.

മഴക്കാടുകൾ

[തിരുത്തുക]
ഇതും കാണുക: മഴക്കാട്

വളരെയധികം മഴ ലഭിക്കുന്ന വനങ്ങളെയാണ് മഴക്കാടുകൾ എന്നു പറയുന്നത്. സാധാരണ ഒരു വർഷത്തിൽ 1750 മി.മീ.-ൽ കൂടുതൽ മഴ ലഭിക്കുന്ന വനങ്ങളെ മഴക്കാടുകൾ എന്നു പറയാം.ഭൂമിയിലെ മൂന്നിൽ രണ്ട് ഭാഗം സസ്യങ്ങളും ജന്തുക്കളും ജീവിക്കുന്നതു മഴക്കാടുകളിലാണ്‌. വണ്ണം കുറഞ്ഞ തായ്ത്തടി ഉള്ള വൃക്ഷങ്ങളാണ്‌ മഴക്കാടുകളിൽ പ്രധാനമായും ഉള്ളത്. ഇവയുടെ ഏറ്റവും മുകളിലായ് ശിഖരങ്ങൾ കാണപ്പെടുന്നു. എന്നാൽ പന അതുപോലെയുള്ള മരങ്ങളും വാഴ പോലെയുള്ള ചെറിയ സസ്യങ്ങളും മഴക്കാടുകളിൽ വളരുന്നു. അപൂർവ്വങ്ങളായ സസ്യങ്ങളും ജന്തുക്കളും ഏറ്റവും കൂടുതൽ കാണപ്പെടുന്നതും മഴക്കാടുകളിലാണ്‌.

മഴക്കാല വിനോദങ്ങൾ

[തിരുത്തുക]
മഴ
പെനിസിൽ‌വാനിയയിലെ മഴയുടെ വീഡിയോ ദൃശ്യങ്ങൾ

കേരളത്തിലെ‍ മഴക്കാലം വിനോദങ്ങളിലൊന്നാണ് പാണ്ടി കെട്ടുക[അവലംബം ആവശ്യമാണ്]. വാഴയുടെ തടി ഉപയോഗിച്ച് ചെറിയ പൂള കൂമ്പുകളും കൂട്ടിയാണ് ഇത് നിർമ്മിക്കുന്നത്‍.

ഇതും കാണുക

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 മഴ ലഭ്യതയും ജലദൌർലഭ്യവും, പി.എസ്. ബിജു-ജനപഥം മസിക, ഏപ്രിൽ 2013

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മഴ&oldid=4121302" എന്ന താളിൽനിന്ന് ശേഖരിച്ചത്