ചന്ദനക്കാംപാറ
ചന്ദനക്കാംപാറ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ |
ഏറ്റവും അടുത്ത നഗരം | പയ്യാവൂർ |
ലോകസഭാ മണ്ഡലം | കണ്ണൂർ |
നിയമസഭാ മണ്ഡലം | ഇരിക്കൂർ |
സമയമേഖല | IST (UTC+5:30) |
12°6′43″N 75°36′31″E / 12.11194°N 75.60861°E കണ്ണൂർ ജില്ലയിൽ പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ മലയോര കുടിയേറ്റഗ്രാമമാണ് ചന്ദനക്കാംപാറ. മാവുംതോട്, ചാപ്പക്കടവ്, ഏറ്റുപാറ, പാടാംകവല, ഷിമൊഗനഗർ, നറുക്കുംചീത്ത, ആടാംപാറ, വഞ്ചിയം, പുളിമരംചീത്ത, ചന്ദനഗിരി, ചീത്തപ്പാറ തുടങ്ങിയ ചെറു പ്രദേശങ്ങൾ ചേരുന്നതാണ് ചന്ദനക്കാംപാറ .പ്രധാനമായും കാർഷികവൃത്തിയെ ആശ്രയിക്കുന്ന ഈ ഗ്രാമത്തിൽ റബർ, തെങ്ങ്,കവുങ്ങ്,കശുമാവ്,കുരുമുളക്,ജാതി, കൊക്കോ മുതലായവ കൃഷി ചെയ്യുന്നു.
കുടിയേറ്റ ചരിത്രം
[തിരുത്തുക]രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് തിരുവതാംകൂറിൽ ഉണ്ടായ ക്ഷാമവും മക്കൾക്ക് ഭാഗം നൽകുവാനുള്ള സ്ഥലത്തിൻറെ ലഭ്യതക്കുറവുമാണ് തിരുവതാംകൂറിലുള്ളവരെ കുടിയേറ്റത്തിനു പ്രേരിപ്പിച്ചത്. മലബാറിലെ സ്ഥലത്തിൻറെ വിലക്കുറവും ഫലഭൂയിഷ്ടതയും അവരെ ഇവിടേക്ക് ആകർഷിച്ചു.
കുടിയേറ്റം ആരംഭിക്കുന്നതിനു മുൻപ് കാട്ടുമൃഗങ്ങൾ നിറഞ്ഞ വനപ്രദേശമായിരുന്നു ചന്ദനക്കാംപാറ. 1947-ൽ തൊടുപുഴ താലൂക്കിൽ അറക്കുളം ദേശത്ത് നിന്നും വന്ന അബ്രഹാം മാരിപ്പുറത്ത് എന്ന കുഞ്ഞേട്ടൻ ജന്മിയായിരുന്ന കരക്കാട്ടിടത്തിൽ ഉണ്ണുമ്മൻ നായനാരോട് ഏക്കർ ഒന്നിന് 20 രൂപ തോതിൽ സ്ഥലം വാങ്ങിയതാണ് ഈ പ്രദേശത്തെ ആദ്യ കുടിയേറ്റം. അതേ വർഷം തന്നെ ജോസഫ് കല്ലേക്കാവുങ്കൽ, ചാപ്പക്കടവ് ഭാഗത്ത് സ്ഥലം വാങ്ങിയെങ്കിലും കാട്ടാന ശല്യം മൂലം പിന്നീട് പൈസക്കരിയിലേക്ക് താമസം മാറി.പിന്നീട് പുതിയാപറമ്പിൽ ദേവസ്യ,മുരിക്കനോലിക്കൽ വർക്കിയും ആഗസ്തിയും, കണിയാംകുന്നേൽ മത്തായി, കളരിക്കൽ മത്തായിയും കുഞ്ഞൂഞ്ഞും, വെട്ടത്ത് കുഞ്ഞ് എന്നിവർ ഇവിടേക്ക് വന്നു. ഇവരെ പിന്തുടർന്ന് വരിക്കമാക്കൽ തൊമ്മനും ദേവസ്യയും , കൊച്ചുകൈപ്പേൽ കുര്യനും തോമസും, കലയത്താങ്കൽ തൊമ്മൻ, പിണക്കാട്ട് വർക്കി,ഈന്തോട്ടത്തിൽ ജോസഫ്, ചിലമ്പിക്കുന്നേൽ ആഗസ്തിയും ജോസഫും, പാമ്പാറയിൽ മൈക്കിളും മത്തായിയും, പാട്ടത്തിൽ ആഗസ്തി, കളപ്പുരക്കൽ മത്തായി, തൂനാട്ട് മത്തായി,പുത്തൻപുരയ്ക്കൽ കുഞ്ഞൂഞ്ഞ് എന്നിവർ ഇവിടെ സ്ഥലം വാങ്ങി താമസമാക്കി.[1]
കുടിയേറ്റ കാലഘട്ടത്തിൽ തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്കുള്ള യാത്ര വളരെ ക്ലേശകരമായിരുന്നു. ആലുവയിൽ നിന്നും തീവണ്ടി കയറി ഷൊർണ്ണൂരിൽ ഇറങ്ങി അവിടെ നിന്നും മറ്റൊരു തീവണ്ടിയിൽ കണ്ണൂര് വന്നിറങ്ങണം. അവിടെനിന്നും ബസിൽ കയറി വളപട്ടണത്ത് ഇറങ്ങി ബോട്ടിൽ കയറി ചെങ്ങളായിയിൽ ഇറങ്ങണം .അന്നത്തെ പ്രധാന അങ്ങാടിയായിരുന്നു ചെങ്ങളായി. അവിടെ നിന്നും സാധനങ്ങൾ വാങ്ങി 22 കിലോമീറ്റർ നടന്ന് ചന്ദനക്കാംപാറയിൽ എത്തണമായിരുന്നു.
കപ്പ, നെല്ല്, തുവര, പുൽത്തൈലം, കുരുമുളക് എന്നിവയായിരുന്നു ആദ്യകാല കൃഷികൾ.
രണ്ടാം കുടിയേറ്റം
[തിരുത്തുക]1966-ൽ അന്നത്തെ കർണ്ണാടക സർക്കാർ ഷിമോഗയിൽ കുടിയേറിയിരുന്ന മലയാളികളെ അനധികൃത കുടിയേറ്റമാരോപിച്ച് അവിടെ നിന്നും കുടിയിറക്കി. കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുവാനായി തലശ്ശേരി രൂപതയുടെ അന്നത്തെ മെത്രാനായിരുന്ന സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽ ചന്ദനക്കാംപാറയിൽ 500 ഏക്കർ സ്ഥലം വാങ്ങി ഒരു കുടുംബത്തിനു 2 ഏക്കർ വീതം നൽകി. ഇന്നു ഈ പ്രദേശം ഷിമോഗ നഗർ എന്നറിയപ്പെടുന്നു..[2]
പൊതുസ്ഥാപനങ്ങൾ
[തിരുത്തുക]ആരാധനാലയങ്ങൾ
[തിരുത്തുക]ചെറുപുഷ്പം ദേവാലയം
[തിരുത്തുക]1960ൽ സ്ഥാപിതമായ ചെറുപുഷ്പം ദേവാലയം നഗരമധ്യത്തിൽ തന്നെയാണ്.ഈ ഇടവകയിൽ ഏകദേശം 725 കത്തോലിക്ക കുടുംബങ്ങളുണ്ട്.ചന്ദനഗിരി(വി.യൂദാ ശ്ലീഹാ),ഷിമോഗ നഗർ (വി. യൗസേപ്പ്)പാടാംകവല(വി.മദർതെരെസ)എന്നിവിടങ്ങളിൽ കുരിശുപളളികൾ സ്ഥാപിച്ചിരിക്കുന്നു.
|
ലൂർദ്ദ്ഗിരി മഠം
[തിരുത്തുക]മിഷനറി സിസ്റ്റെർസ് ഓഫ് മേരി ഇമ്മാക്കുലറ്റിനാൽ 1966ൽ സ്ഥാപിക്കപ്പെട്ട് നടത്തപ്പെടുന്ന ഈ മഠം ചന്ദനക്കാംപാറ ഷിമൊഗനഗർ വഴിയിൽ ഏകദേശം 500 മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
ജുമാ മസ്ജിദ്
[തിരുത്തുക]മാവുംതോട് ചന്തയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു..
ശ്രീ ധർമശാസ്താ ക്ഷേത്രം
[തിരുത്തുക]മാവുംതോട്-ചാപ്പക്കടവ് വഴിയരികിൽ സ്ഥിതി ചെയ്യുന്നു.
വിദ്യാലയങ്ങൾ
[തിരുത്തുക]ചെറുപുഷ്പം എൽ.പി.സ്കൂൾ
[തിരുത്തുക]1957 ജൂൺ പതിനേഴാം തിയതി 52 കുട്ടികളും ഒരു അധ്യാപകനുമായി ആരംഭിച്ച സ്കൂളിൻറെ ഉദ്ഘാടനകർമ്മം തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽ നിർവ്വഹിച്ചു. ജന്മിയായിരുന്ന കരക്കാട്ടിടത്തിൽ ഉന്നുമ്മൻ നായനാർ സ്കൂളിനായി ഒരേക്കർ സ്ഥലം നൽകി. സ്കൂളിനായി നിർമ്മിക്കപ്പെട്ട പ്രഥമ സ്ഥിരം കെട്ടിടത്തിന്റെ ഉദ്ഘാടനകർമ്മം 1960 ആഗസ്റ്റ് 15ന് നടന്നു. 1967ൽ സ്കൂളിന് സ്ഥിരാംഗീകാരം ലഭിച്ചു.[3]
ചെറുപുഷ്പം യു.പി.സ്കൂൾ
[തിരുത്തുക]ചന്ദനക്കാംപാറയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ വർദ്ധിച്ചുവരുന്ന വിദ്യാഭ്യാസ ആവശ്യങ്ങൾ കണക്കിലെടുത്ത് 1976- ൽ അന്നത്തെ ഇരിക്കൂർ എം.എൽ.എ.യായിരുന്ന ശ്രീ.സി.പി.ഗോവിന്ദൻ നമ്പ്യാരുടെ പരിശ്രമ ഫലമായി അന്നത്തെ ഇടവക വികാരിയായിരുന്ന ഫാ.ഫ്രാൻസിസ് കള്ളികാട്ടിന്റെ പേരിൽ ചന്ദനക്കാംപാറയിൽ യു.പി.സ്കൂൾ അനുവദിക്കപ്പെട്ടു. 1976 ജൂൺ പതിനൊന്നാം തിയതി അഞ്ചാം ക്ലാസ് പ്രവർത്തനം ആരംഭിച്ചു. 1977-ൽ ആറാം ക്ലാസ്സിനായി 60 അടി കെട്ടിടവും 1978-ൽ എഴാം ക്ലാസ്സിനായി 80 അടി കെട്ടിടവും നിർമ്മിക്കപ്പെട്ടു. 1978-ൽ യു.പി.സ്കൂൾ നിലവിൽ വന്നു.1994-ൽ അന്നത്തെ സ്കൂൾ മാനേജരായിരുന്നഫാ.ലോറൻസ് മുക്കുഴിയുടെ നേതൃത്വത്തിൽ ഇന്നു ഉപയോഗത്തിലിരിക്കുന്ന കെട്ടിടം നിർമ്മിച്ചു. [4]
ചെറുപുഷ്പം ഹൈസ്കൂൾ
[തിരുത്തുക]1982-ൽ അന്നത്തെ ഇടവക വികാരിയായിരുന്ന ഫാ.ജോസഫ് മുരിയൻവേലിലിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ പരിശ്രമഫലമായി ചന്ദനക്കാംപാറയിൽ ഹൈസ്കൂൾ അനുവദിക്കപ്പെട്ടു..[5]
പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികവു പുലർത്തുന്ന ഹൈസ്കൂൾ ബാസ്ക്കറ്റ്ബോൾ പരിശീലന രംഗത്ത് പ്രശസ്തമാണ്.
- ബാസ്കറ്റ് ബോൾ പരിശീലനം
1984ൽ സ്കൂൾ മാനേജർ ആയിരുന്ന ഫാ.ജോസഫ് മുരിയൻവേലിലിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ബാസ്കറ്റ് ബോൾ പരിശീലനം ആരംഭിച്ചു .ഇവിടെ നിന്നും പരിശീലനം ലഭിച്ച ധാരാളം പേർ റെയിൽവേ,കരസേന, നാവികസേന,ബി.എസ്.എൻ.എൽ.,കേരള വിദ്യുച്ഛക്തി വകുപ്പ് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നു.1994ൽ അന്നത്തെ വികാരിയായിരുന്ന ഫാ.ലോറൻസ് മുക്കുഴിയുടെ നേതൃത്വത്തിൽ കോൺക്രീറ്റ് കളിക്കളം നിർമ്മിച്ചു.1984 മുതൽ അഖില കേരള ബാസ്കറ്റ് ബോൾ മത്സരം മുടങ്ങാതെ നടത്തി വരുന്നു.ഇപ്പോൾ ഇത് ദക്ഷിണേന്ത്യ തലത്തിൽ സംഘടിക്കപ്പെടുന്നു.[6]
ചെറുപുഷ്പം ഹയർസെക്കൻഡറി സ്കൂൾ
[തിരുത്തുക]2002 ആഗസ്റ്റ് 5ന് ആരംഭിച്ച ഹയർസെക്കൻഡറി സ്കൂൾ സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്നു.ഇവിടെ സയൻസ്,കൊമേഴ്സ് വിഷയങ്ങൾ പഠിപ്പിക്കപ്പെടുന്നു..[7]
ബാങ്കുകൾ
[തിരുത്തുക]- സിൻഡിക്കേറ്റ് ബാങ്ക്
- പയ്യാവൂർ സഹകരണ ബാങ്ക്
തപാൽ ഓഫീസ്
[തിരുത്തുക]ചന്തയ്ക്കും ഹൈസ്കൂളിനും മധ്യത്തിൽ വഴിയരികിൽ സ്ഥിതി ചെയ്യുന്നു.
പ്രാഥമികാരോഗ്യകേന്ദ്രം
[തിരുത്തുക]മാവുംതോട് പയ്യാവൂർ വീഥിയിൽ മാവുംതോട് ചന്തയ്ക്ക് സമീപം വഴിയരികിൽ സ്ഥിതി ചെയ്യുന്നു. ജനങ്ങളുടെ സംഭാവനയും എം.പി. ഫണ്ടും ഉപയോഗിച്ച് 2002-ൽ നിർമിച്ച കെട്ടിടത്തിലാണ് ആസ്പത്രി പ്രവർത്തിക്കുന്നത്.കിടത്തിച്ചികിത്സയ്ക്കായി നിർമിച്ച കെട്ടിടം 2005 ജൂൺ ഏഴിന് എ.പി.അബ്ദുള്ളക്കുട്ടി എം.പി. ഉദ്ഘാടനം ചെയ്തു.കിടത്തിച്ചികിത്സ ഇനിയും ആരംഭിച്ചിട്ടില്ല.
അവലംബം
[തിരുത്തുക]- ↑ ചെറുപുഷ്പ ദേവാലയം ചന്ദനക്കാംപാറ സുവർണ്ണ ജൂബിലി സ്മരണിക 2011,പുറം 49
- ↑ ചെറുപുഷ്പ ദേവാലയം ചന്ദനക്കാംപാറ സുവർണ്ണ ജൂബിലി സ്മരണിക 2011,പുറം 50
- ↑ ചെറുപുഷ്പ ദേവാലയം ചന്ദനക്കാംപാറ സുവർണ്ണ ജൂബിലി സ്മരണിക 2011,പുറങ്ങൾ 145-147
- ↑ ചെറുപുഷ്പ ദേവാലയം ചന്ദനക്കാംപാറ സുവർണ്ണ ജൂബിലി സ്മരണിക 2011,പുറങ്ങൾ 148-149
- ↑ ചെറുപുഷ്പ ദേവാലയം ചന്ദനക്കാംപാറ സുവർണ്ണ ജൂബിലി സ്മരണിക 2011,പുറം 150
- ↑ http://www.thejasnews.com/index.jsp?tp=det&det=yes&news_id=201003102013020310[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ചെറുപുഷ്പ ദേവാലയം ചന്ദനക്കാംപാറ സുവർണ്ണ ജൂബിലി സ്മരണിക 2011,പുറം 153